അങ്കമാലി: അങ്കമാലി എല്‍.എഫ് ആശുപത്രി ചര്‍ച്ച വിജയിച്ചു. പുറത്താക്കപ്പെട്ട മുഴുവന്‍ കരാര്‍ തൊഴിലാളികളെയും തിരിച്ചെടുക്കും. രണ്ടാഴ്ചക്കുള്ളില്‍ 26 തൊഴിലാളികളെ തിരികെ അറ്റന്‍ഡര്‍മാര്‍ ആയും, ശേഷിക്കുന്ന 27 പേരെ 3 മാസത്തിനുള്ളില്‍ എന്‍ വിഷന്‍ കമ്പനിക്ക് കീഴില്‍ അറ്റന്‍ഡര്‍മാരായി നിയമിക്കും. ആ 3 മാസം വരെ എല്‍എഫി ലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റില്‍ ആവശ്യത്തിനനുസരിച്ച് ജോലി നല്‍കും.

12 മണിക്കൂര്‍ നീണ്ടു നിന്ന മാരത്തോണ്‍ ചര്‍ച്ചയ്‌ക്കൊടുവിലാണ് വിജയം. 8 മണിക്കൂര്‍ തൊഴില്‍ എന്ന നഴ്‌സിംഗ് ഇതര ജീവനക്കാരുടെ ആവശ്യവും അംഗീകരിച്ചു. സ്റ്റാറ്റിയൂട്ടറി ബെനഫിറ്റുകള്‍ മുഴുവന്‍ ജീവനക്കാര്‍ക്കും. രോഗി: നഴ്‌സ് അനുപാതവും അംഗീകരിച്ചു. നഴ്‌സുമാര്‍ മുന്നോട്ട് വെച്ച 30 ഓളം ആവശ്യങ്ങളില്‍ 14 എണ്ണം അംഗീകരിക്കുകയും, ബാക്കിയുള്ളവ നവംബര്‍ 5ന് ചര്‍ച്ച ചെയ്ത് പരിഹരിക്കുകയും ചെയ്യും.

രാവിലെ 10 മുതല്‍ രാത്രി 10 വരെ മാരത്തോണ്‍ ചര്‍ച്ച നയിക്കുകയും നിര്‍ണ്ണായക ഇടപെടലിലൂടെ സമവായം ഉണ്ടാക്കിയതും ജില്ലാ ലേബര്‍ ഓഫീസര്‍ ജോവിന്‍ തോമസും അങ്കമാലി അസിസ്റ്റന്റ് ലേബര്‍ ഓഫീസറുമാണ്.ഇതോടെ, നാളെ നടത്താന്‍ തീരുമാനിച്ച പ്രതിഷേധ പ്രകടനം പിന്‍വലിച്ചതായി യുഎന്‍എ നേതാവ് ജാസ്മിന്‍ ഷാ അറിയിച്ചു.