തിരുവനന്തരപുരം: ഇവിടൊന്നും കിട്ടിയില്ല, ഇവിടാരും ഒന്നും തന്നില്ല, എന്നതാണ് കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങള്‍ വന്നപ്പോള്‍ കേരളത്തിലെ മുറവിളി. എയിംസും, അതിവേഗ റെയിലുമൊക്കെ പ്രതീക്ഷിച്ചെങ്കിലും കിട്ടാതിരുന്നത് നിരാശയായി. സംസ്ഥാനത്തോട് പൂര്‍ണ അവഗണന എന്ന് ആരോപണം ഇടതുപക്ഷ സര്‍ക്കാര്‍ ഉന്നയിക്കുമ്പോഴും ആശ്വാസമായ വലിയൊരു കാര്യം ബജറ്റിലുണ്ടെന്ന കാര്യം കണ്ടില്ലെന്ന് നടിക്കാനാവില്ല.

സംസ്ഥാനങ്ങള്‍ക്ക് 1.4 ലക്ഷം കോടി രൂപയുടെ ഗ്രാന്റ്

ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം കേന്ദ്ര നികുതി വിഹിതത്തിന്റെ 41 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 1.4 ലക്ഷം കോടി രൂപ ധനകാര്യ കമ്മീഷന്‍ ഗ്രാന്റായി സംസ്ഥാനങ്ങള്‍ക്ക് ലഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ (ഗ്രാമപഞ്ചായത്തുകള്‍, നഗരസഭകള്‍), ദുരന്ത നിവാരണം എന്നിവയ്ക്കായുള്ള ഫണ്ടും ഇതില്‍ ഉള്‍പ്പെടുന്നു. 2025 നവംബറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും അംഗീകരിച്ചു.

കേരളത്തിന് അധികമായി 11,000 കോടി

ദീര്‍ഘകാലമായി സംസ്ഥാനം ഉന്നയിച്ചിരുന്ന പരാതികള്‍ക്ക് അറുതിവരുത്തിക്കൊണ്ട്, കേന്ദ്ര നികുതി വിഹിതത്തില്‍ കേരളത്തിന് വലിയ വര്‍ദ്ധനവാണ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ നികുതി വിഹിതം 1.925 ശതമാനത്തില്‍ നിന്ന് 2.382 ശതമാനമായി ഉയര്‍ത്തി. പുതിയ വിഹിതം അനുസരിച്ച് ഈ സാമ്പത്തിക വര്‍ഷം കേരളത്തിന് ലഭിക്കുക 36,355 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് വെറും 24,500 കോടി രൂപയായിരുന്നു. അതായത്, ഇനിയുള്ള അഞ്ച് വര്‍ഷക്കാലം ഓരോ വര്‍ഷവും പതിനായിരം കോടി രൂപയിലധികം അധികമായി കേരളത്തിന്റെ ഖജനാവിലേക്ക് എത്തും. സംസ്ഥാന ബജറ്റിന് പിന്നാലെ നികുതി വിഹിതം കൂടുമെന്ന ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ പ്രതീക്ഷകള്‍ ഇതോടെ അക്ഷരാര്‍ത്ഥത്തില്‍ ഫലിച്ചിരിക്കുകയാണ്.

ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞത്

'പത്താം ധനകമ്മീഷന്റെ കാലത്ത് 3.88 ശതമാനമായിരുന്നു കേരളത്തിന്റെ വിഹിതം. ഇത് പതിനഞ്ചാം കമ്മീഷനിലെത്തിയപ്പോള്‍ 1.92 ശതമാനമായി കുറഞ്ഞു. കേന്ദ്ര ധനകമ്മീഷന്‍ ശുപാര്‍ശയില്‍ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് നല്‍കുന്ന ഗ്രാന്റിലും കേരളത്തിന്റെ ഓഹരി ഗണ്യമായി കുറഞ്ഞു. പന്ത്രണ്ടാം കമ്മീഷന്റെ കാലത്ത് 4.54 ശതമാനമായിരുന്ന കേരളത്തിന്റെ വിഹിതം പതിനഞ്ചാം കമ്മീഷനായപ്പോള്‍ 2.68 ശതമാനമായി ഇടിഞ്ഞു. നികുതിവിഹിതം കുറച്ചതിന്റെ ക്ഷീണം പരിഹരിക്കാനാണ് റവന്യൂ കമ്മി ഗ്രാന്റ് അനുവദിച്ചത്. ജിഎസ്ടി വരുമാനത്തില്‍ ഇടിവുണ്ടായത് പരിഹരിക്കാനാണ് ജിഎസ്ടി കോമ്പന്‍സേഷന്‍ അനുവദിച്ചത്.' എന്നാല്‍ ഈ രണ്ട് ഗ്രാന്റും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നിര്‍ത്തലാക്കിയെന്നും ധനമന്ത്രി വിമര്‍ശിച്ചു.

പതിനാലാം കമ്മീഷന്‍ തന്ന 'പണി' തീര്‍ന്നു

പതിനാലാം ധനകാര്യ കമ്മീഷന്റെ കാലത്ത് കേരളത്തിന് വലിയ തിരിച്ചടിയാണ് നേരിട്ടിരുന്നത്. ജനസംഖ്യാ നിയന്ത്രണത്തില്‍ വിജയിച്ച കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് ജനസംഖ്യാ മാനദണ്ഡം തിരിച്ചടിയായപ്പോള്‍ വിഹിതം കുത്തനെ കുറഞ്ഞിരുന്നു. ഇത് സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്. എന്നാല്‍ പതിനാറാം ധനകാര്യ കമ്മീഷന്‍ (2026-27 മുതല്‍ 5 വര്‍ഷത്തേക്ക്) ഈ കുറവ് പരിഹരിക്കുകയായിരുന്നു.

ബ്രിട്ടാസിന്റെ പരിഹാസവും കേരളത്തിന്റെ നേട്ടവും

കേന്ദ്ര ബജറ്റിനെ 'കേരളത്തിന് ആമയും തേങ്ങയും മാത്രം' എന്ന് ജോണ്‍ ബ്രിട്ടാസ് എം.പി പരിഹസിച്ചിരുന്നെങ്കിലും, ധനകാര്യ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഈ വര്‍ദ്ധനവ് സംസ്ഥാന സര്‍ക്കാരിന് വലിയൊരു പിടിവള്ളിയാണ്. കേന്ദ്രം സമാഹരിക്കുന്ന നികുതിയുടെ 41 ശതമാനമാണ് സംസ്ഥാനങ്ങള്‍ക്കായി വീതം വയ്ക്കുന്നത്. ഇതില്‍ കേരളത്തിന് ലഭിക്കുന്ന ശതമാനത്തില്‍ വന്ന വര്‍ദ്ധനവ് വരും വര്‍ഷങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ കരുത്തേകും.

കടമെടുപ്പ് കുറയ്ക്കാന്‍ സാധിക്കും

നികുതി വിഹിതം കുറഞ്ഞപ്പോള്‍ ഉണ്ടായ കമ്മി നികത്താന്‍ കേരളം വലിയ തോതില്‍ കടമെടുക്കുകയായിരുന്നു. ഇപ്പോള്‍ വരുമാനം വര്‍ദ്ധിക്കുന്നതോടെ, കടമെടുക്കുന്ന തുക കുറയ്ക്കാനും അതുവഴി ഭാവിയിലെ പലിശ ബാധ്യത കുറയ്ക്കാനും സംസ്ഥാനത്തിന് സാധിക്കും. ഇത് കേരളത്തിന്റെ ക്രെഡിറ്റ് റേറ്റിംഗും മെച്ചപ്പെടുത്തും.

മുടങ്ങിക്കിടക്കുന്ന വികസന പദ്ധതികള്‍ക്ക് വേഗത

കിഫ്ബി (KIIFB) വഴിയും അല്ലാതെയും നടത്തുന്ന പല റോഡ്, പാലം വികസന പ്രവര്‍ത്തനങ്ങളും ഫണ്ടിന്റെ ലഭ്യതക്കുറവ് മൂലം ഇഴഞ്ഞുനീങ്ങുകയായിരുന്നു. അധികമായി ലഭിക്കുന്ന തുക ഈ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ഉപയോഗിക്കാം. പ്രത്യേകിച്ച് മലയോര ഹൈവേ, തീരദേശ ഹൈവേ തുടങ്ങിയ വമ്പന്‍ പദ്ധതികള്‍ക്ക് ഇത് കരുത്താകും.

സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ കൃത്യമാകും

ലക്ഷക്കണക്കിന് പാവപ്പെട്ടവര്‍ ആശ്രയിക്കുന്ന ക്ഷേമ പെന്‍ഷനുകള്‍ പലപ്പോഴും മാസങ്ങളോളം കുടിശ്ശികയാകാറുണ്ട്. നികുതി വിഹിതത്തിലെ ഈ വര്‍ദ്ധനവ് പെന്‍ഷനുകള്‍ കൃത്യസമയത്ത് വിതരണം ചെയ്യാന്‍ സര്‍ക്കാരിനെ പ്രാപ്തമാക്കും.

ജനസംഖ്യാ നിയന്ത്രണത്തിനുള്ള അംഗീകാരം

പതിനാലാം ധനകാര്യ കമ്മീഷന്‍ ജനസംഖ്യ മാനദണ്ഡമാക്കിയപ്പോള്‍ കേരളത്തിന് തിരിച്ചടിയായിരുന്നു. എന്നാല്‍ പതിനാറാം കമ്മീഷന്‍ കേരളത്തിന്റെ മികച്ച ആരോഗ്യ-വിദ്യാഭ്യാസ നിലവാരത്തെയും ജനസംഖ്യാ നിയന്ത്രണത്തെയും പരിഗണിച്ചു എന്നാണ് ഈ വര്‍ദ്ധനവ് സൂചിപ്പിക്കുന്നത്. ഇത് വികസിത സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കുന്ന ഒരു പ്രോത്സാഹനം കൂടിയാണ്.

സാമ്പത്തിക അച്ചടക്കം: കടം കുറയ്ക്കാന്‍ ലക്ഷ്യം

രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കാന്‍ ധനക്കമ്മി (Fiscal Deficit) കുറയ്ക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഉറപ്പുനല്‍കി. 2025-26 വര്‍ഷത്തില്‍ ധനക്കമ്മി 4.4 ശതമാനമായി കുറയ്ക്കുമെന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചു. വരും വര്‍ഷത്തില്‍ (2026-27) ഇത് 4.3 ശതമാനമായി വീണ്ടും കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. സാമ്പത്തിക സുസ്ഥിരതയും വികസന വേഗതയും ഒരുപോലെ കൊണ്ടുപോകാന്‍ ഈ നീക്കം സഹായിക്കും.

ചുരുക്കത്തില്‍, സംസ്ഥാനങ്ങളെ ഒപ്പം നിര്‍ത്തിയും വമ്പന്‍ വികസന പദ്ധതികള്‍ക്ക് പണം കണ്ടെത്തിയും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ലോകത്തിന് മുന്നില്‍ കരുത്തുറ്റതാക്കാനാണ് നിര്‍മ്മല സീതാരാമന്‍ ഈ ബജറ്റിലൂടെ ശ്രമിച്ചിരിക്കുന്നത്.