ദുബായ്: ദേശീയ ക്രിക്കറ്റ് ടീമിന് എന്തു സംഭാവന നല്‍കി എന്നു ചോദിച്ചാല്‍, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ മുതല്‍ യുവതാരം തിലക് വര്‍മ വരെയുള്ള പട്ടിക നിരത്താന്‍ ഹൈദരാബാദ് ക്രിക്കറ്റിന് കഴിയും. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റിലെ നേട്ടങ്ങളെക്കുറിച്ചു ചോദിച്ചാല്‍ ഹൈദരാബാദുകാര്‍ക്ക് പറയാന്‍ ഒന്നും കാര്യമായില്ല. ഇത് തിരുത്തിയത് ഒരു മലയാളിയാണ്. കോട്ടയത്തെ ആരോണ്‍ ജോര്‍ജ്ജ് വര്‍്ഗ്ഗീസ്. ഈ മലയാളി ഇന്ന് ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന് വേണ്ടി അരങ്ങേറ്റ മത്സരം കളിച്ചു. ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ മൂന്നാമനായി ഇറങ്ങി അര്‍ദ്ധ സെഞ്ച്വറി നേടിയാണ് ഈ മലയാളിയുടെ മടക്കം. യുഎഇയിക്കെതിരായ ആദ്യ മത്സരത്തില്‍ 73 പന്തില്‍ 69 റണ്‍സാണ് ആരോണ്‍ എടുത്തത്. അടിച്ചു തകര്‍ത്ത് മുന്നേറിയ വൈഭവ് സൂര്യവംശിയ്ക്ക് മികച്ച പിന്തുണ നല്‍കി. രണ്ടാം വിക്കറ്റില്‍ 212 റണ്‍സാണ് സൂര്യവംശിയ്‌ക്കൊപ്പം ആരോണ്‍ നേടിയത്. ഇതോടെ ദേശീയ ക്രിക്കറ്റില്‍ ആരോണ്‍ ശ്രദ്ധേയ താരമാകുകയാണ്. ഐപിഎല്ലില്‍ അടക്കം അരോണ്‍ ഇത്തവണ പ്രധാന ശ്രദ്ധാകേന്ദ്രമായി മാറും.

രണ്ടേ രണ്ടു തവണ രഞ്ജി ട്രോഫി കിരീടം നേടിയത് (1937ലും 1986ലും) മാറ്റിനിര്‍ത്തിയാല്‍ പറയാനൊരു ആഭ്യന്തര ക്രിക്കറ്റ് ട്രോഫിയില്ലാതെ വിഷമിച്ച ഹൈദരാബാദ്, ഈ വര്‍ഷം വിനൂ മങ്കാദ് അണ്ടര്‍ 19 കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ അതിന്റെ അമരത്ത് ഒരു മലയാളി ഉണ്ടായിരുന്നു; ടീം ക്യാപ്റ്റന്‍ ആരോണ്‍ ജോര്‍ജ് വര്‍ഗീസ്. ടൂര്‍ണമെന്റ് ചരിത്രത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റില്‍, ഏറ്റവും അധികം സെഞ്ചറിയുമായി ടീമിനെ മുന്നില്‍ നിന്നു നയിച്ച ആരോണിലൂടെയാണ് വിനൂ മങ്കാദ് ട്രോഫിയില്‍ ഹൈദരാബാദ് കിരീടം നേടിയത്. ആ നേട്ടത്തിനുള്ള അംഗീകാരമെന്നോണം ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ടീമിലേക്കും ആരോണിനു വിളിയെത്തി. അതും ഉജ്ജ്വലമാക്കുകായണ് മലയാളി.

മാവേലിക്കര സ്വദേശിയായ ഈശോ വര്‍ഗീസിന്റെയും കോട്ടയം സ്വദേശിനിയായ പ്രീതി വര്‍ഗീസിന്റെയും മകനായ ആരോണ്‍ ജനിച്ചത് കേരളത്തിലാണെങ്കിലും വളര്‍ന്നതെല്ലാം ഹൈദരാബാദിലായിരുന്നു. ഹൈദരാബാദ് പൊലീസില്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന, പിന്നീട് സ്വകാര്യ സ്ഥാപനത്തിലേക്കു മാറിയ ഈശോ വര്‍ഗീസിനും ചെറുപ്പം മുതല്‍ ക്രിക്കറ്റായിരുന്നു ഇഷ്ട വിഷയം. പ്രഫഷനല്‍ ക്രിക്കറ്റിലേക്ക് കടക്കാനുള്ള അവസരമോ പിന്തുണയോ ഈശോയ്ക്ക് ലഭിച്ചില്ല. മകനെ ക്രിക്കറ്ററാക്കാനും ആഗ്രഹിച്ചു. ആരോണിനെ ആറാം വയസ്സില്‍ ഈശോ ക്രിക്കറ്റ് പരിശീലനത്തിന് അയച്ചു. 'വിജയ് മര്‍ച്ചന്റ് അണ്ടര്‍ 16 ട്രോഫിയില്‍ ബിഹാറിനെതിരെ ഹൈദരാബാദിനായി ഒരു ട്രിപ്പിള്‍ സെഞ്ചറി നേടിയതോടെ ആരോണ്‍ തന്റെ വഴി ഉറപ്പിച്ചു.

ക്രിക്കറ്റിലേക്ക് കടന്നുവരാനുള്ള പ്രധാന കാരണം തന്റെ അച്ഛനാണെന്ന് ഈശോയും പറയുന്നു. കുട്ടിക്കാലത്ത് പിറന്നാള്‍ സമ്മാനമായി ലഭിച്ച പ്ലാസ്റ്റിക് ബാറ്റ് ഉപയോഗിച്ച് പിതാവിനോടൊപ്പം കളിച്ചു തുടങ്ങിയതാണ് ക്രിക്കറ്റിനോടുള്ള ഇഷ്ടം വളര്‍ത്തിയത്. ലീഗ് ക്രിക്കറ്റില്‍ സജീവമായിരുന്ന ഈശോയ്ക്ക് പ്രൊഫഷണല്‍ ക്രിക്കറ്റ് പിന്തുടരാന്‍ പിന്തുണ ലഭിച്ചിരുന്നില്ല. മകന്റെ ക്രിക്കറ്റ് സ്വപ്നങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതിനായി പോലീസ് ജോലി ഉപേക്ഷിച്ച് കോര്‍പ്പറേറ്റ് മേഖലയിലേക്ക് മാറിയ വ്യക്തി കൂടിയാണ് അദ്ദേഹം. കണക്കില്‍ ബിരുദാനന്തര ബിരുദധാരിയായ മാതാവ് പ്രീതി, ആരോണിന്റെ പഠനകാര്യങ്ങളിലും ശ്രദ്ധ പുലര്‍ത്തി. ഇന്ത്യന്‍ ക്രിക്കറ്റില്‍ സച്ചിന്‍ തെണ്ടുല്‍ക്കറിനെ ആരാധിച്ചിരുന്ന ആരോണിന്റെ ഇഷ്ടതാരം എബി ഡിവില്ലിയേഴ്‌സ് ആണ്. 'അദ്ദേഹത്തിന്റെ റേഞ്ച്, ഏത് പന്തിനെയും എവിടെയും അടിക്കാനുള്ള കഴിവ്, അതാണ് ആത്യന്തികമായ വൈദഗ്ദ്ധ്യം,' ആരോണ്‍ പറയുന്നു. എബി ഡിവില്ലിയേഴ്‌സിനെപ്പോലെ ഒരു വലിയ താരമായി മാറാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരോണ്‍ ജോര്‍ജ് വര്‍ഗ്ഗീസ്.

അണ്ടര്‍ 16 ടീമിലെ മികവ് തൊട്ടടുത്ത വര്‍ഷം തന്നെ ആരോണിന് അണ്ടര്‍ 19 ടീമിലേക്കുള്ള വഴി തുറന്നു. 2024ല്‍ ടീമിന്റെ ക്യാപ്റ്റനായ ആരോണിന്റെ നേതൃത്വത്തില്‍ ഹൈദരാബാദ്, വിനൂ മങ്കാദ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തി. തൊട്ടടുത്ത സീസണില്‍ ടീമിനെ വിജയത്തിലേക്കും എത്തിച്ചു ടൂര്‍ണമെന്റില്‍ 146.85 സ്‌ട്രൈക്ക് റേറ്റില്‍ 2 സെഞ്ചറിയും ഒരു അര്‍ധ സെഞ്ചറിയുമടക്കം 373 റണ്‍സ് അടിച്ചുകൂട്ടിയ ആരോണാണ് ഹൈദരാബാദിന് കന്നി കിരീടം നല്‍കിയത്. ചാലഞ്ചര്‍ ട്രോഫി ടീമിലും ഇന്ത്യ ബി ടീമിലും സ്ഥാനം കിട്ടി. പിന്നാലെ ഇന്ത്യന്‍ അണ്ടര്‍ 19 ജഴ്‌സിയും പത്തൊന്‍പതുകാരനെ തേടിയെത്തി.

അണ്ടര്‍ 19 ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് ആയുഷ് മാത്രെയാണ്. ആരോണ്‍ ജോര്‍ജ് വര്‍ഗീസാണ് ടീമിലെ ഏക മലയാളി. ദുബായിലാണ് 50 ഓവര്‍ ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റ് നടക്കുന്നത്.