തിരുവനന്തപുരം: ടൂറിസം മേഖലയ്ക്ക് കുതിപ്പേകാന്‍ ടുലീഹോയും എംഡബ്ള്യു മാഗസിനും ചേര്‍ന്ന് കണ്ടെത്തിയ ഇന്ത്യയിലെ മികച്ച ബാറുകളില്‍ കേരളത്തില്‍നിന്ന് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയുടെ ദി ഐവറി ക്ലബ്ബ് ഇടംനേടി. 'ബെസ്റ്റ് വര്‍ക്ക് ഇന്‍ സസ്റ്റെയ്നബിലിറ്റി' പുരസ്‌കാരമാണ് ദി ഐവറി ക്ലബ്ബിനു ലഭിച്ചത്. നറുനീണ്ടി പോലുള്ള സുസ്ഥിര ഉല്‍പന്നങ്ങളുടെ ഫലവത്തായ ഉപയോഗമാണ് ഐവറി ക്ലബ്ബിന് പുരസ്‌ക്കാരപ്പട്ടികയില്‍ ഇടംനേടിക്കൊടുത്തത്. കേരളത്തില്‍നിന്ന് ദി ഐവറി ക്ലബ്ബ് മാത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. കോഫി ടെസ്റ്റിംഗ്, ടീ ടെസ്റ്റിംഗ് ഒക്കെപ്പോലെ ബിവറേജ് ടെസ്റ്റിംഗും ലോകത്ത് വളര്‍ന്നുവരുന്ന പുതിയൊരു രീതിയാണ്. അതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്‌കാരമാണ് ഐവറി ക്ലബ്ബിന് ലഭിച്ചത്.





ബിവറേജ് എഡ്യൂക്കേഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുകയും ബിവറേജ് ടെസ്റ്റിംഗ് ഉള്‍പ്പെടെയുള്ള മേഖലയില്‍ പ്രവര്‍ത്തിക്കുകയും സ്ഥാപനമാണ് ടുലീഹോ. രാജ്യത്തെ മികച്ച ബാറുകളുടെ വിവിധ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി പട്ടികപ്പെടുത്തുകയാണ് ഇവര്‍ ചെയ്യുന്നത്. ലോക ടൂറിസം മേഖലയില്‍ ഏറെ അംഗീകരിക്കപ്പെട്ടിട്ടുള്ള ഒന്നാണ് '30 ബെസ്റ്റ് ബാര്‍സ് ഇന്‍ ഇന്‍ഡ്യ' എന്ന പട്ടികയും ഇവരുടെ ഇരുപതിലധികം വരുന്ന പുരസ്‌കാരങ്ങളും. ബാര്‍ ഉപഭോക്താക്കള്‍, കോക്ടെയില്‍ വിദഗ്ധര്‍, വ്യവസായ രംഗത്തെ പ്രമുഖര്‍ എന്നിങ്ങനെ വിവിധ മേഖലകളിലെ മുന്നൂറോളംപേര്‍ അടങ്ങുന്ന ജൂറിയാണ് അന്തിമ തെരഞ്ഞെടുപ്പ് നടത്തുന്നത്.