- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാഹുബലി ദി ബിഗിനിംഗില്‍ സംശയ മുനയില്‍ നിന്ന പോരാളി; രണ്ടാം ഭാഗമായ ദി കണ്‍ക്ലൂഷനിലൂടെ പൊന്നും തങ്കമായ 'കട്ടപ്പ'! അബിന് വര്‍ക്കിയെ അപമാനിക്കാന്‍ പോസ്റ്റര്‍ ഇറക്കിയവര്‍ക്ക് രാജമൗലിയുടെ ആ കഥാപാത്ര സൃഷ്ടി പോലും അറിയില്ല; യൂത്ത് കോണ്‍ഗ്രസിനെ ചൊല്ലി ഗ്രൂപ്പ് പോര് മുറുകുന്നു; ആരെയെങ്കിലും കെട്ടിയറിക്കിയാല് 'കട്ടപ്പയും 40 പേരും' രാജിവയ്ക്കും
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസില്‍ പോര് പുതിയ തലത്തില്‍. നിലവിലെ ഭാരവാഹികള്‍ക്ക് പകരം പുറത്തുനിന്ന് ഒരാളെ കൊണ്ടുവന്നാല്‍ രാജിവെക്കുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിയടക്കമുള്ള 40 ഭാരവാഹികളുടെ നിലപാട്. ഇത് ഹൈക്കമാണ്ടിനെ അറിയിച്ചു. അബിനെ 'കട്ടപ്പ'യാക്കി പോസ്റ്റര്‍ ഇറക്കിയിരുന്നു യുത്ത് കോണ്‍ഗ്രസിലെ ഒരു വിഭാഗം. രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്നില്‍ നിന്നും 'കട്ടപ്പ' കുത്തി വീഴ്ത്തിയെന്ന തരത്തിലായിരുന്നു പോസ്റ്റര്‍. ബാഹുബലി സിനിമയിലെ ആദ്യ ഭാഗത്തിലായിരുന്ന ബാഹുബലിയെ കട്ടപ്പ പിന്നില്‍ നിന്നും കുത്തി വീഴ്ത്തിയത്. എന്നാല്‍ രണ്ടാം ഭാഗത്ത് കട്ടപ്പയായിരുന്നു താരം. കുത്തി വീഴ്ത്തിയതിനും ഒരു കാരണമുണ്ടായിരുന്നു. അങ്ങനെ ബാഹുബലി രണ്ടിലൂടെ കട്ടപ്പയുടെ മൂല്യം ഉയര്‍ന്നു. ഇതേ കട്ടപ്പയായി അബിന്‍ വര്‍ക്കിയെ ചിത്രീകരിച്ചതിന് പിന്നില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് എത്താതിരിക്കാനാണ്. ബാഹുബലി സിനിമയ്ക്ക് രണ്ടു ഭാഗമായിരുന്നു. അതില്‍ ബാഹുബലി .. ദി ബിഗിനിംഗ് എന്നതായിരുന്നു ആദ്യ ഭാഗം. അവിടെയാണ് കട്ടപ്പ സംശയത്തിലായത്. എന്നാല്‍ ബാഹുബലി.. ദി കണ്‍ക്ലൂഷനില്‍ ആ സംശയം നീങ്ങി. അങ്ങനെ ധീരതയുടെ പര്യായമായി കട്ടപ്പ മാറുകയും ചെയ്തു. ആ കട്ടപ്പയെന്ന കഥാപാത്രത്തെ ഉപയോഗിച്ചാണ് അബിനെ അപമാനിക്കാനുള്ള ശ്രമം. അതായത് രാജമൗലിയുടെ സിനിമാ സീരീസിലെ കട്ടപ്പയെന്ന കഥാപാത്രത്തിന് പിന്നിലെ കഥ പോലും യൂത്ത് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് അറിയില്ലെന്ന് സാരം.
നിലവിലെ വൈസ് പ്രസിഡന്റ് കൂടിയായ അബിന്‍ വര്‍ക്കിയെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. പ്രസിഡന്റ് ഏതെങ്കിലും ഘട്ടത്തില്‍ രാജിവെക്കുകയോ പുറത്താക്കപ്പെടുകയോ ചെയ്താല്‍ വൈസ് പ്രസിഡന്റിന് ആ ചുമതല കൈമാറുന്നതാണ് രീതിയെന്ന് ഇവര്‍ പറയുന്നു. അങ്ങനെ വരുമ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ച ഒഴിവിലേക്ക് പരിഗണിക്കപ്പെടേണ്ടയാള്‍ അബിന്‍ വര്‍ക്കിയാണ്. രമേശ് ചെന്നിത്തലയുടെ വിശ്വസ്തനാണ് അബിന്‍. സമരത്തിലും സോഷ്യല്‍ മീഡിയയിലും എല്ലാം സജീവം. ചാനല്‍ ചര്‍ച്ചയിലും നിറയുന്നു. ഈ മികവെല്ലാം ഉണ്ടെങ്കിലും എ ഗ്രൂപ്പിന് അര്‍ഹതപ്പെട്ടതാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം എന്നാണ് പറയുന്നത്. അതുകൊണ്ട് അബിന് നല്‍കില്ല. ഇതുറപ്പിക്കാനായിരുന്നു കട്ടപ്പ പോസ്റ്റര്‍. ഇതിനിടെ ഷാഫി പറമ്പിലും എ ഗ്രൂപ്പിനുമൊപ്പം എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗാപോലും യൂത്ത് കോണ്‍ഗ്രസ് പിടിക്കാന്‍ രംഗത്തുണ്ട്. മറ്റുപേരുകളും അധ്യക്ഷസ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. എന്നാല്‍ അത്തരം തീരുമാനങ്ങളിലേക്ക് കടന്നാല്‍ കടുത്ത നിലപാടെടുക്കുമെന്ന് അബിന്‍ വര്‍ക്കി മുന്നറിയിപ്പ് നല്‍കുന്നു. ഇക്കാര്യങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വത്തെ അറിയിച്ചെന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞദിവസം യൂത്ത് കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെട്ട വാട്സാപ്പ് ഗ്രൂപ്പില്‍ അബിന്‍ വര്‍ക്കിക്കുനേരെ വ്യാപകവിമര്‍ശനമുയര്‍ന്നിരുന്നു. രാഹുല്‍ മാങ്കൂട്ടവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നില്‍ അബിനാണെന്നും സ്ഥാനം ലക്ഷ്യമിട്ടുള്ള നീക്കമാണെന്നതടക്കമുള്ള വിമര്‍ശനങ്ങളാണ് ഉന്നയിക്കപ്പെട്ടത്. ബിനു ചുള്ളിയില്‍, കെഎം അഭിജിത്ത് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സ്ഥാനത്തേക്ക് എ ഗ്രൂപ്പ് പരിഗണിച്ചിരുന്ന പേരാണ് അഭിജിത്തിന്റേത്. ഏറ്റവും ഒടുവില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് ദേശീയ പുനസംഘടനയില്‍ അഭിജിത്തിനെ ഒഴിവാക്കിയതിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. ദേശീയ പുനസംഘടനയില്‍ ജനറല്‍ സെക്രട്ടറിയായ ആളാണ് ബിനു ചുള്ളിയില്‍. കെസി വേണുഗോപാലുമായുള്ള അടുപ്പം അധ്യക്ഷസ്ഥാനത്തേക്ക് എത്താന്‍ സഹായകരമാകുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ പക്ഷം. ചുള്ളിയിലിന് വേണ്ടി സജീവമായി കെസി രംഗത്തുണ്ട്.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം 'തനിക്ക്' തന്നെ എന്ന വേണ നിലപാടിലാണ് ഷാഫി പറമ്പില്‍. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ജിന്‍ഷാദ് ജിന്നാസിനെ സംസ്ഥാന അദ്ധ്യക്ഷനാക്കണമെന്നാണ് ഷാഫി പറമ്പില്‍ എംപിയുടെ നിര്‍ദേശം. എ ഗ്രൂപ്പില്‍ നിന്നുള്ള നേതാവാണ് പതിവായി അദ്ധ്യക്ഷ സ്ഥാനത്തേക്ക് വിജയിച്ചുവരാറുള്ളത്. അത് കൊണ്ട് എ ഗ്രൂപ്പിന് മുന്‍തൂക്കം കിട്ടും. എന്നാല്‍ എ ഗ്രൂപ്പ് എന്നാല്‍ താനാണെന്നും അതുകൊണ്ട് തന്നെ പറയുന്ന ആളിനെ അധ്യക്ഷനാക്കണമെന്നുമാണ് ഷാഫിയുടെ പക്ഷം. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഷാഫി ഒഴിഞ്ഞപ്പോഴാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രസിഡന്റായത്. അന്ന് സംഘടനാ തിരഞ്ഞെടുപ്പ് നടന്നുവെങ്കിലും നിരവധി ആരോപണം ഉയര്‍ന്നു. അന്ന് രാഹുലിനെതിരെ മത്സരിച്ച അബിന്‍ വര്‍ക്കി കോടിയാട്ട് വിവാദങ്ങള്‍ക്ക് നിന്നില്ല. കോണ്‍ഗ്രസില്‍ ഗ്രൂപ്പില്ലെന്ന് പറയുമ്പോഴും ഗ്രൂപ്പിന് തന്നെയാകും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തും മുന്‍ഗണന. ഉമ്മന്‍ചാണ്ടിയുടെ കാലത്താണ് എ ഗ്രൂപ്പിന് യൂത്ത് കോണ്‍ഗ്രസ് സ്ഥാനം എന്ന ഫോര്‍മുലയുണ്ടായത്. അന്ന് ഗ്രൂപ്പിലെ എല്ലാ നേതാക്കളുമായി ചര്‍ച്ച ചെയ്താണ് അന്തിമ തീരുമാനം എടുത്തത്. എന്നാല്‍ ഇപ്പോള്‍ എല്ലാം എ ഗ്രൂപ്പിന്റെ പേരില്‍ ഷാഫി പറമ്പില്‍ തീരുമാനിക്കുന്നുവെന്നാണ് ഉയര്‍ന്ന പരാതി. ഇതില്‍ അമര്‍ഷം ശക്തമാണ്.
പാലക്കാട് എംഎല്‍എയായിരുന്ന ഷാഫി വടകരയുടെ എംപിയായപ്പോഴും പാലക്കാട് തന്റെ പിന്‍ഗാമിയായി രാഹുലിനെ നിര്‍ത്തി. ഇത് പാലക്കാട്ടെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയായി. പിന്തുടര്‍ച്ചാവകാശം നല്‍കുന്നതാണ് ചോദ്യം ചെയ്തത്. എന്നാല്‍ വീണ്ടും ഇത് നടത്തിയെടുക്കാനാണ് ഷാഫിയുടെ നീക്കം. വടകരയില്‍ നിന്നും മാറി പാലക്കാട് വീണ്ടും മത്സരിക്കാനും ഷാഫി ആഗ്രഹിക്കുന്നുണ്ട്. അത് നടക്കാതെ പോയാല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാക്കാന്‍ ആഗ്രഹിക്കുന്ന ജിന്‍ഷാദ് ജിന്നാസിനെ പാലക്കാട് മത്സരിപ്പിക്കാനാണ് ആഗ്രഹം. ഇതിന് വേണ്ടി കൂടിയാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി ജിന്‍ഷാദിനെ ഉയര്‍ത്തികാട്ടുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്ന് പുതിയ അദ്ധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ സങ്കീര്‍ണ്ണമാവുകയാണ്. ഓരോരുത്തര്‍ക്കും വേണ്ടി ഗ്രൂപ്പ് തിരിഞ്ഞ് നിലയുറപ്പിച്ചതിനെ തുടര്‍ന്നാണ് അദ്ധ്യക്ഷനെ കണ്ടെത്തുന്നത് പാതിവഴിയിലെത്തി നില്‍ക്കുന്നത്. ഐ ഗ്രൂപ്പ് അബിന്‍ വക്കിയെയാണ് മുമ്പോട്ട് വയ്ക്കുന്നത്. എ ഗ്രൂപ്പിലെ ഭൂരിപക്ഷം പേര്‍ക്കും അഭിജിത്തിനോടാണ് താല്‍പ്പര്യം. ഇത് അട്ടിമറിക്കാനാണ് ഷാഫിയുടെ നീക്കം.
രാഹുല്‍ മാങ്കൂട്ടത്തിലിന് പകരക്കാരനെ കണ്ടെത്താന്‍ ദീപ ദാസ് മുന്‍ഷി നേതാക്കളുമായി ചര്‍ച്ച തുടരുകയാണ്. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ബിനു ചുള്ളിയില്‍, സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി, ഒ ജെ ജനീഷ്, കെ എം അഭിജിത്ത്, ജെ എസ് അഖില്‍ എന്നിവരെയാണ് പ്രധാനമായും പരിഗണിച്ചത്. ഇതിനിടെയാണ് ജിന്‍ഷാദ് ജിന്നാസിനെ ആക്കിയേ മതിയാകൂവെന്ന് ഷാഫി നിര്‍ബന്ധം പിടിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹിപ്പട്ടിക പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി- യുവജന സംഘടനകളില്‍ അതൃപ്തി പരസ്യമായിരുന്നു. കെഎസ്യു മുന്‍സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിന് ഭാരവാഹിത്വം നിഷേധിച്ചത് ചൂണ്ടിക്കാട്ടി പ്രതികരണവുമായി പലരും രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസ്- കെഎസ്യു നേതൃസ്ഥാനങ്ങളിലുള്ള, അഭിജിത്തിനെ അനുകൂലിക്കുന്നവരാണ് പരസ്യവിമര്‍ശനവുമായി എത്തിയത്. അഭിജിത്തിനെ മാറ്റിനിര്‍ത്തിയവര്‍ അയോഗ്യത കൂടി പറയണം എന്നാണ് സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി അന്ന് പ്രചരിപ്പിക്കപ്പെട്ട പോസ്റ്റുകളിലെ ആവശ്യം. അഭിജിത്ത് കെഎസ്യു പ്രസിഡന്റ് ആയിരുന്ന കാലത്തെ സമരങ്ങള്‍ അടക്കം ഓര്‍മപ്പെടുത്തിയാണ് പ്രതികരണങ്ങള്‍ ഏറേയും.
ബിനു ചുള്ളിയില്‍, ജിന്‍ഷാദ് ജിന്നാസ്, ശ്രീലാല്‍ ശ്രീധര്‍, ഷിബിന വി.കെ. എന്നിവരാണ് സംസ്ഥാനത്തുനിന്ന് ഭാരവാഹിപ്പട്ടികയില്‍ ഇടം പിടിച്ചത്. സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പ്രഖ്യാപിച്ച പട്ടികയില്‍ നാലുപേരും ദേശീയ സെക്രട്ടറി സ്ഥാനത്തേക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായിരുന്നു ജിന്‍ഷാദും ശ്രീലാല്‍ ശ്രീധറും. വൈസ് പ്രസിഡന്റാണ് ഷിബിന. മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ബിനു. രാഹുല്‍ മാങ്കൂട്ടത്തില്‍ സംസ്ഥാന പ്രസിഡന്റായ സംഘടനാ തിരഞ്ഞെടുപ്പില്‍ ബിനുവിന്റെ പേരും യൂത്ത് കോണ്‍ഗ്രസ് തലപ്പത്തേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍, അവസാനനിമിഷം ബിനു മത്സരത്തില്‍ പത്രികപോലും നല്‍കാതെ പിന്മാറുകയായിരുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ കെ.സി. വേണുഗോപാലിനോട് ചേര്‍ന്നുനില്‍ക്കുന്ന യുവനേതാവാണ് ബിനു. ഷാഫി പറമ്പില്‍- രാഹുല്‍ മാങ്കൂട്ടത്തില്‍ പക്ഷത്തിനൊപ്പമുള്ള നേതാവാണ് ജിന്‍ഷാദ്. അന്ന് അഭിജിത്തിനെ വെട്ടിയാണ് ജിന്‍ഷാദിനെ ദേശീയ സെക്രട്ടറിയാക്കിയത്.