- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഉണ്ണികൃഷ്ണന്‍ പോറ്റിക്കും തന്ത്രി കണ്ഠരര് മോഹനര്‍ക്കും പിന്നാലെ എ പത്മകുമാറും ജയിലിന് പുറത്തേക്ക്; ശബരിമല ദ്വാരപാലക സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് ജാമ്യം; 90 ദിവസം കഴിഞ്ഞിട്ടും എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാതെ വന്നതോടെ പത്മകുമാറിന് കോടതി അനുവദിച്ചത് സ്വാഭാവിക ജാമ്യം
ശബരിമല ദ്വാരപാലക സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് ജാമ്യം

കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളില്‍ നിന്നും സ്വര്‍ണം അപഹരിച്ച കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന് കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയായിട്ടും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് കഴിയാത്ത പശ്ചാത്തലത്തിലാണ് പത്മകുമാറിന് സ്വാഭാവിക ജാമ്യം ലഭിച്ചത്.
ദ്വാരപാലക ശില്‍പങ്ങളില്‍ നിന്ന് സ്വര്‍ണം മാറ്റിയ കേസിലും പത്മകുമാറിന് ഇപ്പോള്‍ ജാമ്യം ലഭിച്ചിരിക്കുകയാണ്. കേസില്‍ അറസ്റ്റിലായ മറ്റ് പ്രതികള്‍ക്കും സമാനമായ രീതിയില്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നത് തടയാന്‍ ആവശ്യമായ മുന്‍കരുതലുകളോ കുറ്റപത്രം കൃത്യസമയത്ത് സമര്‍പ്പിക്കാനോ പ്രത്യേക അന്വേഷണ സംഘത്തിന് സാധിച്ചില്ലെന്ന വിമര്‍ശനം ശക്തമായി.
കേസിന്റെ പ്രാരംഭ ഘട്ടത്തില്‍ പ്രതികള്‍ ഉന്നത സ്വാധീനമുള്ളവരാണെന്നും ഇവര്‍ പുറത്തിറങ്ങിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും എസ്‌ഐടി കോടതിയെ അറിയിച്ചിരുന്നു. മോഷ്ടിക്കപ്പെട്ട സ്വര്‍ണം ഇതുവരെ പൂര്‍ണ്ണമായി വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന വാദവും അന്വേഷണ സംഘം ഉന്നയിച്ചിരുന്നു. കട്ടിളപാളി കേസില്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്ന പത്മകുമാര്‍ ഇന്ന് ജയില്‍മോചിതനാകും.
അന്വേഷണത്തോട് സഹകരിച്ചുവെന്നും തനിക്ക് സ്വര്‍ണ്ണക്കൊള്ളയില്‍ പങ്കില്ലെന്നുമാണ് എ പത്മകുമാര്‍ കോടതിയില്‍ വാദിച്ചത്. കേസുമായി ബന്ധപ്പെട്ട് അറിയാവുന്നതെല്ലാം അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. താന്‍ പ്രായമുള്ള വ്യക്തിയാണ്. ഇനി ഈ കേസുമായി ബന്ധപ്പെട്ട് തന്നെ ജയിലില്‍ കിടത്തുന്നത് മനുഷ്യത്വ രഹിതമാണ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന പദവിയില്‍ ഇരുന്നുകൊണ്ട് ചെയ്യാവുന്ന കാര്യം മാത്രമേ താന്‍ ചെയ്തുള്ളു. അതിനപ്പുറം നടന്നിട്ടുള്ളത് ഉദ്യോഗസ്ഥതലത്തിലുള്ള ഗൂഢാലോചനകളാണ്.അതിലേക്ക് തന്നെ വലിച്ചിഴക്കരുത്. അന്വേഷണ സംഘത്തിന് ഇക്കാര്യങ്ങള്‍ താന്‍ ബോധ്യപ്പെടുത്തിക്കൊടുത്തതാണ്. അതുകൊണ്ട് തനിക്ക് ജാമ്യം വേണമെന്നുമായിരുന്നു പത്മകുമാറിന്റെ വാദം.
കേസിലെ ഏഴ് പ്രതികള്‍ ഇതിനോടകം ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. ഒന്നാം പ്രതി ഉണ്ണി കൃഷ്ണന്‍ പോറ്റി അടക്കം 5 പേര്‍ക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. 2025 നവംബറിലാണ് സ്വര്‍ണകൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അതിനിടെ തിരുവിതാംകൂര്‍ ദേവസ്വ ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിനെ ഇഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു. കൊച്ചി ഇഡി ഓഫീസില്‍ രാവിലെ പത്ത് മണിയോടെയാണ് വാസു ഹാജരായത്. എസ് ഐ ടി അറസ്റ്റ് ചെയ്ത് മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞ വാസുവിന് സ്വഭാവിക ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഇഡി വിളിപ്പിച്ചത്.
ശബരിമല തന്ത്രിക്കും ഈ ആഴ്ച തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി സമന്‍സ് അയച്ചിട്ടുണ്ട്. ആകെ 28 പേരെയാണ് ഇഡി പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നടന്‍ ജയറാം ഉള്‍പ്പെടെ കേസിലെ സാക്ഷികളായവരെ കഴിഞ്ഞയാഴ്ചകളില്‍ ഇഡി വിളിച്ചുവരുത്തി മൊഴി എടുത്തിരുന്നു. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഇതുവരെ സമന്‍സ് അയച്ചിട്ടില്ല.


