മലപ്പുറം: കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് എക്‌സൈസ് വകുപ്പ് പിടികൂടിയത് 544 കോടി രൂപയുടെ മയക്കുമരുന്ന്. സംസ്ഥാനത്ത് കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ എക്‌സൈസും പോലിസും നടത്തിയ മയക്കു മരുന്നു വേട്ടയുടെ ഞെട്ടിക്കുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. വര്‍ഷം കഴിയുന്തോറും ലഹരി മരുന്നുകളുടെ ഉപയോഗം കൂടിവരികയാണ്. കഞ്ചാവിന് പുറമേ സിന്തറ്റിക് മയക്കുമരുന്നുകളായ എം.ഡി.എം.എ, എല്‍.എസ്.ഡി, മെത്തഫിറ്റമിന്‍, നൈട്രോസെഫാം തുടങ്ങിയവയും കേരളത്തില്‍ സുലഭമാണ്.

ഇത്തരം സിന്തറ്റിക് മയക്കു മരുന്നുകളുടെ ഉപയോഗവും കേരളത്തില്‍ വര്‍ധിക്കുന്നതായി എക്‌സൈസ് വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2014 മുതല്‍ 2024 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ മയക്കുമരുന്ന് കണ്ടെത്തുന്നതിന് ലഹരി മാഫിയകളെ കേന്ദ്രീകരിച്ച് 855194 പരിശോധന നടത്തിയതായി എക്‌സൈസ് വകുപ്പ് അവകാശപ്പെടുന്നു. ഇത്രയും പരിശോധനകളില്‍നിന്നാണ് അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം 544 കോടി രൂപ വില കണക്കാക്കുന്ന മയക്കുമരുന്ന് പിടികൂടിയത്.

കൗമാര പ്രായത്തിലുള്ളവര്‍ മുതല്‍ യുവാക്കള്‍ വരെയാണ് ലഹരി മരുന്ന് കടത്തിലും ഉപയോഗത്തിലും മുന്‍പന്തിയിലുള്ളത്. മയക്കു മരുന്നു കേസില്‍ പിടിക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും 18നും 40നും ഇടയില്‍ പ്രായമുള്ളവരാണ്. മയക്കുമരുന്നുമായി ബന്ധപ്പെട്ട് സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെട്ട 154 കേസുകള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് പിടിക്കപ്പെട്ട മയക്കുമരുന്നുകളില്‍ ഏറ്റവും ഉയര്‍ന്ന അളവിലുള്ളത് കഞ്ചാവാണ്. പത്തുവര്‍ഷത്തിനിടെ, 23743.466 കിലോ കഞ്ചാവാണ് പിടികൂടിയത്. 19903 കഞ്ചാവ് ചെടികള്‍ വെട്ടിനശിപ്പിച്ചു. 72.176 കിലോ ഹാഷിഷും 130.79 കിലോ ഹാഷിഷ് ഓയിലും 70099 ലഹരി ഗുളികകളും പിടികൂടി. 29.12 കിലോ മെത്തഫിറ്റാമിനും 19.449 കിലോ എം.ഡി.എം.എയും 1882 കിലോ ബ്രൗണ്‍ഷുഗറും കസ്റ്റഡിയിലെടുത്തു.

5.79 കിലോ ഓപ്പിയവും 3.112 കിലോ ചരസ്സും 103.84 ഗ്രാം എല്‍.എസ്.ഡിയും 7.395 കിലോ ഹെറോയിനും 386 ആംപ്യൂള്‍സും പരിശോധനയില്‍ കണ്ടെടുത്തു. 1.5 ഗ്രാം കൊഡൈന്‍, 13.45 ഗ്രാം കൊക്കെയിന്‍, 0.515 ഗ്രാം മാജിക് മഷ്‌റൂം, 74 മില്ലിഗ്രാം മെഫന്റര്‍മൈന്‍ സള്‍ഫേറ്റ് എന്നിവയും പിടികൂടിയവയില്‍ ഉള്‍പ്പെടും. എന്‍.ഡി.പി.എസ് നിയമപ്രകാരം സംസ്ഥാനത്ത് കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ, 53787 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ഈ കേസുകളുമായി ബന്ധപ്പെട്ട് 52897 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.

വര്‍ധിച്ചുവരുന്ന സമൂഹമാധ്യമ സ്വാധീനവും കുടുംബബന്ധങ്ങളിലെ വിള്ളലുകളും വിദ്യാര്‍ഥികളെ ലക്ഷ്യമാക്കിയുള്ള മാഫിയ ഇടപെടലുകളും കുട്ടികളെ ലഹരി ഉപഭോഗത്തിലേക്കും തുടര്‍ന്നുള്ള പ്രശ്‌നങ്ങളിലേക്കും നയിക്കുന്നതായി മന്ത്രി എം.ബി. രാജേഷ് പറയുന്നു.