ഷിംല: ഹിമാചൽ പ്രദേശിലെ ഹരിപ്പൂർധറിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു. 25 ഓളം പേർക്ക് പരിക്കേറ്റു. കുപ്വിയിൽ നിന്ന് ഷിംലയിലേക്ക് പോകുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട ബസ്സിൽ ഏകദേശം 35 ഓളം യാത്രക്കാരുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. നൂറു മുതൽ ഇരുനൂറ് അടി വരെ താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്.

അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം ഊർജ്ജിതമായി പുരോഗമിച്ചുവരികയാണ്. ബസ് തലകീഴായി മറിഞ്ഞ നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സമീപവാസികളും അതുവഴി കടന്നുപോയ മറ്റ് യാത്രക്കാരും രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കാൻ എത്തുകയും അടിയന്തര സഹായങ്ങൾ എത്തുന്നതിന് മുൻപ് പരിക്കേറ്റവരെ പുറത്തെടുക്കുകയും ചെയ്തു. ദുരന്തത്തിൽ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖുവും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും ദുഃഖം രേഖപ്പെടുത്തി.

സിർമൂർ ജില്ലയിലെ ഹരിപുർധർ സമീപമുണ്ടായ ബസ് അപകടത്തിൽ അഗാധമായ ദുഃഖമുണ്ടെന്ന് മുഖ്യമന്ത്രി എക്‌സിലെ പോസ്റ്റിൽ കുറിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച അദ്ദേഹം, ഈ ദുഷ്‌കരമായ സമയത്ത് കുടുംബങ്ങളോടൊപ്പം നിൽക്കുന്നുവെന്നും വ്യക്തമാക്കി. മരിച്ചവരുടെ കുടുംബങ്ങൾക്ക് എല്ലാ സഹായങ്ങളും നൽകാനും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും ജില്ലാ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

വ്യവസായ മന്ത്രിയും ഷല്ലായി അസംബ്ലി മണ്ഡലത്തിലെ പ്രാദേശിക എംഎൽഎയുമായ ഹർഷവർദ്ധൻ ചൗഹാൻ അറിയിച്ചത് പ്രകാരം, ജില്ലാ ഭരണകൂടത്തിന് ജാഗ്രതാ നിർദ്ദേശം നൽകുകയും ദദാഹു, സംഗ്രഹ്, നഹാൻ ആശുപത്രികളിലെ മെഡിക്കൽ ടീമുകളെ അടിയന്തര സാഹചര്യം നേരിടാൻ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. അപകടകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.