കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷാവാദം എറണാകുളം സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായപ്പോള്‍, ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ പ്രതികരണം ശ്രദ്ധേയമായി. ക്രൂരമായ ബലാത്സംഗത്തില്‍ നേരിട്ട് പങ്കെടുത്തതിന് തെളിവ് സഹിതം കോടതിയില്‍ കുറ്റം തെളിയിക്കപ്പെട്ടിട്ടും, യാതൊരു ഭാവവ്യത്യാസങ്ങളുമില്ലാതെയാണ് സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനി പ്രതിക്കൂട്ടില്‍ നിന്നത്.

'വീട്ടില്‍ അമ്മ മാത്രമേയുള്ളൂ': ഒറ്റവാക്കില്‍ പള്‍സര്‍ സുനി

മറ്റ് പ്രതികള്‍ കുടുംബത്തിന്റെ അവസ്ഥയും പരമാവധി ശിക്ഷ കുറച്ച് നല്‍കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ വികാരപരമായി ഉന്നയിച്ചപ്പോള്‍, പള്‍സര്‍ സുനി പറഞ്ഞത് ഒരേയൊരു കാര്യം മാത്രം: 'വീട്ടില്‍ അമ്മ മാത്രമേയുള്ളൂ, അമ്മയുടെ സംരക്ഷണ ചുമതല തനിക്കാണ്.' ശിക്ഷയില്‍ ഇളവ് വേണമെന്ന് അഭിഭാഷകന്‍ മുഖേന സുനി കോടതിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

'ചെയ്യാത്ത തെറ്റിന് ജയിലില്‍ കിടന്നു': മാര്‍ട്ടിന്‍ വിതുമ്പി

എന്നാല്‍, രണ്ടാം പ്രതിയും ലാല്‍ മീഡിയയിലെ ഡ്രൈവറുമായ മാര്‍ട്ടിന്‍ ആന്റണി കോടതിയില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് നിന്നത്. 'താനൊരു തെറ്റും ചെയ്തിട്ടില്ല. നിരപരാധിയാണ്. ചെയ്യാത്ത തെറ്റിനാണ് ഇത്രയും കാലം ജയിലില്‍ കിടന്നത്. അതിനാല്‍ ശിക്ഷയില്‍ ഇളവ് നല്‍കണം,' എന്ന് മാര്‍ട്ടിന്‍ ആവര്‍ത്തിച്ചു. കേസുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റിലായത് ഡ്രൈവര്‍ മാര്‍ട്ടിനാണ്.

'യഥാര്‍ത്ഥ കുറ്റവാളി സുനി': കോടതിയുടെ നിരീക്ഷണം

ശിക്ഷാവാദങ്ങള്‍ക്കിടെ കോടതിയുടെ നിരീക്ഷണങ്ങളും നിര്‍ണായകമായി. പ്രതികളോട് സംസാരിച്ചതിന് ശേഷം, പങ്കാളിത്തം അനുസരിച്ചല്ലേ ശിക്ഷ വേണ്ടതെന്നായിരുന്നു കോടതിയുടെ ചോദ്യം. എങ്കിലും, ഗൂഢാലോചന തെളിഞ്ഞാല്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും കോടതി വ്യക്തമാക്കി.

'യഥാര്‍ത്ഥ കുറ്റവാളി പള്‍സര്‍ സുനിയാണ്. മറ്റുള്ളവര്‍ കുറ്റകൃത്യത്തിന്റെ ഭാഗമാണ്,' എന്ന് കോടതി പറഞ്ഞു.

കൂടാതെ, 'പള്‍സര്‍ സുനിയെ മറ്റുള്ളവരെപ്പോലെ കാണരുത്. ഒരു സ്ത്രീയുടെ അന്തസ്സിന്റെ കാര്യമാണിത്. അതിജീവിതയുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കണം,' എന്നും കോടതി നിരീക്ഷിച്ചു. കേസിലെ ആറ് പ്രതികളുടെയും ശിക്ഷാവിധി ഇന്ന് 3.30 ന് പ്രഖ്യാപിക്കും.