- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്എഫ്ഐ നേതാവിനെ മര്‍ദ്ദിച്ച അധ്യാപകന്‍ രണ്ടു കാലില്‍ കോളേജില്‍ കയറില്ല; പ്രിന്‍സിപ്പാലിനെ ക്യാമ്പസ്സില്‍ കയറ്റില്ല; ഭീഷണിയുമായി എസ്എഫ്ഐ നേതാക്കള്‍
കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജ് സംഘര്‍ഷത്തില്‍ പ്രിന്‍സിപ്പലെ ഭീഷണിപ്പെടുത്തി എസ്എഫ്‌ഐ നേതാവ്. എസ്എഫ്‌ഐ ഏരിയാ സെക്രട്ടറി നവതേജാണ് ഭീഷണി മുഴക്കി രംഗത്തുവന്നത്. കോളേജിലേക്ക് എസ്എഫ്‌ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിന് പിന്നാലെയാണ് എസ്എഫ്‌ഐ ആരോപണവുമായി രംഗത്ത് വന്നത്. പ്രിന്‍സിപ്പാലിനെയും സ്റ്റാഫ് സെക്രട്ടറിയെയും ഒരു കാരണവശാലും ക്യാമ്പസ്സില്‍ കയറ്റില്ലെന്നും സമരം ശക്തമാക്കാനാണ് തീരുമാനമെന്നും പറഞ്ഞ എസ്എഫ്‌ഐ നേതാക്കള്‍ പ്രിന്‍സിപ്പലിനെതിരെ ഭീഷണിയും മുഴക്കി.
എസ്എഫ്ഐ നേതാവിനെ മര്‍ദ്ദിച്ച അധ്യാപകന്‍ ഇനി രണ്ടു കാലില്‍ കോളേജില്‍ കയറില്ലെന്നു എസ്എഫ്ഐ ഏരിയ സെക്രട്ടറി നവതേജ് പറഞ്ഞു. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ചെയ്യാനുള്ള കഴിവ് എസ് എഫ് ഐക്ക് ഉണ്ടെന്നും ഈ അധ്യാപകരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എസ് എഫ് ഐക്ക് അറിയാമെന്നും ഇപ്പോള്‍ സംയമനം പാലിക്കുകയാണെന്നും നവതേജ് പറഞ്ഞു. പ്രിന്‍സിപ്പലിനെ അടിച്ചു ആശുപത്രിയില്‍ ആക്കാന്‍ തീരുമിച്ചിട്ടില്ല. അങ്ങനെ ഒരു തീരുമാനം എടുത്തിരുന്നെങ്കില്‍ അതും ചെയ്‌തേനേയെന്നും നവതേജ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഗുരുദേവ കോളജില്‍ പ്രിന്‍സിപ്പലിനെയും അധ്യാപകനെയും ഒരു സംഘം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. എസ്എഫ്‌ഐ നേതാവിനെ പ്രിന്‍സിപ്പല്‍ മര്‍ദിച്ചതായും പരാതിയുണ്ട്. സംഘട്ടനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. മര്‍ദനമേറ്റ പ്രിന്‍സിപ്പല്‍ ഡോ.സുനില്‍ ഭാസ്‌കര്‍, അധ്യാപകന്‍ കെ.പി.രമേശന്‍ എന്നിവരെയും എസ്എഫ്‌ഐ ഏരിയ പ്രസിഡന്റ് ബി.ആര്‍.അഭിനവിനെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ബിരുദപ്രവേശനത്തിന്റെ ഭാഗമായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഹെല്‍പ് ഡെസ്‌ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. വാക്കേറ്റമുണ്ടായതിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തുവെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. പരുക്കേറ്റ പ്രിന്‍സിപ്പലിനെ ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ അനുവദിച്ചില്ല. ഇതോടെ മറ്റ് അധ്യാപകര്‍ ഇടപെട്ടാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിനിടെയാണു രമേശനു പരുക്കേറ്റത്.
പ്രിന്‍സിപ്പലിന്റെ പരാതിയിലും എസ്എഫ്‌ഐയുടെ പരാതിയിലും കേസെടുത്തതായി പൊലീസ് പറഞ്ഞു. പ്രിന്‍സിപ്പലിനെ എസ്എഫ്‌ഐ ആക്രമിച്ചതില്‍ കോളജ് ജീവനക്കാര്‍ പ്രതിഷേധിച്ചു. കോളജില്‍ 4 വര്‍ഷ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് ഹെല്‍പ് ഡെസ്‌ക് തുടങ്ങണമെന്ന ആവശ്യവുമായി കുറച്ചു കുട്ടികള്‍ സമീപിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായി ഓണ്‍ലൈന്‍ മീറ്റിങ് നടക്കുന്നതിനാല്‍ 10 മിനിറ്റ് കാത്തിരിക്കാന്‍ അവരോടു പറഞ്ഞു. അതിനിടെ പുറത്തു നിന്നെത്തിയ സംഘം ഓഫിസില്‍ കയറി ആക്രമിക്കുകയായിരുന്നു. കൈക്കു പൊട്ടലുണ്ടെന്നും താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെന്നും പ്രിന്‍സിപ്പല്‍ പറയുന്നു.