പന്തളം: സിസിടിവി കാമറയില്‍ കുടുങ്ങിയ സ്‌കൂട്ടര്‍ മോഷ്ടാവിനെ രണ്ടു മാസത്തിന് ശേഷം അറസ്റ്റ് ചെയ്ത് പോലീസ്. സ്‌കൂട്ടര്‍, സൈക്കിള്‍ എന്നിവയുടെ മോഷണം പതിവാക്കിയ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിന് പുറക് വശം അങ്ങാടിക്കല്‍ തെക്ക് ലക്ഷം വീട് കോളനിയില്‍ കൈലാത്ത് വീട്ടില്‍ സുഗുണന്‍ എന്ന് വിളിക്കുന്ന സുബിന്‍ ജേക്കബ്( 28) ആണ് പോലീസ് നടത്തിയ ശ്രമകരമായ നീക്കത്തില്‍ വലയിലായത്.

ഓഗസ്റ്റ് മൂന്നിന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് കടയ്ക്കാട് സ്വദേശി തന്‍വീര്‍ നൗഷാദിന്റെ സുസുക്കി സ്വിഷ് ഇനത്തില്‍പ്പെട്ട സ്‌കൂട്ടര്‍ മോഷണം പോയത്. കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് അമ്പതിലധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും മറ്റ് അന്വേഷണങ്ങള്‍ നടത്തുകയും ചെയ്തു. കേസെടുത്തത് മുതല്‍ മോഷ്ടാവിനെ തേടിയുള്ള നിരന്തര അന്വേഷണത്തിലായിരുന്നു പോലീസ് സംഘം. മോഷണം നടന്ന അഞ്ചാം ദിവസം തന്നെ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു.

തുടര്‍ന്ന് പലയിടത്തും മോഷ്ടാവിന് വേണ്ടി വലവിരിച്ച് അന്വേഷണസംഘം കാത്തിരുന്നു. നല്ല ഉയരമുള്ള മോഷ്ടാവിനെ കണ്ടെത്താനായി അത്തരം ആള്‍ക്കാരെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച് നിരീക്ഷണം നടത്തി. കഴിഞ്ഞ ദിവസം തിരുവല്ലയില്‍ നിന്നും സൈക്കിള്‍ മോഷ്ടിച്ചു കടന്ന സുബിനെ പിന്തുടര്‍ന്നുവെങ്കിലും പോലീസ് നീക്കം മനസിലാക്കിയ ഇയാള്‍ സൈക്കിള്‍ ഉപേക്ഷിച്ചു കടന്നിരുന്നു. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് അന്ന് മോഷ്ടാവ് പോലീസ് പിടിയിലാവാതെ രക്ഷപ്പെട്ടത്.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നീങ്ങിയ പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു ഒളിപ്പിച്ച നിലയില്‍ സൂക്ഷിച്ച സ്‌കൂട്ടര്‍ പോലീസ് കണ്ടെടുക്കുകയും ചെയ്തു. കോയിപ്പുറം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ആക്ടീവ സ്‌കൂട്ടര്‍ മോഷണക്കേസിലെ പ്രതിയായ സുബിന്‍ 8 മാസം ജയിലില്‍ കഴിഞ്ഞിരുന്നു.

ചെങ്ങന്നൂര്‍, മാന്നാര്‍ പോലീസ് സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ സൈക്കിള്‍ മോഷണത്തിന് കേസുണ്ട്. ഈ കേസുകളിലും ഇയാള്‍ ജയിലില്‍ കിടന്നിട്ടുണ്ട്. അടൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അടൂര്‍ ഡിവൈ.എസ്.പി ജി. സന്തോഷ്‌കുമാറിന്റെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തിന് പന്തളം പോലീസ് ഇന്‍സ്പെക്ടര്‍ ടി.ഡി.പ്രജീഷ് നേതൃത്വം നല്‍കി. എസ്ഐമാരായ അനീഷ് എബ്രഹാം, സന്തോഷ് കുമാര്‍, സിപിഓ മാരായ അന്‍വര്‍ഷ, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്.