കൊച്ചി: സംവിധായകന്‍ രഞ്ജിത്തിന്റെയും 'അമ്മ' ജനറല്‍ സെക്രട്ടറി സിദ്ദിഖിന്റെയും രാജിക്കിടെ കടുത്ത വിമര്‍ശനവുമായി നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഷമ്മി തിലകന്‍. 'അമ്മ' പ്രസിഡന്റ് മോഹന്‍ലാലിന് പ്രതികരണശേഷി നഷ്ടപ്പെട്ടുവെന്ന് നടന്‍ ഷമ്മി തിലകന്‍ പരിഹസിച്ചു. വിവാദങ്ങളില്‍ മോഹന്‍ലാല്‍ മറുപടി പറയുമോയെന്ന് തനിക്ക് സംശയമുണ്ടെന്നും ഷമ്മി തിലകന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സിദ്ദിഖ്, രഞ്ജിത്ത് തുടങ്ങിയവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണത്തിന് പിന്നാലെ രാജിവച്ചതോടെയാണ് ഷമ്മി തിലകന്റെ പ്രതികരണം.

മോഹന്‍ലാലിന് പ്രതികരണശേഷി നഷ്ടപ്പെട്ടുവോ എന്ന് പണ്ട് താന്‍ ചോദിച്ചിട്ടുള്ളതാണെന്ന് ഷമ്മി തിലകന്‍ പറഞ്ഞു. ഉപ്പുതിന്നവര്‍ ആരാണെങ്കിലും വെള്ളം കുടിക്കുമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. 'ഉപ്പുതിന്നവര്‍ വെള്ളം കുടിച്ചേ പറ്റൂ, അത് ആരാണേലും. ഞാനടക്കം ഭയത്തോടെയാണ് ജീവിക്കുന്നത്. ഹേമ കമ്മിറ്റിയാണ് പവര്‍ ഗ്രൂപ്പ് എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്. അവരുടെ റിപ്പോര്‍ട്ടില്‍ അതിന് തെളിവുകളുമുണ്ട്. ആ തെളിവുകള്‍ പ്രകാരമേ ആ ഗ്രൂപ്പില്‍ ആരൊക്കെ ഉണ്ടെന്ന് പറയാനാകൂ.

ഉടയേണ്ട വിഗ്രഹങ്ങള്‍ ഉടയണം. വിശ്വാസവഞ്ചന കാണിച്ച വിഗ്രഹങ്ങള്‍ ഉടച്ചുകളയണം. സിദ്ദിഖിന്റെ രാജി കാവ്യനീതിയാണെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷേ എന്റെ അച്ഛന് അങ്ങനെ തോന്നുന്നുണ്ടാവാം', ഷമ്മി തിലകന്‍ പറഞ്ഞു. അച്ഛന്റെ ആത്മാവ് ഇവിടെത്തന്നെയുണ്ട്, അദ്ദേഹം അനുഭവിച്ചതും ഇവിടെയുണ്ട്. ഈ ചുഴലിക്കാറ്റ് ഇങ്ങനെ പലരെയും എടുത്തുകൊണ്ടുപോകുമെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

അതേ സമയം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് രാജിവച്ചു. അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണു രാജിവയ്ക്കുന്നതായി അദ്ദേഹം സര്‍ക്കാരിനെ അറിയിച്ചത്. രഞ്ജിത്ത് രാജിവയ്ക്കണമെന്നു വിവിധ കോണുകളില്‍നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. വയനാട്ടിലെ റിസോര്‍ട്ടില്‍ താമസിക്കുകയായിരുന്ന രഞ്ജിത്ത്, ഔദ്യോഗിക വാഹനത്തിലെ ബോര്‍ഡ് മാറ്റിയാണ് ഇന്നലെ കോഴിക്കോട്ടെ വസതിയിലേക്കു പോയത്. നടന്‍ സിദ്ദിഖ് അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചതിനു പിന്നാലെയാണ് രഞ്ജിത്തിന്റെ രാജി.

കൂടുതല്‍ പ്രതികരണത്തിന് മുതിര്‍ന്നാല്‍ ഒരു പക്ഷേ, തനിക്ക് ജീവഹാനി സംഭവിച്ചേക്കുമെന്ന് ഷമ്മി തിലകന്‍ ഇന്നലെ പറഞ്ഞിരുന്നു. സഹോദരിയോട് ഒരു നായക നടന്‍ മോശമായി സംസാരിച്ചതിനെക്കുറിച്ച് അറിഞ്ഞിരുന്നെന്നും അതിനെക്കുറിച്ച് പൊതു ഇടത്തില്‍ പ്രതികരിച്ചിട്ടുണ്ടെന്നും ഷമ്മി വ്യക്തമാക്കി. 'ഞാന്‍ ഇനി കൂടുതല്‍ പറയുന്നില്ല. എന്നിട്ട് വേണം ഞാന്‍ പോകുന്ന വാഹനം ഇടിപ്പിച്ചു തെറിപ്പിക്കാനും, ഞാന്‍ പോകുന്ന വഴിയില്‍ ഓരോ ആഗ്യം കാണിക്കാനും,' ഷമ്മി പ്രതികരിച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ക്ലേവ് നടത്തുന്നത് അബദ്ധമാണെന്ന് ഷമ്മി തിലകന്‍ അഭിപ്രായപ്പെട്ടു. "കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചാല്‍ പോകും. സിനിമാക്കാരുടെ സംഘടന ക്ഷണിക്കുമെന്ന് തോന്നുന്നില്ല. അങ്ങനെ ഒരു പരിപാടിക്ക് ക്ഷണിക്കാതെയിരിക്കുന്നതാണ് നല്ലത്. വെറുതെ എന്തിനാണ് ഞാന്‍ എന്റെ ആയുസ്സ് കളയുന്നത്,' ഷമ്മി ചോദിക്കുന്നു.

മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട് എന്ന് പറയുന്ന ആദ്യ ആളുകളല്ല ഹേമ കമ്മിറ്റിയെന്നും മുന്‍പ് സംവിധായകന്‍ വിനയന്‍ നല്‍കിയ കേസില്‍ കോടതി പിഴ ചുമത്തിയിട്ടുണ്ടെന്നും അവരുടെ പേരുകള്‍ ഉള്‍പ്പട്ടെ പുറത്തു വന്നിട്ടുണ്ടെന്നും ഷമ്മി ചൂണ്ടിക്കാട്ടി. "ഈ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വരുന്നതിനു എത്രയോ മുന്‍പ് മരണപ്പെട്ട ആളാണ് അച്ഛന്‍. എന്നിട്ടും അച്ഛനാണ് നിറഞ്ഞു നില്‍ക്കുന്നത്. അത് വലിയ തമാശയാണ്. കുറെ കാലം മുന്‍പ് വിനയന്‍ നല്‍കിയ പരാതിയില്‍ എന്റെ മൊഴിയും എടുത്തിരുന്നു. കോടതിയിലെ മൊഴിപ്പകര്‍പ്പില്‍ എന്റെയും പേരുണ്ട്. എന്നാല്‍ ഹേമ കമ്മിറ്റി എന്റെ മൊഴി എടുത്തിരുന്നില്ല. അതിന്റെ കാരണം എനിക്ക് അറിയില്ല. ഇനി ഞാന്‍ പ്രതിസ്ഥാനത്താണോ എന്നും അറിയില്ലല്ലോ. ചിലപ്പോള്‍ അതുകൊണ്ടാവും ഹേമ കമ്മിറ്റി എന്റെ മൊഴി എടുക്കാഞ്ഞത്,' ഷമ്മി പറഞ്ഞു.

"അച്ഛന്‍ അനുഭവിച്ച വേദനയ്ക്ക് പരിഹാരം കാണാന്‍ അച്ഛന്‍ ചിലപ്പോള്‍ ഇവിടെ എവിടെയെങ്കിലും കാണുമായിരിക്കും. അച്ഛന്റെ സിനിമകള്‍ ഒഴിവാക്കിവിട്ട ആളുകളെ നമുക്കെല്ലാം അറിയാമല്ലോ. പക്ഷേ, തെളിവ് കിട്ടാന്‍ ഇപ്പോള്‍ സാധ്യതയില്ല," ഷമ്മി തിലകന്‍ പറഞ്ഞു.

"പണ്ടത്തെ കാര്യങ്ങളാണ് ഹേമ കമ്മിറ്റിയില്‍ തുറന്നു പറഞ്ഞത് എന്നാണല്ലോ വിവരം. പണ്ട് വേഷം മാറാന്‍ ഞങ്ങളും കഷ്ടപ്പെട്ടിട്ടുണ്ട്. പൊലീസ് വേഷങ്ങള്‍ മാറാന്‍ വരെ വഴിയരികില്‍ നില്‍ക്കേണ്ടി വന്നിട്ടുണ്ട്," ഷമ്മി ചൂണ്ടിക്കാട്ടി.

പലരും ഈ വിഷയത്തില്‍ പ്രതികരിക്കുന്നില്ലല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പരിഹാസം കലര്‍ന്ന മറുപടിയാണ് ഷമ്മി നല്‍കിയത്. "ആളുകള്‍ പ്രതികരിക്കാത്തത് ചിലപ്പോള്‍ അവര്‍ക്ക് സംസാരിക്കാന്‍ പറ്റാത്ത അസുഖമുള്ളതുകൊണ്ടാകും," എന്നായിരുന്നു ഷമ്മിയുടെ മറുപടി.