- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവരാവകാശത്തില്‍ വിന്‍സന്റ് എം പോളിന്റെ നോ പറച്ചില്; അബ്ദുള്‍ ഹക്കിം കമ്മീഷണറായപ്പോള്‍ കഥ മാറി; വെള്ളിത്തിരയിലെ 'വില്ലന്മാരെ' കുടുക്കിയ ഹീറോയുടെ കഥ
തിരുവനന്തപുരം: തന്റെ റിപ്പോര്‍ട്ട് രഹസ്യമാക്കണമെന്നായിരുന്നു ജസ്റ്റീസ് ഹേമയുടെ ഉപദേശം. വസ്തുതാ അന്വേഷണം നടത്താത്ത മൊഴികള്‍ മാത്രമുള്ള റിപ്പോര്‍ട്ട് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാകുമെന്ന് അവര്‍ സര്‍ക്കാരിനേയും അറിയിച്ചു. അതുകൊണ്ട് സര്‍ക്കാര്‍ ധൈര്യമായി അതിന് മേല്‍ അടയിരുന്നു. അപ്പോഴാണ് വിവരാവകാശ കമ്മിഷന് പല്ലും നഖവുമുണ്ടെന്ന് തെളിയിച്ച്് കമ്മിഷണര്‍ ഡോ.എ.അബ്ദുള്‍ ഹക്കിം എത്തിയത്. ഹക്കിം എന്ന വ്യക്തിയുടെ നിശ്ചയദാര്‍ഢ്യമാണ് ഈ റിപ്പോര്‍ട്ടിനെ പൊതു സമൂഹത്തിലെത്തിച്ചത്. റിപ്പോര്‍ട്ട് പുറത്തു വിടണമെന്ന ആവശ്യം മുമ്പ് വിവരാവകാശ കമ്മിഷന്‍ നിരസിച്ചിരുന്നു. എന്നാല്‍ മാദ്ധ്യമ പ്രവര്‍ത്തകരുടെ അപേക്ഷയിന്‍മേല്‍ […]
തിരുവനന്തപുരം: തന്റെ റിപ്പോര്‍ട്ട് രഹസ്യമാക്കണമെന്നായിരുന്നു ജസ്റ്റീസ് ഹേമയുടെ ഉപദേശം. വസ്തുതാ അന്വേഷണം നടത്താത്ത മൊഴികള്‍ മാത്രമുള്ള റിപ്പോര്‍ട്ട് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാകുമെന്ന് അവര്‍ സര്‍ക്കാരിനേയും അറിയിച്ചു. അതുകൊണ്ട് സര്‍ക്കാര്‍ ധൈര്യമായി അതിന് മേല്‍ അടയിരുന്നു. അപ്പോഴാണ് വിവരാവകാശ കമ്മിഷന് പല്ലും നഖവുമുണ്ടെന്ന് തെളിയിച്ച്് കമ്മിഷണര്‍ ഡോ.എ.അബ്ദുള്‍ ഹക്കിം എത്തിയത്. ഹക്കിം എന്ന വ്യക്തിയുടെ നിശ്ചയദാര്‍ഢ്യമാണ് ഈ റിപ്പോര്‍ട്ടിനെ പൊതു സമൂഹത്തിലെത്തിച്ചത്.
റിപ്പോര്‍ട്ട് പുറത്തു വിടണമെന്ന ആവശ്യം മുമ്പ് വിവരാവകാശ കമ്മിഷന്‍ നിരസിച്ചിരുന്നു. എന്നാല്‍ മാദ്ധ്യമ പ്രവര്‍ത്തകരുടെ അപേക്ഷയിന്‍മേല്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഉത്തരവിട്ട് ഡോ.ഹക്കിം ഏവരേയും പ്രതിസന്ധിയിലാക്കി. പഴുതുകളില്ലാതെ വിവരാവകാശ നിയമത്തില്‍ ഊന്നിനിന്ന് കൃത്യമായ നിലപാട് എടുത്തു. ഒരിക്കല്‍ നിരസിച്ചതില്‍ പുതിയ സാഹചര്യം കണ്ടെത്തി ഉത്തരവിട്ടു. റിപ്പോര്‍ട്ട് പരിശോധിച്ച് എല്ലാം ഉറപ്പു വരുത്തിയായിരുന്നു കമ്മീഷന്‍ ഉത്തരവ്. ഈ റിപ്പോര്‍ട്ട് കമ്മീഷന് കൊടുക്കാന്‍ പോലും സര്‍ക്കാര്‍ ആദ്യം തയ്യാറായില്ല. എന്നാല്‍ നിയമ വഴിയില്‍ ആവശ്യപ്പെട്ടതോടെ സര്‍ക്കാര്‍ അത് കമ്മീഷന് നല്‍കി. ഇതോടെ വമ്പന്മാരെ കുടുക്കുന്ന റിപ്പോര്‍ട്ട് പുറം ലോകത്ത് എത്തുമെന്നും ഉറപ്പായി.
റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം പത്തു ദിവസത്തിനകം വന്ന വിവരാവകാശ അപേക്ഷയാണ് അന്നത്തെ മുഖ്യ വിവരാവകാശ കമ്മിഷണറായിരുന്ന വിന്‍സണ്‍ എം.പോള്‍ തള്ളിയത്. സര്‍ക്കാരിനു പഠിക്കാനുള്ള സമയം പോലും നല്‍കാതെ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ കഴിയില്ലെന്ന് വിലയിരുത്തിയായിരുന്നു ഇത്. എന്നാല്‍ അന്ന് നിലനിന്ന സാഹചര്യം ഇപ്പോഴില്ലെന്നു റിപ്പോര്‍ട്ട് പുറത്തു വിടാനുള്ള കാരണങ്ങളിലൊന്നായി ഹക്കിം ചൂണ്ടിക്കാട്ടുന്നു. പുറത്തു വിടാനാകാത്ത വിവരങ്ങള്‍ ഒഴിവാക്കി മറ്റു വിവരങ്ങള്‍ പുറത്തുവിടാമെന്ന് വിവരാവകാശ നിയമം സെക്ഷന്‍ പത്തില്‍ പറഞ്ഞിട്ടുള്ളതും അദ്ദേഹം ഉത്തരവില്‍ വിശദീകരിച്ചു.
നാലരവര്‍ഷത്തോളമാണ് റിപ്പോര്‍ട്ട് സെക്രട്ടേറിയറ്റിലെ സാസ്‌കാരികവകുപ്പിന്റെ അലമാരയില്‍ ഭദ്രമായിരുന്നത്. 2019 ഡിസംബര്‍ 31-ന് സമിതി റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയെങ്കിലും സിനിമാമേഖലയിലെ ഒരുപാടുപേരുടെ മുഖംമൂടി അഴിഞ്ഞുവീഴുമെന്ന് ഭയന്ന് പുറത്തുവിട്ടില്ല. വിവരാവകാശ അപേക്ഷകളും അപ്പീലുകളും തള്ളി. ഒടുവില്‍ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ വിവരാവകാശ കമ്മിഷനെ നേരിട്ട് സമീപിച്ചതോടെ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ നിര്‍ദേശിക്കുകയായിരുന്നു. വ്യക്തികളുടെ സ്വകാര്യത തിരിച്ചറിയുന്നഭാഗം ഒഴിവാക്കി റിപ്പോര്‍ട്ട് വിടാമെന്നായിരുന്നു കമ്മിഷന്റെ നിര്‍ദേശം.
2017 ഫെബ്രുവരി 17നു നടി ആക്രമിക്കപ്പെട്ടതാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി രൂപവത്കരണത്തിനു കാരണമായത്. 2019 ഡിസംബര്‍ 31നു കമ്മിറ്റി മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ട് നല്‍കി. പിന്നീട് റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യം ശക്തമായി. എന്നാല്‍, സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടായില്ല. തുടര്‍ന്നു നിയമ പോരാട്ടമായി. സ്വകാര്യതയെ ഹനിക്കുന്ന വിവരങ്ങള്‍ ഉള്ളതിനാല്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ആകില്ലെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കപ്പെട്ടില്ല. ഒടുവില്‍, വിവരാവകാശ കമ്മിഷണറായ എ. അബ്ദുള്‍ ഹക്കീം റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഉത്തരവിട്ടു. ഇതിനെതിരേ ഹൈക്കോടതിയില്‍ കേസ് വന്നെങ്കിലും വിജയിച്ചില്ല. അതോടെയാണ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നത്.
കായംകുളം കൊറ്റുകുളങ്ങര സ്വദേശിയാണ് വിവരാവകാശ കമ്മിഷണറായ അബ്ദുള്‍ ഹക്കിം. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ അഡീഷണല്‍ ഡയറക്ടറായി വിരമിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍, വിവിധ ജില്ലകളില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍ സ്പെഷല്‍ ഓഫീസര്‍, റൂറല്‍ ഇന്‍ഫര്‍മേഷന്‍ ചീഫ് ഓഫീസര്‍, കേരള മീഡിയ അക്കാദമി സെക്രട്ടറി, റവന്യൂ പബ്ലിസിറ്റി ഓഫീസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മൂന്നു തവണ സര്‍ക്കാരിന്റെ ഗുഡ് സര്‍വീസ് എന്‍ട്രി ലഭിച്ചിട്ടുണ്ട്. അഞ്ചു വര്‍ഷമായിട്ടും രഹസ്യമാക്കി വച്ചതോടെയാണ് വിവരാവകാശ കമ്മിഷന്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
കഴിഞ്ഞ മേയ് ആദ്യവാരം ഒരു മാധ്യമപ്രവര്‍ത്തകന്‍ അപ്പീലുമായി വിവരാവകാശ കമ്മിഷനെ സമീപിച്ചതാണ് നിമിത്തമായത്. ജൂണില്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മുദ്രവച്ച കവറില്‍ സാംസ്‌കാരിക വകുപ്പ് വിവരാവകാശ കമ്മിഷനു കൈമാറി. സിവില്‍, ജുഡീഷ്യല്‍ അധികാരങ്ങള്‍ ഉപയോഗിച്ചു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതോടെയാണ് അതു കമ്മിഷനു കൈമാറിയത്.