കോട്ടയം: ഗൃഹനാഥനെ വീടിന് മുന്‍പില്‍ തടഞ്ഞ് നിര്‍ത്തി നാലംഗ സംഘം വാഹനം അടിച്ച് തകര്‍ത്ത് ആക്രമിക്കാന്‍ ശ്രമം നടന്ന് ഒരാഴ്ചയായിട്ടും പ്രതികളെ പോലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് പ്രതിഷേധം. കാര്‍ നിര്‍ത്താതെ പോലീസ് സ്റ്റേഷനിലേക്ക് ഓടിച്ച് കയറ്റിയാണ് ഗൃഹനാഥന്‍ ആക്രമണത്തില്‍ നിന്നും രക്ഷപെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച്ച രാവിലെ ഏഴരയോടെ പായിപ്പാട് പുത്തന്‍കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ബില്‍ഡിങ് കോണ്‍ട്രാക്ടര്‍ പ്രസന്നകുമാറി (പ്രസാദ്) ന് നേരെയാണ് ആക്രമണം ഉണ്ടായത്.

ജോലി സ്ഥലത്തേയ്ക്ക് പോകുന്നതിനായി വീടിന്റെ ഗേറ്റ് കടക്കുമ്പോള്‍ പതിയിരുന്ന നാലംഗ സംഘം കാര്‍ അടിച്ച് തകര്‍ക്കുകയായിരുന്നു. അക്രമികള്‍ ഡോര്‍ തുറന്ന് പുറത്തിറക്കാന്‍ നോക്കിയപ്പോള്‍ പരാജയപ്പെട്ടു. സെന്റര്‍ ലോക്ക് ആയതിനാല്‍ ഡോര്‍ തുറക്കാന്‍ കഴിഞ്ഞില്ല. പിന്നീട് വാഹനം രണ്ടര കിലോമീറ്റര്‍ അകലെയുള്ള തൃക്കൊടിത്താനം സ്റ്റേഷനില്‍ ഓടിച്ചു കയറ്റിയാണ് ജീവന്‍ രക്ഷിച്ചതെന്ന് പ്രസന്നകുമാര്‍ പറഞ്ഞു.

സംഭവത്തിന്റെ സി. സി. ടി. വി. അടക്കം പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് തയ്യാറാക്കിയ എഫ്. ഐ. ആറില്‍ കണ്ടാലറിയാവുന്ന 4 പേര്‍ക്കെതിരെ കേസെടുത്തതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തില്‍ തിരുവല്ല സ്വദേശിയായ യുവാവിനെ പിടികൂടിയിട്ടുണ്ട്. അയല്‍വാസിയായ സ്ത്രീ ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ കേസെടുത്തതായും പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുന്നതായുമാണ് എസ്. എച്ച്. ഒ. എം. ജെ. അരുണ്‍ മാധ്യമങ്ങളോട് പറഞ്ഞത്.

https://youtu.be/FMShtnG_EOs

വടിവാളു കൊണ്ടും കമ്പിവടിയുമായി കാറിന്റെ ചില്ല് അടിച്ച് തകര്‍ത്താണ് ആക്രമണം നടത്തിയതെന്ന് മൊഴി നല്‍കിയിട്ടും എഫ്. ഐ. ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത് പട്ടിക കൊണ്ട് അടിച്ചതായാണ്. പോലീസ് കേസ് അട്ടിമറിക്കുന്നതായാണ് ആരോപണം. ഒരാളെ പോലീസ് പിടികൂടിയിട്ടും മറ്റ് പ്രതികളെ പോലീസ് സംരക്ഷിക്കുന്നതായി ആരോപിച്ച് അഖില കേരള വിശ്വകര്‍മ്മ മഹാസഭയുടെയും പായിപ്പാട് പുത്തന്‍കാവ് ജനകീയ സമിതിയുടെയും നേതൃത്വത്തില്‍ നാളെ രാവിലെ 11 ന് തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും.


അയല്‍വാസിയായ സ്ത്രീയുമായി നിരന്തരമായി ഉണ്ടാകുന്ന തര്‍ക്കമാണ് ആക്രമണത്തിന് പിന്നില്‍. നാലാം തവണയാണ് ഗൃഹനാഥന് നേരെ ആക്രമണം ഉണ്ടാകുന്നതായി കേസ്. ഒരിക്കല്‍ പെരുന്ന ക്ഷേത്രത്തിലേയ്ക്ക് പോകും വഴി ആക്രമണം ഉണ്ടായി. ഈ സംഭവത്തില്‍ ഇരു കൂട്ടര്‍ക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

https://youtu.be/RnLlm6B_0v8

ഒന്നരവര്‍ഷം മുന്‍പ് പുതിയ വീട് വച്ച് താമസത്തിനെത്തിയ അയല്‍വാസിയുമായി മതില്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് തുടര്‍ന്നുള്ള സംഘര്‍ഷങ്ങള്‍ക്ക് കാരണം. ഇവരുടെ മതില്‍ റോഡിലേയ്ക്ക് ഇറക്കി നിര്‍മ്മിച്ചു എന്നു കാട്ടി പായിപ്പാട് ഗ്രാമപഞ്ചായത്ത് 3 തവണ സ്റ്റോപ്പ് മൊമ്മോ നല്‍കിയിരുന്നു. ഈ വിഷയത്തില്‍ നാട്ടുകാരുമായും നിരന്തര പ്രശ്നങ്ങള്‍ പതിവാണ്. അയല്‍വാസിയായ സ്ത്രീ പലതവണ നാട്ടുകാര്‍ക്കെതിരെ പരാതി നല്‍കിയിട്ടുമുണ്ട്.




കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിന്ന് പിന്നിലും സ്ത്രീയുടെ പങ്കുണ്ടെന്ന് നാട്ടുകാരും ആരോപിക്കുന്നു. സംഭവത്തിന് ശേഷം നൂറു കണക്കിനാളുകള്‍ സ്ഥലത്ത് സംഘടിച്ചിരുന്നു. പ്രകോപിതരായ നാട്ടുകാരെ പോലീസ് എത്തിയാണ് പറഞ്ഞയച്ചത്. ആക്രമത്തിനിരയായ പ്രസന്നകുമാര്‍ അഖില കേരള വിശ്വകര്‍മ്മ മഹാസഭയുടെ സംസ്ഥാന നേതാവാണ്.

ഇരുകൂട്ടരും തമ്മില്‍ പലവതവണ തര്‍ക്കങ്ങളുൃം സംഘര്‍ഷങ്ങളും ഉണ്ടാകുമ്പോള്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി ഇനി ആവര്‍ത്തിക്കില്ലായെന്ന് പറയുന്നതാണ്. തുടര്‍ന്നും ആക്രമണം ഉണ്ടായതോടെ പ്രസന്നകുമാറും ഭാര്യയും മക്കളും ഭയത്തോടെയാണ് കഴിയുന്നത്. നെന്മാറ പോലെയുള്ള സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ സംഭവത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി കേസെടുത്ത് പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യം ഉയരുന്നു.