കൊച്ചി: അന്വേഷണ മികവിന് വീണ്ടും മമ്മൂട്ടിയുടെ കൂട്ടുകാരന് അംഗീകാരം. എറണാകുളം അസിസ്റ്റന്റ് കമ്മിഷണര്‍ പി. രാജ്കുമാറിന് വീണ്ടും അംഗീകാരമെത്തുമ്പോള്‍ അത് കേരളാ പോലീസിനും തൊപ്പിലെ തൂവലാകുകയാണ്. അന്വേഷണ മികവിന് രാഷ്ട്രപതിയുടെ സുത്യര്‍ഹസേവനത്തിനുള്ള മെഡലും വൈക്കംകാരനെ തേടിയെത്തിയത്. മമ്മൂട്ടിയുടെ കൂട്ടുകാരന്‍. നേട്ടം അറിഞ്ഞ് മമ്മൂട്ടിയും രാജ്കുമാറിനെ വിളിച്ച് അഭിനന്ദനം അറിയിച്ചു.

2003-ല്‍ സബ് ഇന്‍സ്‌പെക്ടര്‍ െട്രയിനിയായി തുടങ്ങിയതാണ് വൈക്കം മറവന്‍തുരുത്ത് സ്വദേശിയായ രാജ്കുമാറിന്റെ പോലീസ് ജീവിതം. കണ്ണൂരില്‍ പ്രൊബേഷണറി എസ്.ഐ. ആയി. 2005-ല്‍ എറണാകുളം ജില്ലയിലെ വാഴക്കുളത്ത് എസ്.എച്ച്.ഒ. പാലായില്‍ എസ്.ഐ. ആയപ്പോള്‍ മുതല്‍ രാജ്കുമാര്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്‍ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായി. ഒട്ടേറെ കേസുകളിലുള്‍പ്പെട്ട ആയി സജി എന്ന ഗുണ്ടയെ സിനിമാരംഗങ്ങളെ ഓര്‍മിപ്പിക്കുംവിധം പിന്തുടര്‍ന്ന് പിടിച്ച സംഭവം വലിയ വാര്‍ത്തയായി. പൊന്‍കുന്നത്ത് ജോലിചെയ്യുമ്പോള്‍ സൂര്യനെല്ലി കേസ് പ്രതിയെ കര്‍ണാടകയില്‍നിന്ന് അറസ്റ്റുചെയ്ത രാജ്കുമാര്‍ ഒട്ടേറെ കൊലപാതകക്കേസുകളും തെളിയിച്ചു. പിന്നെ ഇന്നുവരെ കളങ്കം കേള്‍പ്പിക്കാത്ത അന്വേഷണവും ജനസേവനത്തിന്റെ മാതൃകയുമാണ് പി. രാജ്കുമാറിനെ മെഡലിന് അര്‍ഹനാക്കിയത്.

അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പൊലീസ് മെഡലിനും രാജ്കുമാര്‍ അര്‍ഹനായിരുന്നു.മുഖ്യമന്ത്രിയുടെ മെഡലും കിട്ടി. അങ്ങനെ അന്വേഷണ മികവിന് മൂന്ന് പ്രധാന അംഗീകാരം കിട്ടുന്ന ഓഫീസറായി രാജ്കുമാര്‍ മാറുകയാണ്. "മെഡല്‍ നേട്ടം ഏറെ അഭിമാനം ഉളവാക്കുന്നതാണ്. ജോലിയും വ്യക്തിപരമായ ജീവിതവും കൂട്ടിക്കുഴയ്ക്കാറില്ല. സാധാരണക്കാരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ ഭാവിയിലും സദാജാഗരൂകനായിരിക്കും," പി. രാജ്കുമാര്‍ പ്രതികരിച്ചു. വൈക്കം ചെമ്പിനടുത്തുള്ള മറവന്‍തുരുത്ത് രാജ്ഭവനില്‍ പുരുഷോത്തമന്‍, രമണി ദമ്പതികളുടെ മകനാണ്. ഭാര്യ നിഷ തലയോലപ്പറമ്പ് സ്വദേശിനിയും വൈക്കം എസ്.എന്‍.ഡി.പി ആശ്രമം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപികയുമാണ്.

2021-ല്‍ ഡിവൈ.എസ്.പി.യായി സ്ഥാനക്കയറ്റം കിട്ടി ശാസ്താംകോട്ടയിലെത്തിയ രാജ്കുമാര്‍ ആണ് കേരളത്തെ ഞെട്ടിച്ച വിസ്മയ കേസ് തെളിയിച്ചത്. സ്ത്രീധനപീഡന മരണക്കേസില്‍ കുറ്റക്കാരന് ശിക്ഷ നേടിക്കൊടുത്ത അപൂര്‍വ്വ മാതൃക. പിന്നെ കൊച്ചിയിലേക്ക്. 2022 ജൂണില്‍ സൗത്ത് എ.സി.പി.യായി. സംവിധായകന്‍ ജോഷിയുടെ വീട്ടില്‍നിന്ന് ഒന്നരക്കോടിയുടെ ആഭരണങ്ങള്‍ കവര്‍ന്ന ബിഹാര്‍ റോബിന്‍ഹുഡിനെ 15 മണിക്കൂറിനുള്ളില്‍ പിടികൂടിയപ്പോള്‍ അന്വേഷണമികവ് കേരളത്തിന് അഭിമാനമായി. ഫ്ളാറ്റില്‍നിന്ന് പിഞ്ചുകുഞ്ഞിനെ എറിഞ്ഞുകൊന്ന സംഭവത്തിലും തെളിഞ്ഞു അന്വേഷണ മികവ്. പനമ്പിള്ളി നഗറില്‍ യുവതിയെക്കൊന്ന് രക്ഷപ്പെട്ടയാളെ നേപ്പാള്‍വരെ പിന്തുടര്‍ന്നാണ് രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തിയത്.

കോട്ടയം വൈക്കം സെന്റ് സേവിയേഴ്‌സ് കോളേജില്‍ നിന്ന് ഫിസിക്‌സില്‍ ബിരുദം നേടിയ രാജ്കുമാര്‍ പോലീസില്‍ സേവന മാതൃകകളും സൃഷ്ടിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള ബോധവത്കരണം, മത്സരപ്പരീക്ഷകള്‍ എഴുതുന്നവര്‍ക്ക് പ്രചോദനം നല്‍കുന്ന ക്ളാസുകള്‍ തുടങ്ങിയവ ആവിഷ്‌കരിച്ച് നടപ്പാക്കി. ഇതിനൊപ്പം മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ ഘാതകരെ പിടിച്ചതും കുപ്രസിദ്ധ ഗുണ്ടാ നേതാവ് സജിയെ പിടികൂടിയതും രാജ്കുമാറാണ്. കലൂരില്‍ ഡി.ജെ പാര്‍ട്ടിക്കിടെയുണ്ടായ കൊലപാതകക്കേസിലെ പ്രതിയെ പിടിച്ചതും രാജ്കുമാര്‍. പാലാരിവട്ടത്തെ നൈജീരിയന്‍ സ്വദേശിയുള്‍പ്പെട്ട ലഹരിവേട്ടയും രാജ്കുമാറിന്റെ മികവിന് തെളിവായി.

പോലീസിനെ ജനങ്ങളോട് അടുപ്പിക്കാനായി ആവിഷ്‌കരിച്ച വിവിധ കര്‍മപദ്ധതികളും ചര്‍ച്ചയായി. മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണലിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും കൂടെയുള്ള രാജ്കുമാര്‍ നിര്‍ധന വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ എന്‍ട്രന്‍സ് കോച്ചിങ്, പി.എസ്.സി. പരീക്ഷാ ക്ലാസ്, ഓട്ടോ തൊഴിലാളികളുമായി ചേര്‍ന്ന് തുടങ്ങിയ ഓട്ടോ പോലീസ്, അനാഥബാല്യങ്ങള്‍ക്കായുള്ള കരുതല്‍പദ്ധതി, മാനസിക വൈകല്യമുള്ളവര്‍ക്കായി സാന്ത്വനസ്പര്‍ശം, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് മരുന്ന് നല്‍കുന്നതിനായി പ്രാദേശിക മെഡിക്കല്‍സ്റ്റോറുകളുടെ സഹായത്തോടെ തുടങ്ങിയ ദൗത്യം തുടങ്ങിയവയിലൂടെ അലിവിന്റെ മാതൃകയായി.