കൊച്ചി: നടിയെ ആക്രമിച്ച കേസില്‍, ഏറ്റവും കുറഞ്ഞ ശിക്ഷയാണ് പ്രതികള്‍ക്ക് ലഭിച്ചതെന്ന വിമര്‍ശനം ഉയരുന്നു. പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.അജ കുമാര്‍ അടക്കം കുറഞ്ഞ ശിക്ഷയില്‍ നിരാശ പ്രകടിപ്പിച്ചു. അതേസമയം, ശിക്ഷ വികാരപരമാകരുതെന്നും നീതി സന്തുലിതമായിരിക്കണമെന്നുമാണ് കൂട്ടബലാല്‍സംഗ കേസില്‍ പരമാവധി ശിക്ഷ ഒഴിവാക്കിയതിന്റെ കാരണങ്ങളായി കോടതി വിധിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

കേസില്‍ കൂട്ടബലാത്സംഗം തെളിഞ്ഞതിനാല്‍ പരമാവധി ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെ വാദം പരിഗണിക്കുമ്പോള്‍ കോടതി വികാരപരമായി പെരുമാറാനോ പക്ഷപാതപരമായി നിലപാട് എടുക്കാനോ പാടില്ലെന്ന് വിധി പ്രസ്താവിച്ച എറണാകുളം സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസ് വ്യക്തമാക്കി. സമൂഹത്തോടും കുറ്റവാളിയോടും നീതി പുലര്‍ത്തുന്ന രീതിയില്‍ ശിക്ഷ സന്തുലിതമായിരിക്കണം എന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

ശിക്ഷ കുറയ്ക്കാന്‍ കാരണമായ ഘടകങ്ങള്‍

പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കാതിരിക്കാന്‍ കാരണമായ കോടതിയുടെ നിരീക്ഷണങ്ങള്‍ ഇവയാണ്:

സന്തുലിത നീതി

ശിക്ഷ വിധിക്കുമ്പോള്‍ കുറ്റകൃത്യം ഇരയിലും സമൂഹത്തിലും ഉണ്ടാക്കിയ ആഘാതം, കുറ്റകൃത്യത്തിന്റെ ചരിത്രം, പ്രതിയുടെ തിരുത്തപ്പെടാനുള്ള സാധ്യത, ശിക്ഷയുടെ ലക്ഷ്യങ്ങള്‍ എന്നിവയെല്ലാം പരിഗണിക്കണം. ഒന്നാം പ്രതി ഒഴികെ ബാക്കിയുള്ളവര്‍ക്ക് മറ്റ് ക്രിമിനല്‍ പശ്ചാത്തലമില്ല. കൂടാതെ, പ്രതികളുടെ പ്രായം (എല്ലാവരും 40 വയസ്സില്‍ താഴെ), അവരുടെ കുടുംബ സാഹചര്യം എന്നിവയും പരിഗണിക്കേണ്ടതുണ്ട്.

പരമാവധി ശിക്ഷയുടെ സാധ്യത

ഈ സാഹചര്യങ്ങളെല്ലാം പ്രസക്തമാണെന്നിരിക്കെത്തന്നെ, പരമാവധി ശിക്ഷയായ ജീവപര്യന്തം നല്‍കേണ്ട സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി.

സ്ത്രീയുടെ അന്തസ്സ് ചോദ്യം ചെയ്യപ്പെട്ടു: കോടതി

പ്രതികള്‍ക്ക് കുറഞ്ഞ ശിക്ഷ നല്‍കുന്നതിനുള്ള ഘടകങ്ങള്‍ കോടതി പരിഗണിച്ചപ്പോഴും, പ്രതികളുടെ പ്രവൃത്തി സ്ത്രീയുടെ അന്തസ്സിനെ ചോദ്യം ചെയ്തു എന്ന വസ്തുത കോടതിക്ക് പരിഗണിക്കാതിരിക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികളുടെ ചെയ്തി ഇരയായ സ്ത്രീയുടെ സുരക്ഷിതത്വത്തിനുള്ള അവകാശം ലംഘിച്ചു.

ഇത് ഇരയില്‍ ഭയവും അപമാനവും നിസ്സഹായതയും ഉണ്ടാക്കുകയും അവര്‍ക്ക് മാനസികമായ ആഘാതം നല്‍കുകയും ചെയ്തു.സുഹൃത്തിന്റെ വീട്ടിലേക്ക് പോകും വഴിയാണ് അതിജീവിത ആക്രമിക്കപ്പെട്ടതെന്നും കോടതി വിധിയില്‍ പരാമര്‍ശിച്ചു.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അവരുടെ ആത്മാഭിമാനത്തെ മാത്രമല്ല സമൂഹത്തിന്റെ വികാസത്തെയും ബാധിക്കുന്നുണ്ടെന്ന് പറഞ്ഞ കോടതി, ലിംഗനീതിയെക്കുറിച്ച് പൊതുസമൂഹത്തെ ബോധവല്‍ക്കരിക്കേണ്ടതിന്റെ ആവശ്യകതയും ഈ വിധിയില്‍ ചൂണ്ടിക്കാട്ടുന്നു.

പ്രോസിക്യൂഷന് തിരിച്ചടി

കൂട്ടബലാത്സംഗക്കുറ്റം (IPC 376(D)) തെളിഞ്ഞാല്‍ ലഭിക്കാവുന്ന ഏറ്റവും കുറഞ്ഞ ശിക്ഷയായ 20 വര്‍ഷം തടവും അരലക്ഷം രൂപ വീതം പിഴയുമാണ് കോടതി വിധിച്ചത്. പ്രതികളായ പള്‍സര്‍ സുനി (എന്‍.എസ്. സുനില്‍), മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി.പി. വിജീഷ്, എച്ച്. സലീം, പ്രദീപ് എന്നിവര്‍ക്കാണ് ജഡ്ജി ഹണി എം. വര്‍ഗീസ് ശിക്ഷ വിധിച്ചത്. പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ് ലഭിച്ചെങ്കിലും, വിചാരണാ തടവുകാലം ശിക്ഷാ കാലയളവില്‍ നിന്ന് കുറച്ച് അനുഭവിച്ചാല്‍ മതിയാകുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

പള്‍സര്‍ സുനിയുടെ ശിക്ഷ: ഇതിനകം ഏഴരക്കൊല്ലം തടവ് അനുഭവിച്ചു കഴിഞ്ഞ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക്, പരോള്‍, അവധി ദിവസങ്ങള്‍ തുടങ്ങിയവ കുറയ്ക്കുമ്പോള്‍ പരമാവധി 8-9 വര്‍ഷം കഠിന തടവ് മാത്രമേ അനുഭവിക്കേണ്ടി വരുകയുള്ളൂ. പ്രതികള്‍ക്ക് ജീവപര്യന്തം തടവ് നല്‍കണമെന്ന പ്രോസിക്യൂഷന്റെ ശക്തമായ ആവശ്യം നിരാകരിക്കപ്പെട്ടത് കേസില്‍ വലിയ തിരിച്ചടിയായി.

വിധി പ്രസ്താവത്തിന് ആമുഖമായി കോടതി പറഞ്ഞത്, കേസുമായി ബന്ധപ്പെട്ട് ഒരുപാട് സെന്‍സേഷണലിസം ഉണ്ടായിട്ടുണ്ടെങ്കിലും അവയൊന്നും കോടതിയെ ബാധിക്കുന്നതല്ലെന്നും നിയമപരമായ കാര്യങ്ങള്‍ മാത്രമാണ് പരിശോധിച്ചിട്ടുള്ളതെന്നുമാണ്. ഒന്നാം പ്രതി പള്‍സര്‍ സുനി മുന്‍പ് മറ്റ് കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലെങ്കിലും ഒട്ടേറെ കേസുകളില്‍ പ്രതിയാണെന്ന വസ്തുതയും കോടതി പരിഗണിച്ചിരുന്നു.