- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേജ്രിവാളിന്റെ ലക്ഷ്യം ലുധിയാന പിടിച്ച് മുഖ്യമന്ത്രി കസേര ഉറപ്പിക്കല്‍? ഡല്‍ഹി കൈവിട്ട ആംആദ്മിക്ക് പഞ്ചാബില്‍ പാളയത്തില്‍ പട; ഭഗവന്ത് മാനിനോട് വിയോജിപ്പുള്ള എംഎല്‍എമാരെ ഉന്നംവച്ച് കോണ്‍ഗ്രസ്; ആശയവിനിമയം നടത്തിയെന്ന് റിപ്പോര്‍ട്ട്; അടിയന്തര യോഗവുമായി എഎപി; എല്ലാം ചൊവ്വാഴ്ച തെളിയും
ഡല്‍ഹിയിലെ തോല്‍വിക്ക് പിന്നാലെ പഞ്ചാബ് എഎപിയില്‍ പാളയത്തില്‍ പട
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ പഞ്ചാബിലെ ആംആദ്മി പാര്‍ട്ടിയില്‍ വിമതനീക്കം ശക്തമാകുന്നു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനോട് എതിര്‍പ്പുള്ള എംഎല്‍എമാരെ കളം മാറ്റിക്കാനുള്ള നീക്കത്തിലാണു കോണ്‍ഗ്രസ്. എഎപിക്കു ഭരണമുള്ള ഏക സംസ്ഥാനമായ പഞ്ചാബില്‍ കാര്യങ്ങള്‍ കൈവിട്ടു പോകാതിരിക്കാനുള്ള തത്രപ്പാടിലാണ് എഎപി നേതൃത്വം. ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ്രിവാള്‍ ചൊവ്വാഴ്ച പഞ്ചാബിലെ എംഎല്‍എമാരുടെയും മന്ത്രിമാരുടെയും യോഗം വിളിച്ചു.
എ.എ.പിയുടെ മുപ്പതോളം എം.എല്‍.എമാരുമായി ആശയവിനിമയം നടത്തിയെന്ന അവകാശവാദവുമായി പഞ്ചാബിലെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ഇതിന് പിന്നാലെയാണ് എ.എ.പി. ദേശീയ കണ്‍വീനറും ഡല്‍ഹി മുന്‍മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ പഞ്ചാബിലെ എം.എല്‍.എമാരുടെയും മന്ത്രിമാരുടെയും യോഗം വിളിച്ചുചേര്‍ത്തത്. ചൊവ്വാഴ്ചയാണ് യോഗം.
മുപ്പതിലധികം എ.എ.പി. എം.എല്‍.എമാര്‍ ഒരുകൊല്ലത്തോളമായി കോണ്‍ഗ്രസുമായി സമ്പര്‍ക്കത്തിലുണ്ടെന്നും അവര്‍ പാര്‍ട്ടി മാറാന്‍ തയ്യാറാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പഞ്ചാബിലെ പ്രതിപക്ഷ നേതാവുമായ പര്‍താപ് സിങ് ബാജ്വ പറഞ്ഞു. നേതൃസ്ഥാനത്തിനുവേണ്ടിയുള്ള പോരാട്ടം ആസന്നമായിരിക്കുകയാണ്.
തലസ്ഥാനത്തെ പാര്‍ട്ടി നേതൃത്വം, ഭഗവന്ത് മാനെ മാറ്റാന്‍ താല്‍പര്യപ്പെടുന്നുണ്ടാകാം. സംസ്ഥാനത്തെ മുഴുവന്‍ എം.എല്‍.എമാരും പ്രവര്‍ത്തകരും കെജ്രിവാളിന്റെ പക്ഷത്താണ്. ലുധിയാന വെസ്റ്റ് നിയോജകമണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. പഞ്ചാബ് നിയമസഭയുടെ ഭാഗമാകാന്‍ ആ മണ്ഡലത്തെ കെജ്രിവാള്‍ നോട്ടമിടുന്നുണ്ടാകാം, ബാജ്വ പറഞ്ഞു.
പഞ്ചാബിലെ എഎപിയില്‍ ഭിന്നിപ്പുണ്ടാകുമെന്നും സര്‍ക്കാരില്‍ മാറ്റമുണ്ടാകുമെന്നും കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ്വ പറഞ്ഞതാണു രാഷ്ട്രീയ ചര്‍ച്ചയായത്. 2022ലെ തിരഞ്ഞെടുപ്പില്‍ 92 സീറ്റുമായാണ് എഎപി അധികാരം പിടിച്ചത്. കോണ്‍ഗ്രസിന് 18 സീറ്റിലേ വിജയിക്കാനായുള്ളൂ.
''ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം എഎപിയുടെ അവസാനത്തിന്റെ തുടക്കമാണ്. കേജ്രിവാളും ഭഗവന്ത് മാനും വ്യാജ വാഗ്ദാനങ്ങളാണു നല്‍കിയത്. ഒഴിഞ്ഞുകിടക്കുന്ന ലുധിയാന മണ്ഡലത്തില്‍ കേജ്രിവാള്‍ മത്സരിക്കാന്‍ സാധ്യതയുണ്ട്. അതുവഴി പഞ്ചാബ് സര്‍ക്കാരിന്റെ ഭാഗമാകാനാണു ശ്രമം'' പ്രതാപ് സിങ് ബജ്വ പറഞ്ഞു.
പഞ്ചാബ് മുഖ്യമന്ത്രിയാകാനാണു കേജ്രിവാളിന്റെ നീക്കമെന്നു ബിജെപി നേതാവ് സുഭാഷ് ശര്‍മയും അഭിപ്രായപ്പെട്ടു. 70ല്‍ 67 എംഎല്‍എമാരുമായി ഡല്‍ഹി ഭരിച്ചിരുന്ന എഎപിക്ക് ഇത്തവണ 22 സീറ്റിലേ ജയിക്കാനായുള്ളൂ. കേജ്രിവാള്‍, മനീഷ് സിസോദിയ, സൗരഭ് ഭരദ്വാജ്, സോമനാഥ് ഭാരതി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ തോല്‍ക്കുകയും ചെയ്തു.
അതേസമയം, കോണ്‍ഗ്രസിന്റെ അവകാശവാദങ്ങളെ നിരാകരിച്ച് എ.എ.പി. വക്താവ് നീല്‍ ഗാര്‍ഗ് രംഗത്തെത്തി. കെജ്രിവാള്‍ ഞങ്ങളുടെ ദേശീയ കണ്‍വീനറാണ്. മാന്‍ പഞ്ചാബ് മുഖ്യമന്ത്രിയും. കോണ്‍ഗ്രസിന്റെ ഗ്രാഫ് കുത്തനെ താഴേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. ഡല്‍ഹിയില്‍ തുടര്‍ച്ചയായ മൂന്നാംതവണയും ഒരു സീറ്റുപോലും അവര്‍ക്ക് നേടാന്‍ കഴിഞ്ഞില്ല. 2022-ലെ പഞ്ചാബ് തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് 18 എം.എല്‍.എമാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. അത് 27-ലെ തിരഞ്ഞെടുപ്പില്‍ വീണ്ടുംകുറയും. സംസ്ഥാനത്തെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പു നോക്കൂ, എന്താണ് അവരുടെ പ്രകടനം, ഗാര്‍ഗ് ചോദിച്ചു. കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ ഒരു സീറ്റ് പോലും നേടാന്‍ കഴിയാത്തതിനെ കുറിച്ചാണ് ബാജ്വ ആശങ്കപ്പെടേണ്ടതെന്നും ഗാര്‍ഗ് കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപി വലിയ പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെ അരവിന്ദ് കെജ്രിവാള്‍ പഞ്ചാബില്‍ മുഖ്യമന്ത്രിയാകാന്‍ നീക്കം നടത്തുന്നതായി കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. പഞ്ചാബ് നിയമസഭയില്‍ ഒഴിവുള്ള ഒരു സീറ്റും ആം ആദ്മി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്റെ ദിവസങ്ങള്‍ക്ക് മുമ്പുള്ള പ്രസ്താവനയും ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത്.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ നേതൃത്വത്തില്‍ ഡല്‍ഹി നേതൃത്വത്തിനെതിരെ തിരിയുമെന്നും വ്യാപകമായി എ.എ.പി. എം.എല്‍.എമാര്‍ പാര്‍ട്ടി വിടുമെന്നും ഗുരുദാസ്പുര്‍ എം.പി. സുഖ്ജിന്ദര്‍ സിങ് രണ്‍ധാവ പറഞ്ഞിരുന്നു. പഞ്ചാബ് ഇടക്കാല തിരഞ്ഞെടുപ്പിനായി തയ്യാറെടുക്കണ കോണ്‍ഗ്രസ് പറഞ്ഞിരുന്നു. എ.എ.പിയുടെ ഒരുപിടി എം.എല്‍.എമാര്‍ പാര്‍ട്ടി വിടും. കുറഞ്ഞത് 35 എം.എല്‍.എമാര്‍ എ.എ.പി. വിട്ട് മറ്റ് പാര്‍ട്ടികളില്‍ ചേക്കേറാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.