റിയാദ്: സൗദി ബാലന്‍ അനസ് അല്‍ ശഹ്‌റിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അബ്ദുള്‍ റഹീം എന്ന പ്രവാസി 18 വർഷം കൊണ്ടാണ് ജയിലിൽ കഴിയുന്നത്. ഉറ്റവരെ ഇനി എന്ന് കാണാൻ കഴിയുമെന്ന പ്രതീക്ഷയിൽ അബ്‌ദുൾ ജയിൽ ജീവിതം തള്ളി നീക്കുന്നു. ഇപ്പോഴിതാ, മോചനവുമായി ബന്ധപ്പെട്ട കേസിൽ അനിശ്ചിതത്വം തുടരുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഇനി ജനുവരി 15 നാണ് കേസ് വീണ്ടും പരിഗണിക്കുക. കേസ് പഠിക്കാൻ ഇനിയും സമയം വേണമെന്നാണ് അധികൃതർ പറയുന്നത്.

സൗദിയിലെ തടവില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനത്തില്‍ വീണ്ടും അനിശ്ചിതത്വം. റഹീമിന്റെ കേസ് പരിഗണിക്കുന്നത് അഞ്ചാം തവണയും റിയാദിലെ ക്രിമിനല്‍ കോടതി മാറ്റി. ഈ മാസം 12ന് നടക്കേണ്ടിയിരുന്ന സിറ്റിങ് സാങ്കേതിക തടസങ്ങൾ ചൂണ്ടികാണിച്ചാണ് ഇന്നേക്ക് (തിങ്കള്‍) മാറ്റിയത്. വീണ്ടും കേസിനെ കുറിച്ച് പഠിക്കണമെന്ന് പറഞ്ഞാണ് കേസ് ഇപ്പോള്‍ വീണ്ടും മാറ്റിവെച്ചിരിക്കുന്നത്. ജനുവരി 15-ലേക്കാണ് കേസ് ഇപ്പോൾ മാറ്റിയിരിക്കുന്നത്.

മരിക്കുന്നതിന് മുന്‍പെങ്കിലും മകനെ കാണമെന്നും എന്ത് ചെയ്താലും അവനെ ഇങ്ങ് എത്തിക്കണമെന്നും‌ അബ്ദുള്‍ റഹീമിന്റെ ഉമ്മ പ്രതികരിച്ചു. റഹീമിന്റെ വിധി ഇന്ന് വരുമെന്ന് പ്രതീക്ഷയിലായിരുന്നു കുടുംബം. എന്നാല്‍ കേസ് മാറ്റിവെച്ചതോടെ കുടുംബം പ്രതീക്ഷയാകെ നഷ്ട്ടപ്പെട്ട് ഇരിക്കുകയാണ്

ജയിൽ മോചനത്തിനുള്ള നിർണായക ഉത്തരവ് ഞായറാഴ്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം ആവശ്യപ്പെട്ട ദിയാ ധനം കോടതി വഴി നൽകിയിരുന്നു. ഇതു പ്രകാരം കഴിഞ്ഞ ജൂലൈ രണ്ടിന് വധശിക്ഷ റദ്ദാക്കിയിരുന്നു. എന്നാൽ പബ്ലിക് റൈറ്റ്സുമായി ബന്ധപ്പെട്ട കേസിൽ തീർപ്പാകാത്തതിനാലാണ് ജയിൽ മോചനം നീണ്ടു പോകാൻ കാരണമെന്നാണ് പറയുന്നത്.

ആദ്യ സിറ്റിങ് ഒക്ടോബർ 21നാണ് നടന്നത്. എന്നാൽ ബഞ്ച് മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബഞ്ച് തന്നെയാണ് മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടതെന്നും അറിയിച്ച് കോടതി കേസ് മാറ്റിവെക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ നവംബർ 17 ന് വധശിക്ഷ ഒഴിവാക്കിയ അതേ ബഞ്ച് കേസ് പരിഗണിച്ചു. എന്നാൽ വിഷയം സൂക്ഷ്മമായി പരിശോധിക്കേണ്ടതുള്ളതിനാൽ കൂടുതൽ സമയം ആവശ്യപ്പെട്ട് കോടതി ഡിസംബർ എട്ടിലേക്ക് മാറ്റി.

ആ തീയതിയിൽ നടന്ന സിറ്റിങ്ങിലും തീരുമാനമായില്ല. എന്നാൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ട വിശദീകരണം പ്രതിഭാഗത്തിന് നൽകാനായി. അത് കൂടി പരിശോധിച്ച് വിധി പ്രഖ്യാപനം ഡിസംബർ 12 ലേക്ക് മാറ്റുകയായിരുന്നു. പിന്നീടാണ് ഡിസംബര്‍ 30ലേക്ക് വീണ്ടും കോടതി സിറ്റിങ് നിശ്ചയിച്ചത്. ഇതാണ് ഇപ്പോൾ വീണ്ടും മാറ്റിയത്.

അതേസമയം, ജയിൽ മോചന ഉത്തരവ് ഉണ്ടായാൽ അത് മേൽക്കോടതിയും ഗവർണറേറ്റും അംഗീകരിക്കേണ്ടതുണ്ട്. ഇതിന് ശേഷമാകും അബ്ദുൾ റഹീം ജയിൽ മോചിതനാകുന്നതും നാട്ടിലേക്ക് മടങ്ങുന്നതും. അതേസമയം, ദിയാധനമായ 36 കോടിയോളം രൂപ മരിച്ച സൗദി ബാലന്റെ കുടുംബത്തിന് കൈമാറിയതോടെയാണ് വധശിക്ഷ റദ്ദാക്കിയത്.