- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ബലൂചിസ്താനില്‍ സ്‌ഫോടനം; 14 പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടു; ബോലനിലെ ശോര്‍ഖണ്ഡില്‍ റിമോര്‍ട്ട് നിയന്ത്രിത ബോംബ് ഉപയോഗിച്ച് സൈനിക വാഹനം തകര്‍ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്; ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബലൂച് ലിബറേഷന്‍ ആര്‍മി
ബലൂചിസ്താനില്‍ സ്‌ഫോടനം; 14 പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടു
ഇസ്ലാമബാദ്: ഇന്ത്യക്കെതിരെ യുദ്ധത്തിന് കോപ്പ് കൂട്ടുന്ന പാക്കിസ്ഥാന് ആഭ്യന്തരമായി കനത്ത തിരിച്ചടികള്‍. ബലൂച് ലിബറേഷന്‍ ആര്‍മി പാക്കിസ്താനെതിരെ പോരാട്ടം ശക്തമാക്കിയതോടെ പാക്കിസ്ഥാന് വലിയ ആള്‍നാശമാണ് ഉണ്ടാകുന്നത്. പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയിലെ ബോലന്‍, കെച്ച് മേഖലകളിലുണ്ടായ രണ്ട് വ്യത്യസ്ത ആക്രമണങ്ങളില്‍ 14 പാക് സൈനികര്‍ കൊല്ലപ്പെട്ടു. സൈനിക വാഹനത്തിനു നേരെയുണ്ടായ ഐ.ഇ.ഡി ആക്രമണത്തില്‍ 12 പേരും ബോംബാക്രമണത്തില്‍ രണ്ട് പേരുമാണ് കൊല്ലപ്പെട്ടത്. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബലൂച് ലിബറേഷന്‍ ആര്‍മി (ബി.എല്‍.എ) ഏറ്റെടുത്തു.
ബോലനിലെ ശോര്‍ഖണ്ഡിലാണ് റിമോര്‍ട്ട് നിയന്ത്രിത ബോംബ് ഉപയോഗിച്ച് സൈനിക വാഹനം തകര്‍ത്തത്. സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ ബി.എല്‍.എ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. സ്‌പെഷല്‍ ഓപറേഷന്‍സ് കമാന്‍ഡര്‍ താരിഖ് ഇമ്രാന്‍, സുബേദാര്‍ ഉമര്‍ ഫാറൂഖ് ഉള്‍പ്പെടെ 12 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. കെച്ചിലെ കുലാഗ് തിഗ്രാനില്‍ പതിവ് പരിശോധനകള്‍ക്കെത്തിയ സൈനിക സംഘത്തെ ലക്ഷ്യമിട്ടാണ് രണ്ടാമത്തെ സ്‌ഫോടനം നടന്നത്. ഇതില്‍ രണ്ടു സൈനികര്‍ക്ക് ജീവന്‍ നഷ്ടമായി.
പാകിസ്താന്‍ സൈനികര്‍ ചൈനയുടെ താല്‍പര്യപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബി.എല്‍.എ ആരോപിക്കുന്നു. ബലൂചിസ്താനില്‍നിന്ന് പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യുന്ന ഭരണാധികാരികള്‍ മേഖലയുടെ വികസനത്തിന് യാതൊന്നും ചെയ്യുന്നില്ലെന്നും ബി.എല്‍.എ വിമര്‍ശിക്കുന്നു. തുടര്‍ച്ചയായ ആക്രമണങ്ങളില്‍ നിരവധി പാക് സൈനികര്‍ക്കാണ് മേഖലയില്‍ ജീവന്‍ നഷ്ടമായത്. മാര്‍ച്ചില്‍ 400ലേറെ യാത്രക്കാരുമായെത്തിയ ട്രെയിന്‍ ബി.എല്‍.എ പിടിച്ചെടുത്തിരുന്നു.
ഇന്ത്യയുമായി സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് പാകിസ്താന്‍ സൈന്യത്തിന് രാജ്യത്തിനകത്തുനിന്ന് തിരിച്ചടി നേരിടുന്നത്. പഹല്‍ഗാമിലെ ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തിരുന്നു. ഇതിനു പിന്നാലെ അതിര്‍ത്തിയില്‍ പാകിസ്താന്‍ ഷെല്ലാക്രമണം രൂക്ഷമാക്കിയിട്ടുണ്ട്. കടുത്ത ആക്രമണമുണ്ടായാല്‍ സംഘര്‍ഷം യുദ്ധത്തിനു വഴിവെച്ചേക്കുമെന്ന് അന്താരാഷ്ട്ര സമൂഹം ആശങ്കപ്പെടുന്നുണ്ട്.
പാക് പട്ടാളക്കാര്‍ക്കുനേരെ രാജ്യത്ത് വിവിധ ഇടങ്ങളിലായി ബിഎല്‍എ ഇത്തരത്തില്‍ ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. ഇപ്പോഴത്തെ ആക്രമണത്തിന് സമാനമായി ഏപ്രില്‍ 15-ന് പോലീസ് ട്രക്കിന് നേരെ ബിഎല്‍എ നടത്തിയ ബോംബാക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതുകൂടാതെ, ഒരു ട്രെയിന്‍വരെ ഹൈജാക്ക് ചെയ്ത സംഭവവും വളരെ മുമ്പല്ലാതെ ഉണ്ടായിട്ടുണ്ട്. പാക് സൈന്യത്തിന് ഏറെ തലവേദന ഉണ്ടാക്കുന്ന സംഘടനയാണ് ബിഎല്‍എ.
സമീപകാലത്തായി പാക് സൈന്യത്തിനുനേരെ നടത്തുന്ന ആക്രമണങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ് ബിഎല്‍എ. പാകിസ്താന്റെ തെക്കു-പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രവിശ്യയാണ് ബലൂചിസ്താന്‍. ബലൂചിസ്താനെ പാകിസ്താനില്‍ നിന്നും വേര്‍പെടുത്തി പ്രത്യേക രാജ്യമാക്കണം എന്ന് വാദിക്കുന്ന സായുധ സംഘടനയാണ് ബിഎല്‍എ.