- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഷാഫി പറമ്പിലിനെ മര്‍ദ്ദിച്ചത് താനല്ലെന്ന നിലപാടില്‍ സിഐ അഭിലാഷ് ഡേവിഡ്; വാര്‍ത്താസമ്മേളനത്തില്‍ തന്റെ ഫോട്ടോ സഹിതം ഷാഫി അപകീര്‍ത്തിപ്പെടുത്തിയെന്ന് പൊലീസ് ഉദ്യോഗസ്ഥന്റെ ആരോപണം; നിയമനടപടി സ്വീകരിക്കാന്‍ അനുമതി വടകര റൂറല്‍ എസ്പിക്ക് അപേക്ഷ നല്കി
ഷാഫി പറമ്പിലിനെ മര്‍ദ്ദിച്ചത് താനല്ലെന്ന നിലപാടില്‍ സിഐ അഭിലാഷ് ഡേവിഡ്
വടകര: വടകര എംപി ഷാഫി പറമ്പിലിനെതിരെ നിയമ നടപടിക്കൊരുങ്ങി എസ്എച്ച്ഒ അഭിലാഷ് ഡേവിഡ്. വാര്‍ത്താസമ്മേളനത്തില്‍ തന്റെ ഫോട്ടോ സഹിതം ഷാഫി പറമ്പില്‍ എം.പി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് വടകര കണ്‍ട്രോള്‍ റൂം എസ്.എച്ച്.ഒ അഭിലാഷ് ഡേവിഡ് നിയമ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. തനിക്കെതിരെ ദുരുദ്ദേശപരവും അപകീര്‍ത്തികരവുമായ പരാമര്‍ശമാണ് എം.പി നടത്തിയത് എന്നാണ് ആക്ഷേപം. എം.പിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി തേടി വടകര റൂറല്‍ എസ്.പിക്കാണ് അഭിലാഷ് അപേക്ഷ നല്‍കിയത്.
സംഘര്‍ഷത്തിനിടെ അഭിലാഷ് ഡേവിഡാണ് തന്നെ മര്‍ദ്ദിച്ചതെന്നായിരുന്നു ഷാഫി പറമ്പിലിന്റെ പ്രധാന ആരോപണം. വാര്‍ത്താസമ്മേളനത്തില്‍ പേരെടുത്ത് പറഞ്ഞ ഷാഫി പറമ്പില്‍, പാര്‍ട്ടിക്ക് വേണ്ടി കൊട്ടേഷന്‍ പണി യാണ് ഈ പൊലീസ് ഉദ്യോഗസ്ഥന്‍ ചെയ്യുന്നതെന്നും പറഞ്ഞിരുന്നു. നിയമനടപടി സ്വീകരിക്കാനുള്ള സി.ഐയുടെ അപേക്ഷ എസ്.പി, ഡി.ജി.പിക്ക് കൈമാറിയിട്ടുണ്ട്. നടപടിക്രമം പാലിച്ച് അനുമതി ലഭിച്ച ശേഷം മാത്രമേ ഉദ്യോഗസ്ഥന് നിയമനടപടിയിലേക്ക് കടക്കാന്‍ സാധിക്കൂ.
തന്നെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് ഷാഫി പറമ്പില്‍ എംപി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നത്. പേരാമ്പ്ര സംഘര്‍ഷ സമയത്ത് തന്നെ ആസൂത്രിതമായി ആക്രമിക്കാന്‍ ശ്രമം നടന്നെന്നും അതിന് നേതൃത്വം നല്‍കിയതും തന്നെ അടിച്ചതും ഈ ഉദ്യോഗസ്ഥനാണെന്നുമാണ് എംപി ആരോപിച്ചത്. അഭിലാഷ് ഡേവിഡിനെ കൃത്യവിലോപത്തിന് നേരത്തെ സര്‍വിസില്‍ നിന്നും പുറത്താക്കിയതാണെന്നും ഷാഫി ചൂണ്ടിക്കാട്ടിയിരുന്നു. അതിനുശേഷമാണ് വീണ്ടും സര്‍വീസിലേക്ക് തിരികെ കയറ്റിയത്. ഇയാള്‍ അത്ര നല്ല ട്രാക്ക് റെക്കോര്‍ഡ് ഉള്ള ഉദ്യോഗസ്ഥനല്ല. ദുരുദ്ദേശപരമായിട്ടാണ് ഇത്തരം ഉദ്യോഗസ്ഥനെ കോഴിക്കോട് റൂറലിലേക്ക് കൊണ്ടുവന്നതെന്നും എംപി ആരോപിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പിന്നീട് എംപി പരാതി നല്‍കുകയും ചെയ്തിരുന്നു.
'മാഫിയ ബന്ധത്തിന്റെ പേരില്‍ 2023 ജനുവരി 16ന് സസ്‌പെന്‍ഷനില്‍ പോയ പൊലീസ് ഉദ്യോഗസ്ഥനാണ് അഭിലാഷ് ഡേവിഡ്. പിന്നാലെ ഇയാളെ പിരിച്ചു വിട്ടു എന്ന് വാര്‍ത്ത വന്നതാണ്. പൊലീസ് സൈറ്റില്‍ ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇല്ല. ഇയാള്‍ ഉള്‍പ്പെടെ മൂന്നു പേരെ പിരിച്ചു വിട്ട ശേഷം സര്‍വീസില്‍ തിരികെ കയറ്റി. വഞ്ചിയൂര്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലെ നിത്യസന്ദര്‍ശകനാണ് ഇയാള്‍. സര്‍വിസില്‍ നിന്ന് പിരിച്ചുവിടപ്പെട്ട ഈ പൊലീസുകാരനടക്കമുള്ളവരുടെ രേഖകള്‍ പൊലീസ് ആസ്ഥാനത്തില്ല എന്നാണ് വിവരാവകാശ നിയപ്രകാരം ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി. ഇത്തരം അക്രമികളായ പൊലീസുകാരെ ആരുമറിയാതെ പുനര്‍നിയമിച്ചത് കൊണ്ടാണ് ആ രേഖകള്‍ പുറത്ത് വിടാത്തത്' -എന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ ഷാഫി ആരോപിച്ചത്.
ദൃശ്യങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെ, കോഴിക്കോട് ഡിസിസി നേതൃത്വവും ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. എംപിയെ മര്‍ദിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ച വടകര ഡിവൈഎസ്പിക്കെതിരെ നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഈ പരാതിയില്‍ തുടര്‍നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല.




