കൊച്ചി: എന്‍സിസി ക്യാമ്പിനിടെ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. തൃക്കാക്കര കെഎംഎം കോളജില്‍ ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കാണ് ശാരീരിക ബുദ്ധമുട്ടുകളുണ്ടായത്. അന്‍പതിലധികം വിദ്യാര്‍ഥികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച ഉച്ചഭക്ഷണത്തിനുശേഷമാണ് കൂടുതല്‍ പേര്‍ക്ക് അസ്വസ്ഥത തുടങ്ങിയതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. വൈകിട്ടോടെ ഒട്ടേറെ പേര്‍ ക്ഷീണിതരായി തളര്‍ന്നുവീണു. പൊലീസ് വാഹനങ്ങളിലും ആംബുലന്‍സുകളിലുമായാണ് വിദ്യാര്‍ഥികളെ ആശുപത്രികളിലേക്ക് മാറ്റിയത്.

കൂടുതല്‍ പേര്‍ക്കും കഠിനമായ വയറുവേദനയാണ്. ചിലര്‍ക്കു ഛര്‍ദ്ദിയും വയറിളക്കവും അനുഭവപെട്ടു. രാത്രിയോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 48 പേരെ പ്രവേശിപ്പിച്ചു. സണ്‍റൈസ് ആശുപത്രിയില്‍ 7 പേരും ബിആന്‍ഡ്ബി ആശുപതിയില്‍ 2 പേരുമുണ്ട്. ഈ മാസം 20നാണ് ക്യാംപ് തുടങ്ങിയത്. ഞായറാഴ്ചയും ഏതാനും പേര്‍ക്ക് അസ്വസ്ഥതയുണ്ടായതായി കേഡറ്റുകള്‍ പറഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് ഊണിന് മീന്‍കറിയും മോരുമുണ്ടായിരുന്നു. ഇതു കഴിച്ചതിനുശേഷമാണ് അസുഖം ഉണ്ടായതെന്ന് പറയപ്പെടുന്നു. ക്യാംപിലാകെ 518 പേരാണ് ഉള്ളത്.