- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിദ്ദിഖിനു ജാമ്യം നല്‍കിയത് പീഡനപരാതി നല്‍കാന്‍ തയാറായവരുടെ മനോവീര്യം കെടുത്തി; ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഇല്ലാതാക്കി; തെളിവുകള്‍ നശിപ്പിക്കുന്നുവെന്നും സര്‍ക്കാര്‍ കോടതിയില്‍; അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്ന് അതിജീവിത
പരാതി ഇത്രയും കാലം വൈകിയത് എന്തുകൊണ്ടെന്ന് കോടതി
ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിനു താല്‍ക്കാലിക ജാമ്യം നല്‍കിയതു സമാനമായ പീഡന പരാതിയുമായി മുന്നോട്ടുവന്ന സിനിമാ രംഗത്തെ മറ്റു സ്ത്രീകളുടെ മനോവീര്യം കെടുത്തിയെന്നു സംസ്ഥാന സര്‍ക്കാര്‍. സിനിമ മേഖലയിലെ പ്രമുഖര്‍ക്ക് എതിരെയടക്കം മുപ്പതോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും തുടര്‍ നടപടികള്‍ക്ക് ഇരകളുടെ മനോവീര്യം കെടുത്തുന്നതാണ് സിദ്ദിഖിന്റെ ജാമ്യമെന്നാണ് ആക്ഷേപം. സംസ്ഥാന സര്‍ക്കാരും പരാതിക്കാരിയുടെ അഭിഭാഷകയും ഉന്നയിച്ച വിഷയങ്ങളില്‍ മറുപടി നല്‍കാന്‍ സാവകാശം വേണമെന്ന നിലപാട് സിദ്ദിഖിന്റെ അഭിഭാഷകന്‍ വി.ഗിരി സ്വീകരിച്ചതോടെ കോടതി ഇതനുവദിച്ചു.
ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് അഞ്ച് വര്‍ഷത്തിനു ശേഷം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത്. അതേ തുടര്‍ന്ന് 30 കേസുകളും റജിസ്റ്റര്‍ ചെയ്തു. എന്നാല്‍, പരാതി നല്‍കാന്‍ തയാറായവരുടെ മനോവീര്യം കെടുത്തുന്നതാണ് സിദ്ദിഖിനു ജാമ്യം നല്‍കിയ നടപടിയെന്നും സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ ചൂണ്ടിക്കാട്ടി.
സിദ്ദിഖിന്റെ വാദങ്ങളെ എതിര്‍ക്കാന്‍ താല്‍ക്കാലിക ജാമ്യത്തിലുള്ള സിദ്ദിഖ് തെളിവു നശിപ്പിക്കുന്നുവെന്ന വാദമാണ് കേരള സര്‍ക്കാര്‍ കോടതിയില്‍ ആവര്‍ത്തിച്ചുയര്‍ത്തിയത്. എന്നാല്‍, എട്ട് വര്‍ഷം മുന്‍പു നടന്ന സംഭവത്തില്‍ തെളിവു വളരെ നേരത്തേ നശിപ്പിക്കാമായിരുന്നല്ലോ എന്ന ചോദ്യം ബെഞ്ച് തന്നെ ഉന്നയിച്ചു. സിദ്ദിഖിന്റെ അഭിഭാഷകനും ഇതുതന്നെ ആവര്‍ത്തിച്ചു. പരാതി ഇത്രയും കാലം വൈകിയത് എന്തുകൊണ്ടെന്ന ചോദ്യം ജസ്റ്റിസ് ബേല എം. ത്രിവേദി ഇന്നും ആവര്‍ത്തിച്ചു.
കേസിലെ തെളിവ് നശിപ്പിക്കാന്‍ ആണെങ്കില്‍ സിദ്ദിഖിന് അത് മുമ്പേ ചെയ്യാമായിരുന്നില്ലേ എന്ന് കോടതി ചോദിച്ചു. കേസില്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സിദ്ദിഖിന് രണ്ടാഴ്ചത്തെ സമയം സുപ്രീം കോടതി അനുവദിച്ചു. കേസ് രണ്ട് ആഴ്ചക്ക് ശേഷം സുപ്രീം കോടതി പരിഗണിക്കും. അത് വരെ ഇടക്കാല ജാമ്യം അനുവദിക്കാനുള്ള മുന്‍ ഉത്തരവ് നിലനില്‍ക്കും.
മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനയ്ക്ക് എടുത്തപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണം എന്ന് സിദ്ദിഖിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി ഗിരി കോടതിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കോടതിയില്‍ ഫയല്‍ ചെയ്തത് അധിക സത്യവാങ്മൂലം ആണെന്നും അതില്‍ കഴിഞ്ഞ തവണ കേസ് പരിഗണിച്ച ശേഷമുള്ള കാര്യങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയത് എന്നും ഗിരി കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സിദ്ദിഖിന് സുപ്രീം കോടതി രണ്ട് ആഴ്ചത്തെ സമയം അനുവദിച്ചത്.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതിയുടെ തീരുമാനം വൈകരുത് എന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രഞ്ജിത്ത് കുമാര്‍ ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം മുപ്പതോളം പരാതികള്‍ ആണ് ലഭിച്ചത്. ഇതില്‍ അന്വേഷണം നടക്കുകയാണ്. സിദ്ദിഖിന് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുക ആണെങ്കില്‍ ആ കേസുകളിലെ പരാതികാരുടെ ആത്മവീര്യം ചോര്‍ന്ന് പോകുമെന്ന് രഞ്ജിത്ത് കുമാര്‍ കോടതിയെ അറിയിച്ചു.
വിഷയം തുടര്‍ച്ചയായി ഫെയ്‌സ്ബുക്കിലൂടെ ഉന്നയിക്കുന്നുണ്ടെന്നായിരുന്നു കേരള സര്‍ക്കാരിന്റെ പ്രതികരണം. ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാതെ എഴുതിയുള്ള മറുപടിയാണ് സിദ്ദിഖ് നല്‍കുന്നതെന്നു കേരള സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. തനിക്കൊന്നും ഹാജരാക്കാനില്ലെന്നുള്ള മറുപടിയാണ് രേഖാമൂലം നല്‍കുന്നത്. മാത്രവുമല്ല, കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ ഫെയ്‌സ്ബുക്ക് അക്കൗണ്ട് സിദ്ദിഖ് ഇല്ലാതാക്കി. അതേക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി ഇനി തേര്‍ഡ് പാര്‍ട്ടിയെ ആശ്രയിക്കേണ്ട സാഹചര്യമുണ്ടെന്നും അന്വേഷണത്തിലെ പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടി കേരള സര്‍ക്കാര്‍ വാദിച്ചു.
അതിനിടെ, സിദ്ദിഖ് അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്ന് അതിജീവിതയുടെ അഭിഭാഷക വൃന്ദ ഗ്രോവര്‍ പറഞ്ഞു.''8 വര്‍ഷവും അതിജീവിത നിശബ്ദയായിരിക്കുകയായിരുന്നില്ല. ഇവര്‍ തുടര്‍ച്ചയായി വിഷയം ഉന്നയിച്ചു. സൂപ്പര്‍ സ്റ്റാറിനെതിരെ സംസാരിച്ചതിന്റെ വില സിനിമാരംഗത്ത് അതിജീവിതയ്ക്ക് നല്‍കേണ്ടി വന്നു. സൂപ്പര്‍ സ്റ്റാറിനെതിരെ നീങ്ങുകയെന്നതു സിനിമയില്‍ ബുദ്ധിമുട്ടാണ്''അതിജീവിതയുടെ അഭിഭാഷക വൃന്ദ ഗ്രോവര്‍ വിശദീകരിച്ചു.
അപ്പോഴും മറുപടിക്ക് സമയം ആവശ്യപ്പെട്ട സിദ്ദിഖിന്റെ ആവശ്യം അംഗീകരിക്കുകയാണെന്ന് കോടതി സൂചിപ്പിച്ചു. കേസ് ഇനിയെന്നു പരിഗണിക്കുമെന്നു വ്യക്തമാക്കി നിശ്ചിത തിയതി നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും കോടതി അതിനു തയാറായില്ല. സിദ്ദിഖിന്റെ ആവശ്യപ്രകാരം, മറുപടിക്ക് സാവകാശം നല്‍കുന്നുവെന്ന് കോടതി വ്യക്തമാക്കി.
അതിനിടെ, കഴിഞ്ഞതവണ സിദ്ദിഖിനായി ഹാജരായ മുകുള്‍ റോഹത്ഗി ഇടപെട്ടെങ്കിലും ഒരു കക്ഷിക്കായി ഒരാളെ മാത്രമേ ഹാജാരാക്കാന്‍ അനുവദിക്കുവെന്ന് കോടതി തമാശരൂപേണ പറഞ്ഞതോടെ റോഹത്ഗി പിന്‍വാങ്ങി. സംസ്ഥാന സര്‍ക്കാരിനു വേണ്ടി സ്റ്റാന്‍ഡിങ് കൗണ്‍സല്‍ നിഷെ രാജന്‍ ശങ്കറും ഹാജരായി. സര്‍ക്കാരും അതിജീവിതയും ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പിനിടയിലും ജാമ്യാപേക്ഷ രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാനായി ജഡ്ജിമാരായ ബേല എം. ത്രിവേദി, സതീശ് ചന്ദ്ര ശര്‍മ എന്നിവരുടെ ബെഞ്ച് മാറ്റി.