കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിധിന്യായം ചോര്‍ന്നെന്നും മറ്റും കാണിച്ചുള്ള ജഡ്ജിമാര്‍ക്ക് എതിരായ ഊമകത്തിലെ ദുരൂഹത അന്വേഷിക്കുവാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം. വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് നടിയെ ആക്രമിച്ച കേസിലെ വിധിന്യായം ചോര്‍ന്നെന്നും മറ്റും കാണിച്ച് വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗ്ഗീസിന്റെയും ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാരുടെയും പേര് പരാമര്‍ശിച്ച് കൊണ്ടുള്ള ഊമ കത്ത് ചീഫ് ജസ്റ്റിസിന് കൈമാറിയത് പുറത്ത് വിട്ടതിന് പിന്നിലെ ദുരൂഹത അന്വേഷിക്കുവാന്‍ സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി.

ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്സിങ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിന്‍മേലാണ് സംസ്ഥാന പോലീസ് മേധാവി അന്വേഷണത്തിന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗ്ഗീസിന്റെ വികൃതികള്‍ എന്ന തലകെട്ടുള്ള ഊമ കത്തില്‍ ഹൈക്കോടതിയിലെ മൂന്ന് സീനിയര്‍ ജഡ്ജിമാരുടെയും പേര് പരാമര്‍ശിക്കുന്നുണ്ട്. ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ അനുമതി ഇല്ലാതെ ലഭിച്ച ഊമ കത്തിനെ ചീഫ് ജസ്റ്റിസിന് കൈമാറി.

ഊമ കത്തുകള്‍ക്ക് നിയമപരമായി വിശ്വാസ്യതയില്ലെന്നും വ്യക്തികളെ അധിക്ഷേപിക്കുന്ന ഊമ കത്തുകള്‍ക്ക് തുടര്‍ നടപടി സാധ്യമല്ലെന്ന് അറിയുന്നവര്‍ ലഭിച്ച കത്ത് ചീഫ് ജസ്റ്റിസിന് കൈമാറിയതിന് പിന്നില്‍ ദുരൂഹതയുണ്ട്. ഭീകരവാദവും രാജ്യദ്രോഹപരമായിട്ടുള്ള വിവരങ്ങളാണ് ഊമ കത്തുകളില്‍ ഉള്ളടക്കമെങ്കില്‍ അന്വേഷണ ഏജന്‍സികള്‍ പോലും ഇത്തരം കത്തുകളില്‍ രഹസ്യമായിട്ടാണ് അന്വേഷണം നടത്തുന്നത്.

ജഡ്ജിമാര്‍ക്കെതിരെയുള്ള ഊമ കത്ത് ചീഫ് ജസ്റ്റിസിന് കൈമാറിയ വിവരം പുറത്ത് വിട്ടതിന് പിന്നിലെ ദുരൂഹതകളില്‍ പോലീസിന്റെ അന്വേഷണം ആവശ്യമാണ്. ഊമ കത്ത് തയ്യാറാക്കി അയച്ചവര്‍ ഉദ്ദേശിച്ച പ്രചാരണം ഊമ കത്ത് ചീഫ് ജസ്റ്റിസിന് കൈമാറിയതിലൂടെ ലഭിച്ചതിന് പിന്നില്‍ ചില ആസൂത്രിത നീക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ന്യായാധിപന്‍മാരെ അധിക്ഷേപിച്ച് വിധിന്യായങ്ങള്‍ മലിനമാണെന്ന് വരുത്തുക, ജുഡീഷ്യറിയെ അപമാനിച്ച് വരുതിയില്‍ നിര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് നടിയെ ആക്രമിച്ച കേസിന്റെ മറവില്‍ ഊമ കത്ത് പ്രയോഗങ്ങള്‍ക്ക് പിന്നില്‍ സംഭവിച്ചിരിക്കുന്നത്. നിയമപരമായി നിലനില്‍ക്കാത്ത ഊമ കത്ത് ചീഫ് ജസ്റ്റിസിന് കൈമാറി തുടര്‍ നടപടി വേണമെന്ന ആവിശ്യപ്പെടലിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും ഇതിലെ ദുരൂഹതകളില്‍ പോലീസിന്റെ അന്വേഷണം വേണമെന്നാണ് അഡ്വ. കുളത്തൂര്‍ ജയ്സിങ് പരാതിയില്‍ ആവശ്യപ്പെടുന്നത്.

നടിയെ ആക്രമിച്ച കേസില്‍ പരാതി ഭാഗത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആദ്യ അന്തിമ റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. രണ്ടാമത്തെ അന്തിമ റിപ്പോര്‍ട്ടില്‍ കൂടുതലായി ഉള്‍പ്പെടുത്തിയ 7 മുതലുള്ള പ്രതികള്‍ക്ക് എതിരെ കോടതിയില്‍ നിലനില്‍ക്കുന്ന തെളിവുകള്‍ ഇല്ലെന്ന് കേസ് പഠിച്ച നിയമ ബോധമുള്ള ആര്‍ക്കും ബോധ്യമുണ്ടെന്നും അതിനാല്‍ ഏഴ് മുതലുള്ള പ്രതികള്‍ ഒഴിവാകുമെന്നതിലെ ഊമ കത്തിലെ ഉള്ളടക്കം ഗൗരവപരമല്ലെന്നും അഡ്വ. കുളത്തൂര്‍ ജയ്സിങ് പറഞ്ഞു.