- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചുവര്‍ഷത്തിനിടെ 900 കാര്‍ എഞ്ചിനുകള്‍ മോഷണം പോയി; കിയ മോട്ടോഴ്സിനെ ഞെട്ടിച്ച് സംഘടിത മോഷണം; ആദ്യം സംശയിച്ചത് തമിഴ്‌നാട്ടില്‍ നിന്ന് ആന്ധ്രയിലെ പേനുകൊണ്ടയിലേക്ക് കൊണ്ടുപോകും വഴി കടത്തിയതെന്ന്; ഇപ്പോള്‍ സംശയം മുന്‍ജീവനക്കാരെ
കിയാ മോട്ടോഴ്സില്‍ നിന്ന് 900 കാര്‍ എഞ്ചിനുകള്‍ മോഷണം പോയി
അമരാവതി: ഒരു കാര്‍ നിര്‍മ്മാണ പ്ലാന്റില്‍ നിന്നും 900 കാര്‍ എഞ്ചിനുകള്‍ മോഷണം പോകുകയോ? അസംഭവ്യം എന്നുകരുതിയാല്‍ തെറ്റി. ആന്ധ്രപ്രദേശിലെ ശ്രീസത്യസായി ജില്ലയിലെ പേനുകൊണ്ടയ്ക്ക് സമീപമുള്ള കിയ മോട്ടോഴ്‌സ് നിര്‍മ്മാണ പ്ലാന്റിലാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ, ഞെട്ടിപ്പിക്കുന്ന മോഷണം നടന്നത്.
മാര്‍ച്ചില്‍ നടത്തിയ വര്‍ഷാവസാന ഓഡിറ്റിലാണ് 2020 മുതലുള്ള മോഷണം വെളിച്ചത്തുവന്നത്. ഇതേ തുടര്‍ന്ന് മാര്‍ച്ച് 19 ന് പേനുകൊണ്ട ഇന്‍ഡസ്ട്രിയല്‍ പൊലീസ് സ്റ്റേഷനില്‍ കിയ മോട്ടോഴ്‌സ് പ്രഥാമികാന്വേഷണത്തിന് ശേഷം ഔദ്യോഗിക പരാതി നല്‍കി.
' പൊലീസിന്റെ പ്രാഥമികാന്വേഷണത്തില്‍, കഴിഞ്ഞ 5 വര്‍ഷത്തിനിടെ, ഘട്ടംഘട്ടമായും ആസൂത്രിതമായും 900 കാര്‍ എഞ്ചിനുകള്‍ മോഷ്ടിച്ചതായി കണ്ടെത്തി. ഇത് തീര്‍ച്ചയായും കമ്പനിക്ക് അകത്ത് നിന്നുള്ളവര്‍ നടത്തിയ മോഷണമാണ്. കിയ മോട്ടോഴ്‌സിലെ മുന്‍ജീവനക്കാരും, നിലവിലെ ജീവനക്കാരും തമ്മിലുളള ഒത്തുകളിയോടെ നടന്ന സംഘടിത മോഷണമാണിതെന്ന് സംശയിക്കുന്നു', പേനുകൊണ്ട ഡപ്യൂട്ടി സൂപ്രണ്ട് ( ഡിസിപി) വൈ വെങ്കടേശ്വരലു അറിയിച്ചു.
കാര്‍ എഞ്ചിനുകള്‍ തമിഴ്‌നാട്ടില്‍ നിന്ന് പേനുകൊണ്ട പ്ലാന്റിലേക്ക് കൊണ്ടുവരും വഴി മോഷ്ടിക്കപ്പെട്ടതാണെന്നാണ് പൊലീസ് ആദ്യം സംശയിച്ചത്. എന്നാല്‍, പിന്നീട്, പ്ലാന്റില്‍ നിന്നുതന്നെയാണ് മോഷണം നടന്നതെന്ന് തെളിവുകള്‍ കിട്ടി. എഞ്ചിനുകള്‍ കാണാതായ വിവരം മറച്ചുവയ്ക്കാന്‍ ഔദ്യോഗിക രേഖകളില്‍ കൃത്രിമം കാട്ടിയെന്നും കണ്ടെത്തി.
ശ്രീസത്യസായി ജില്ല പൊലീസ് സൂപ്രണ്ട് വി രത്‌ന കിയ മോട്ടോഴ്‌സ് പ്ലാന്റ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയും കമ്പനി രേഖകള്‍ പരിശോധിക്കുകയും ചെയ്തു. സംഭവം അന്വേഷിക്കാന്‍ മൂന്നുപ്രത്യേക ടീമുകളെ നിയോഗിച്ചിട്ടുണ്ട്. നിര്‍ണായക രേഖകള്‍ ശേഖരിക്കാന്‍ ടീമുകള്‍ രാജ്യമൊട്ടുക്കും സഞ്ചരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. പ്രതികളെന്ന് സംശയിക്കുന്നവരെ കണ്ടെത്താനും, ഏതുവിധേനയാണ് മോഷണം നടത്തിയതെന്നും അന്വേഷിച്ചുവരുന്നു.
അതേസമയം, മോഷണം തങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് കിയ മോട്ടേഴ്‌സ് വിശദീകരിച്ചു. ' ഒരു വര്‍ഷം ഏകദേശം 3,00,000 മുതല്‍ 4,00,000 വാഹന യൂണിറ്റുകള്‍ ഞങ്ങള്‍ ഉത്പാദിപ്പിക്കാറുണ്ട്. 900 കാര്‍ എഞ്ചിനുകളുടെ മോഷണം ഉത്പാദനത്തെ സാരമായി ബാധിച്ചിട്ടില്ല', കമ്പനി വക്താവ് അറിയിച്ചു. പൊലീസ് അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കമ്പനി വിസമ്മതിച്ചു.