മെക്സിക്കോ സിറ്റി: ദേശീയ പാതയിൽ ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ച് വൻ ദുരന്തം. അപകടത്തിൽ ഇതുവരെ 3 പേർ മരിക്കുകയും 70 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവരിൽ നവജാത ശിശുവും രണ്ട് വയസ്സുള്ള കുട്ടിയും ടാങ്കറിന്റെ ഡ്രൈവറും ഉൾപ്പെടുന്നു. അപകടസ്ഥലത്ത് നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് മരണസംഖ്യ ഇനിയും ഉയർന്നേക്കാൻ സാധ്യതയുണ്ട്.

ബുധനാഴ്ച മെക്സിക്കോ സിറ്റിക്ക് സമീപമുള്ള ദേശീയ പാതയിലെ ഓവർ പാസിൽ വെച്ചാണ് സിൽസ കമ്പനിയുടെ ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ ശേഷം പൊട്ടിത്തെറിച്ചത്. ടാങ്കറിലുണ്ടായിരുന്ന 49,500 ലിറ്റർ ഗ്യാസോലിൻ നിമിഷ നേരം കൊണ്ട് റോഡിലേക്ക് പടരുകയായിരുന്നു. തുടർന്ന് റോഡിലുണ്ടായിരുന്ന 30 ഓളം വാഹനങ്ങൾ പൂർണ്ണമായും കത്തിനശിച്ചു. അപകടത്തെത്തുടർന്നുണ്ടായ കനത്ത പുകപടലം നഗരത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ദൃശ്യമായിരുന്നു.

പരിക്കേറ്റവരിൽ ഭൂരിഭാഗം പേർക്കും ശരീരത്തിൽ ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ട്. 19 പേരുടെ നില അതീവ ഗുരുതരമാണെന്ന് മെക്സിക്കോ സിറ്റി മേയർ ക്ലാക ബ്രുഗാഡ അറിയിച്ചു. നൂറ് ശതമാനം പൊള്ളലേറ്റവരെ ആശുപത്രികളിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ദുഷ്കരമായിരുന്നു. അപകടത്തിൽപ്പെട്ട ടാങ്കറിന് ഇൻഷുറൻസ് പരിരക്ഷയുണ്ടായിരുന്നില്ലെന്ന് മെക്സിക്കോയുടെ പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. അപകടസ്ഥലത്തെ തീ നിയന്ത്രണ വിധേയമാക്കിയതായും ദേശീയ പാതയുടെ പ്രവർത്തനം പുനരാരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായും മേയർ വ്യക്തമാക്കി. മെക്സിക്കൻ പ്രസിഡന്റ് അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി.