ന്യൂഡല്‍ഹി: യുവനടി നല്‍കിയ ബലാത്സംഗ പരാതിയില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി. സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരുമെന്ന് ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷയായ ബെഞ്ച് അറിയിച്ചു. സിദ്ദിഖിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് കേസ് മാറ്റിയത്. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയെങ്കിലും കോടതി ഒരാഴ്ചകൂടി ജാമ്യം അനുവദിക്കുകയായിരുന്നു. മൂന്നാം തവണയാണ് കോടതി ജാമ്യം അനുവദിക്കുന്നത്.

പരാതിക്കാരിയുടെ ഫോണ്‍ അന്വേഷണ സംഘം ചോദിക്കുന്നില്ലെന്ന് സിദ്ദിഖ് ചൂണ്ടിക്കാട്ടി. തനിക്കെതിരായ അന്വേഷണ സംഘത്തിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ഇന്നലെ സത്യവാങ്മൂലം നല്‍കിയിരുന്നു. പരാതിക്കാരിപോലും ഉന്നയിക്കാത്ത ആരോപണങ്ങളിലൂടെ തനിക്കെതിരെ എസ്.ഐ.ടി കഥകള്‍ മെനയുകയാണെന്നാണ് സിദ്ദിഖിന്റെ വാദം. സിദ്ദിഖിനെതിരെ തെളിവുണ്ടെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണ്ടതിനാല്‍ ജാമ്യം നല്‍കരുതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. ഇന്നലെ അന്വേഷണ സംഘവും സര്‍ക്കാര്‍ അഭിഭാഷകരും തമ്മില്‍ ആശയവിനിമയം നടത്തിയിരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള മറ്റു കേസുകളില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കാതിരുന്ന സര്‍ക്കാര്‍ തന്നെ ലക്ഷ്യമിടുന്നതു മറ്റു പല കാരണങ്ങള്‍ കൊണ്ടാണെന്നു നടന്‍ സിദ്ദീഖ് കോടതിയെ അറിയിച്ചിരുന്നു. യുവനടിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പുതിയ കഥകള്‍ മെനയുകയാണെന്നും പൊലീസ് നിഷ്പക്ഷതയുടെ പരിധി വിടുകയാണെന്നും സിദ്ദിഖ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. പരാതി വൈകിയതിനു വ്യക്തമായ വിശദീകരണം പരാതിക്കാരി നല്‍കിയിട്ടില്ല.

ഡബ്ല്യുസിസി അംഗമായിട്ടും ഹേമ കമ്മിറ്റി മുന്‍പാകെ അവര്‍ പരാതി ഉന്നയിച്ചില്ല. മറിച്ചായിരുന്നെങ്കില്‍ കമ്മിറ്റി തന്നെ വിളിപ്പിക്കുമായിരുന്നു. നേരത്തേ ഫെയ്‌സ്ബുക്കില്‍ ഉന്നയിച്ചതായി പറയുന്ന പരാതിയും ഇപ്പോഴത്തെ പരാതിയും തമ്മില്‍ പൊരുത്തക്കേടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള 30 കേസുകളില്‍ തനിക്കു മാത്രമാണ് മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ടത്. സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചവരുണ്ട്. അവര്‍ക്കെതിരെയൊന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചില്ല.

താല്‍ക്കാലിക ജാമ്യം അനുവദിക്കുമ്പോള്‍ കോടതി നിര്‍ദേശിച്ച ഉപാധികള്‍ പാലിക്കുന്നുണ്ട്. സംഭവം നടന്നതായി പറയുന്ന എട്ടരവര്‍ഷം മുന്‍പ് ഉപയോഗിച്ചിരുന്ന ഫോണ്‍ കൈവശം ഇല്ല. 2016 ലോ അതിനു ശേഷമോ ഉപയോഗിച്ചിരുന്ന ഫോണ്‍ അതിജീവിതയും ഹാജരാക്കിയിട്ടില്ല. ഫെയ്‌സ്ബുക് അക്കൗണ്ട് ഒഴിവാക്കിയെന്ന സര്‍ക്കാര്‍ ആരോപണവും സിദ്ദിഖ് തള്ളി.

ഇമെയില്‍ വഴിയും മെസഞ്ചര്‍ വഴിയുമെത്തുന്ന വിദ്വേഷ പ്രതികരണങ്ങളെ തുടര്‍ന്നാണു പിന്മാറിയതെന്നും ഡീആക്ടിവേറ്റ് ചെയ്തിട്ടില്ലെന്നും സിദ്ദീഖ് വിശദീകരിച്ചു. പൊലീസ് ലുക്കൗട്ട് നോട്ടിസ് ഇറക്കിയ ശേഷം മുങ്ങിയെന്ന ആരോപണവും സിദ്ദിഖ് തള്ളി. സിനിമയുടെ ചിത്രീകരണത്തിലായിരുന്നെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ ശേഷം തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ലെന്നും സിദ്ദിഖ് ചൂണ്ടിക്കാട്ടി.

ഹേമ കമ്മിറ്റി പുറത്തുവന്നതിനു പിന്നാലെ മുപ്പതോളം കേസുകള്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ജാമ്യഹര്‍ജിയെ എതിര്‍ത്തത്. സിദ്ദിഖിന് അനുകൂലമായ നടപടി സമാനപരാതി നല്‍കിയ മറ്റുള്ളവരുടെ മനോവീര്യം കെടുത്തുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. താല്‍ക്കാലിക ജാമ്യത്തിലുള്ള സിദ്ദിഖ് തെളിവു നശിപ്പിക്കുന്നുവെന്നും സര്‍ക്കാര്‍ ആവര്‍ത്തിച്ചു.