ബെംഗളൂരു: സ്വര്‍ണക്കടത്തിന് അറസ്റ്റിലായ കന്നഡ നടി രന്യ റാവു ഡിജിപിയായ പിതാവിന്റെ ഉന്നതപദവി കള്ളക്കടത്തിന് മറയാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ദുരൂഹത ഉയര്‍ത്തി നടിയുടെ വെളിപ്പെടുത്തല്‍. ബ്ലാക്മെയില്‍ ചെയ്താണ് തന്നെ കൊണ്ട് സ്വര്‍ണം കടത്തിച്ചതെന്നാണ് നടി അന്വേഷണ സംഘത്തോട് നല്‍കിയിരിക്കുന്ന വിശദീകരണം. ബെംഗളൂരു വിമാനത്താവളം വഴി സ്വര്‍ണം കടത്തവേ കന്നഡ നടി രന്യ റാവുവിനെ ഡയക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് വലയില്‍ വീഴ്ത്തിയത് കഴിഞ്ഞ കുറച്ചുകാലത്തെ നിരീക്ഷണങ്ങള്‍ക്കൊടുവിലായിരുന്നു. നടിയും ഐപിഎസ് ഓഫീസറുടെ മകളുമായ രന്യ ബെംഗളൂരു വിമാനത്താവളത്തിലാണ് ചൊവ്വാഴ്ച പിടിയിലായത്.

കര്‍ണാടക പോലീസ് ഹൗസിങ് കോര്‍പ്പറേഷന്‍ ഡിജിപി ആയിട്ടുള്ള രാമചന്ദ്ര റാവുവിന്റെ മകളാണ് രന്യ. മകള്‍ പിടിയിലായത് സംബന്ധിച്ച് അദ്ദേഹം പ്രതികരണത്തിന് തയ്യാറായില്ല. നാലു മാസം മുമ്പ് വിവാഹിതയായ ശേഷം അവള്‍ വീട്ടിലേക്ക് വന്നിട്ടില്ലെന്നായിരുന്നു അദ്ദേഹം ആദ്യം പ്രതികരിച്ചത്. 2014ല്‍ റാവു ഐജിപിയായിരിക്കെ, പിടിച്ചെടുത്ത പണം ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ടുള്ള വിവാദം ഇപ്പോഴും അന്വേഷണ പരിധിയിലാണ്.

14 കിലോ വരുന്ന സ്വര്‍ണക്കട്ടികള്‍ ബെല്‍റ്റില്‍ ഒളിപ്പിപ്പിച്ചും 800 ഗ്രാം ആഭരണങ്ങളുമായിട്ടാണ് രന്യ റവന്യൂ ഇന്റലിജന്‍സിന്റെ പിടിയിലാകുന്നത്. താരത്തെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ് ഇപ്പോള്‍. രന്യയുടെ വീട്ടിലും ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. ഇവിടെ നിന്ന് 2.67 കോടി രൂപയും 2.06 കോടിയുടെ സ്വര്‍ണവും കണ്ടെടുത്തിട്ടുണ്ട്. നടിയുടെ സ്വര്‍ണക്കടത്തിനെക്കുറിച്ച് ചില രഹസ്യവിവരങ്ങളും ഡി.ആര്‍.ഐ.യ്ക്ക് ലഭിച്ചിരുന്നു.

ഈ വര്‍ഷം ജനുവരി മുതല്‍ രന്യ ഗള്‍ഫിലേക്ക് പത്തിലധികം യാത്രകള്‍ നടത്തിയതിനെത്തുടര്‍ന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്ക് ചില സംശയങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ഇവര്‍ നിരീക്ഷണത്തിലായിരുന്നു. 15 ദിവസത്തിനിടെ നാലു ദുബായ് യാത്രകളാണ് രന്യ നടത്തിയിരുന്നത്. ഈ യാത്രകളിലെല്ലാം ഒരേ വസ്ത്രം ധരിച്ചതും സംശയങ്ങള്‍ വര്‍ധിപ്പിച്ചു. സ്വര്‍ണം ഒളിപ്പിച്ച ബെല്‍റ്റ് മറയ്ക്കുന്നതിനാണ് ഒരേ വസ്ത്രം തിരഞ്ഞെടുത്തതെന്നാണ് ഡിആര്‍ഐ ഉദ്യോഗസ്ഥരുടെ സംശയം.

ഇതിനിടെ വിമാനത്തവളത്തിലെത്തുമ്പോള്‍ ലഭിച്ച പ്രോട്ടോക്കോള്‍ സംരക്ഷണവും ഇവര്‍ സ്വര്‍ണക്കടത്തിന് മറയാക്കിയെന്നാണ് വിവരം. ബസവരാജു എന്ന പോലീസ് കോണ്‍സ്റ്റബിള്‍ ടെര്‍മിനലില്‍ രന്യയെ കാണാറുണ്ടായിരുന്നു. രന്യയെ അനുഗമിച്ച് പുറത്തേക്ക് കൊണ്ടുപോയി സര്‍ക്കാര്‍ വാഹനത്തില്‍ കയറ്റിവിടുന്നത് ഈ ഉദ്യോഗസ്ഥനാണ്. വിമാനത്താവളത്തിലെ സാധാരണ പരിശോധനകള്‍ ഒഴിവാക്കിയായിരുന്നു ഈ നീക്കങ്ങള്‍. ഇയാളേയും ഡിആര്‍ഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

യാതൊരു പരിഭ്രവുമില്ലാതെയാണ് നടി രന്യ റാവു ഓരോ തവണയും സ്വര്‍ണം കടത്തിയിരുന്നതെന്നാണ് വിവിധ മാധ്യമങ്ങള്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തത്. പിടിക്കപ്പെട്ടദിവസം ബെല്‍റ്റിനുള്ളില്‍ ഒളിപ്പിച്ചാണ് 14 സ്വര്‍ണക്കട്ടികള്‍ കടത്താന്‍ ശ്രമിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഡി.ജി.പി.യുടെ മകളെന്നനിലയില്‍ വിമാനത്താവളത്തിലെ സുരക്ഷാപരിശോധനകളില്‍നിന്ന് രക്ഷപ്പെടാനും രന്യ റാവുവിന് കഴിഞ്ഞിരുന്നതായാണ് വിവരം. ഡി.ജി.പി.യുടെ മകളായതിനാല്‍ ടെര്‍മിനലില്‍ സുരക്ഷാ അകമ്പടി ഉള്‍പ്പെടെ ലഭിച്ചിരുന്നു. ശരീരപരിശോധനയില്‍നിന്ന് ഒഴിവാക്കിയിരുന്നു. പലപ്പോഴും വിമാനത്താവളത്തില്‍നിന്ന് പിതാവിന്റെ സ്വാധീനത്താല്‍ സര്‍ക്കാര്‍ വാഹനങ്ങളിലാണ് നടി മടങ്ങിയിരുന്നതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.

രന്യ റാവുവിന്റെ പിതാവും ഡി.ജി.പി.യുമായ കെ. രാമചന്ദ്രറാവുവും നേരത്തെ വിവാദങ്ങളില്‍ ഉള്‍പ്പെട്ടയാളാണ്. കേരളത്തില്‍നിന്നുള്ള സ്വര്‍ണവ്യാപാരിയില്‍നിന്ന് പിടിച്ചെടുത്ത പണം തട്ടിയെടുത്തെന്ന പരാതി ഇദ്ദേഹത്തിനെതിരേ നേരത്തെ ഉയര്‍ന്നിരുന്നു. 2014-ല്‍ മൈസൂരുവില്‍ ദക്ഷിണമേഖല ഐ.ജി.യായിരിക്കെയായിരുന്നു ഈ സംഭവം. രണ്ടുകോടി രൂപ പോലീസ് പിടിച്ചെടുത്തിട്ടും രേഖകളില്‍ വെറും 20 ലക്ഷമാണ് കാണിച്ചതെന്നും ബാക്കി പണം പോലീസുകാര്‍ തട്ടിയെടുത്തെന്നുമായിരുന്നു സ്വര്‍ണവ്യാപാരിയുടെ പരാതി. ഇതേത്തുടര്‍ന്ന് സി.ഐ.ഡി. അന്വേഷണം നടത്തുകയും രാമചന്ദ്രറാവുവിന്റെ ഗണ്‍മാനെ കവര്‍ച്ചാക്കുറ്റം ചുമത്തി പിടികൂടുകയും ചെയ്തിരുന്നു.