അടൂര്‍: സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ചമഞ്ഞ് എംടെക്ക് പാസായ യുവതിയില്‍ നിന്ന് വീടും സ്ഥലവും വാങ്ങി കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയെടുത്ത ടാപ്പിങ് തൊഴിലാളി അറസ്റ്റില്‍. കൊട്ടാരക്കര ഉമ്മന്നൂര്‍ വാളകം പൊയ്ക വിളയില്‍ ആര്‍.സുരേഷ് കുമാറി(49) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

സാമൂഹിക മാധ്യമം വഴി അനൂപ് ജി. പിള്ള എന്ന പേരില്‍ വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ചാണ് സുരേഷ് കുമാര്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. തിരുവനന്തപുരം കവടിയാറുള്ള സ്വകാര്യ കമ്പനിയാലാണ് ജോലി എന്നാണ് യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. തുടര്‍ന്ന് തിരുവനന്തപുരം ഭാഗത്ത് ലാഭത്തില്‍ വീടും സ്ഥലവും വാങ്ങിത്തരാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചു. പല വീടുകളുടേയും ചിത്രങ്ങള്‍ ഇയാള്‍ യുവതിക്ക് ഇട്ട് നല്‍കി.

തുടര്‍ന്ന് വീടിന് അഡ്വാന്‍സ് നല്‍കാനെന്ന പേരില്‍ പണം ആവശ്യപ്പെട്ടു. തന്റെ ബാങ്ക് അക്കൗണ്ടിന് ചില പ്രശ്നങ്ങളുണ്ടെന്നും അതിനാല്‍ വീട്ടിലെ റബര്‍ ടാപ്പിങ് തൊഴിലാളിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ഇടാനും ആവശ്യപ്പെട്ടു. ആദ്യം 25,000 രൂപ യുവതി അയച്ചു. പിന്നീട് പലപ്പോഴായി 15 ലക്ഷം രൂപ ഇയാള്‍ യുവതിയില്‍ നിന്നും വാങ്ങിയതായി പോലീസ് പറയുന്നു. പിന്നീട് ഇയാളെ ബന്ധപ്പെടാന്‍ യുവതി ശ്രമിച്ചപ്പോള്‍ സാധിക്കാതെ വന്നു.

ഇതോടെ യുവതി വീട്ടുകാരുടെ സഹായത്തോടെ കവടിയാറില്‍ എത്തി അനൂപ് ജി. പിള്ള എന്ന പേരിലുള്ള ആളിനെ തിരക്കിയെങ്കിലും ഇങ്ങനെ ഒരാള്‍ ഇല്ല എന്ന് ബോധ്യമായി. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഡിവൈ.എസ്.പി ജി. സന്തോഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍ അടൂര്‍ എസ്.എച്ച്.ഓ.ശ്യാം മുരളി, എസ്.ഐമാരായ എ. അനീഷ്, കെ.എസ്.ധന്യ, സുരേഷ് കുമാര്‍, എ.എസ്.ഐ രാജേഷ് ചെറിയാന്‍, സി.പി.ഒ.രതീഷ് എന്നിവര്‍ അറസ്റ്റിന് നേതൃത്വം നല്‍കി. സുരേഷ് കുമാര്‍ കൂടുതല്‍ പേരെ കബളിപ്പിച്ചിട്ടുണ്ടോ എന്നറിയാന്‍ ഇയാളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായ അന്വേഷണം നടത്തണമെന്ന് പോലീസ് അറിയിച്ചു.