ആലപ്പുഴ: ഡബ്ല്യുസിസിയിലെ ഒരു സ്ഥാപകരിലൊരാളായ നായിക നടിക്ക് ആലപ്പുഴ ഷൂട്ടിങ് ലൊക്കേഷനിലെ ഹോട്ടലില്‍ താമസിക്കുമ്പോള്‍ ഉണ്ടായ ദുരനുഭവത്തെപ്പറ്റി വെളിപ്പെടുത്തി സംവിധായകന്‍ ആലപ്പി അഷ്‌റഫ്. താന്‍ നേരിട്ട ദുരനുഭവം ആ നടി പൊതുസമൂഹത്തില്‍ നിന്നും മറച്ചുവച്ചുവെന്നും ഹേമ കമ്മിറ്റിക്ക് മുമ്പാകെ വെളിപ്പെടുത്തിയില്ലെന്നും അദ്ദേഹം തുറന്നു പറഞ്ഞു. 'കണ്ടതും കേട്ടതും' എന്ന തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമയില്‍ നിന്ന് പീഡനങ്ങളും യാതനകളും നേരിട്ട സ്ത്രീകളെ വളരെ ബുദ്ധിമുട്ടി ഹേമ കമ്മറ്റിയുടെ മുന്നില്‍ കൊണ്ടുവന്നത് ഡബ്ല്യുസിസിയിലെ നേതാക്കളാണ്. എന്നിട്ടും അതിലെ ഒരു സ്ഥാപക നേതാവായ നടി തനിക്ക് അങ്ങനെ ഒരു അനുഭവമേ ഉണ്ടായിട്ടില്ല എന്ന് പറയുന്നത് കണ്ടപ്പോള്‍ സത്യമറിയാവുന്ന തനിക്ക് വല്ലായ്മ തോന്നി എന്ന് ആലപ്പി അഷ്റഫ് പറയുന്നു.

ആലപ്പുഴ ഷൂട്ടിങ് ലൊക്കേഷനിലെ ഹോട്ടലില്‍ താമസിക്കുമ്പോള്‍ റൂമില്‍ വരാറുണ്ടായിരുന്ന റൂം ബോയ് നടി ഉറങ്ങുന്ന സമയത്ത് സ്പേര്‍ കീ ഉപയോഗിച്ച് റൂം തുറന്നു കയറി, ഉറങ്ങുകയായിരുന്ന നടിയെ സ്പര്‍ശിച്ചെന്നും നടി ഉണര്‍ന്നു ബഹളമുണ്ടാക്കിയപ്പോള്‍ എല്ലാവരും കൂടി റൂം ബോയിയെ പൊലീസില്‍ ഏല്‍പ്പിച്ചെന്നും ആലപ്പി അഷറഫ് പറയുന്നു. അപമാന ഭീതിയാല്‍ നടി കേസ് പിന്‍വലിച്ചെന്നും എന്നാല്‍ ഹേമ കമ്മറ്റിയില്‍ പോയപ്പോള്‍ ഇക്കാര്യം മറച്ചു വച്ച് തനിക്കൊരു അനുഭവമേ ഉണ്ടായിട്ടില്ല എന്ന് പറഞ്ഞത് ശരിയായില്ലെന്നും ആലപ്പി അഷ്റഫ് പങ്കുവച്ച യൂട്യൂബ് വിഡിയോയില്‍ പറഞ്ഞു.

''ഇന്ന് ഞാന്‍ ഇവിടെ പറയുന്നത് ഡബ്ല്യുസിസിയിലെ ഒരു സ്ഥാപക നേതാവായ നടി തനിക്കുണ്ടായ അനുഭവം പൊതുസമൂഹത്തില്‍ നിന്നും മറച്ചുവെച്ച ഒരു സംഭവമാണ്. ഒരുപാട് യാതനകളും എതിര്‍പ്പുകളും നേരിട്ടുകൊണ്ടാണ് ഒരുപറ്റം നടിമാര്‍ ഡബ്ല്യുസിസി എന്ന സംഘടന രൂപപ്പെടുത്തിയെടുത്തത്. അവര്‍ക്ക് അന്നും ഇന്നും പൊതുസമൂഹത്തിന്റെ മുഴുവന്‍ പിന്തുണയും ഉണ്ട്. മലയാള സിനിമയില്‍ പീഡനവും വേദനയും അവഗണനവും ഒക്കെ അനുഭവിച്ചിട്ടുള്ള നടിമാരെ കണ്ടെത്തി അവരെ ഹേമ കമ്മിറ്റിക്ക് മുമ്പില്‍ അവതരിപ്പിച്ച അവര്‍ക്ക് നീതി വാങ്ങി കൊടുക്കുവാനും അവരുടെ കണ്ണീര്‍ ഒപ്പാനും മുന്‍പില്‍ നിന്ന സംഘടനയാണ് ഡബ്ല്യുസിസി. അവര്‍ക്ക് നമ്മുടെയെല്ലാം പിന്തുണ ഉണ്ട്.

പക്ഷേ ഡബ്ല്യുസിസി സ്ഥാപക നേതാക്കളില്‍ മുന്‍നിരയില്‍ നിന്ന ഒരു നടി ഹേമ കമ്മിറ്റിയില്‍ മൊഴി കൊടുത്തത് ഇങ്ങനെ ഒരു സംഭവം കേട്ടു കേള്‍വി പോലും ഇല്ല എന്നാണ്. അങ്ങനെ പറയുമ്പോള്‍ നടിയെ ആക്രമിച്ച കേസ് പോലും അവര്‍ അറിഞ്ഞിട്ടില്ല എന്ന ധ്വനി പോലും ഉണ്ട്. അവര്‍ അങ്ങനെ ഡബ്ല്യുസിസിക്ക് പണിയും കൊടുത്ത് പതുക്കെ പതുക്കെ അങ്ങ് സ്‌കൂട്ടായി. തന്റെ നേരെ വരുന്നതിനെ മാത്രം നോക്കിയാല്‍ മതി, മറ്റുള്ളവര്‍ക്ക് സംഭവിക്കുന്നത് ഒന്നും തന്നെ ബാധിക്കുന്നില്ല എന്ന നിലപാടെടുത്ത് അവര്‍ മെല്ലെ അങ്ങ് ഒഴിവായി. അവര്‍ക്കാര്‍ക്കും പൊതുസമൂഹത്തോട് യാതൊരു ബാധ്യതയുമില്ല എന്നാണല്ലോ നാം കരുതേണ്ടത്. എന്നാല്‍ മലയാള സിനിമയില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും വ്യക്തമായും സത്യമായും അറിയാവുന്ന ഈ നടിയുടെ കാലുമാറ്റം എല്ലാവരെയും അമ്പരിപ്പിച്ചു.

എന്തിന് ഹേമ കമ്മിറ്റി പോലും അവരുടെ ഒരു വിശ്വസിക്കേണ്ട എന്ന് എഴുതിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. അവര്‍ ഡബ്ല്യുസിസിയില്‍ നിന്ന് പോയെന്ന് വിചാരിച്ച് ഡബ്ല്യുസിസിക്ക് ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല. അവര്‍ മറ്റൊരു സംഘടനയില്‍ ഉണ്ടെന്ന് പറഞ്ഞ് ആ സംഘടനയ്ക്ക് ഒരു നേട്ടവും ഉണ്ടാകാനും പോകുന്നില്ല എന്നതാണ് സത്യം. ചില സ്ഥാപക നടിമാര്‍ അവര്‍ക്കുണ്ടായ അനുഭവങ്ങള്‍ ഹേമ കമ്മിറ്റിയില്‍ പങ്കുവച്ചിട്ടില്ല എന്നുള്ളത് മറ്റൊരു സത്യം കൂടിയാണ്. സംഘടനയുടെ നേതൃത്വത്തിലുള്ളവര്‍ മറ്റുള്ളവര്‍ക്ക് മാതൃക കാണിക്കേണ്ട ഉത്തരവാദിത്തം ഉള്ളവരാണെന്നുള്ളത് ഒരിക്കലും മറക്കാന്‍ പാടില്ല. എനിക്കറിയാവുന്ന ഒരു സംഭവം ഞാന്‍ നിങ്ങളോട് വിവരിക്കാം.

ഡബ്ല്യുസിസിയുടെ സ്ഥാപക നടി ഷൂട്ടിങ് സംബന്ധമായി ഒരു ദിവസം ആലപ്പുഴയില്‍ വരുന്നു അവിടുത്തെ ഹോട്ടലില്‍ അവര്‍ താമസിക്കുന്നു. അവര്‍ അങ്ങനെ അവിടെ താമസിച്ചു വരുമ്പോള്‍ അവരുടെ റൂമിലെ കാര്യങ്ങള്‍ നോക്കുന്ന കുട്ടനാട്ടുകാരനായ ഒരു റൂംബോയിയോട് വളരെ അനുകമ്പയോടെയും സഹോദര സ്‌നേഹത്തോടെയും പെരുമാറിയിരുന്നു. ഒരു ദിവസം രാത്രിയില്‍ ഈ നടി ഒറ്റയ്ക്കേ ഉണ്ടായിരുന്നുള്ളൂ. അന്ന് അര്‍ദ്ധരാത്രിയോടുകൂടി ഈ റൂം ബോയ് ഹോട്ടലിന്റെ കൗണ്ടറില്‍ നിന്ന് സ്‌പെയര്‍ കീ എടുത്തുകൊണ്ട് വന്ന് ഈ നടിയുടെ റൂം തുറന്നു കട്ടിലില്‍ കയറിയിരുന്ന് കുറച്ചുനേരം അവര്‍ കിടക്കുന്നത് നോക്കി ആസ്വദിച്ചിരുന്ന ശേഷം അവന്‍ മെല്ലെ അവരെ സ്പര്‍ശിച്ചു. നടി ചാടി എഴുന്നേറ്റപ്പോള്‍ കാണുന്നത് ഇവന്റെ മുഖമാണ്. പകച്ചുപോയ അവന്‍ ചാടി എഴുന്നേറ്റു ഓടി. അവര്‍ അലറി കൊണ്ട് പിന്നാലെ ഓടി. അപ്പോഴേക്കും ഹോട്ടലുകാരൊക്കെ ഉണര്‍ന്നു ആകെ ബഹളമായി.

പിന്നീട് പൊലീസ് വന്നു ഇവനെ കസ്റ്റഡിയില്‍ എടുത്തു. അവനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി മര്‍ദ്ദിക്കുക ഒക്കെ ചെയ്തു. കേസ് എഫ്‌ഐആര്‍ ഇട്ടു. ആ എഫ്‌ഐആര്‍ ഞാന്‍ വായിച്ചതാണ്. എന്നാല്‍ ഈ നടി അവര്‍ക്ക് ഉണ്ടാകുന്ന നാണക്കേട് ഭയന്ന് കേസ് പിന്‍വലിച്ച് ഇത് രഹസ്യമാക്കി വയ്ക്കാന്‍ എല്ലാവര്‍ക്കും നിര്‍ദ്ദേശം കൊടുത്തു. ഈ വിവരം അവര്‍ ഹേമ കമ്മിറ്റിയില്‍ പറഞ്ഞിട്ടില്ല, ഡബ്ല്യുസിസിയില്‍ പറഞ്ഞിട്ടില്ല ആരോടും പറഞ്ഞിട്ടില്ല.

തനിക്കുണ്ടാകുന്ന നാണക്കേട് ഓര്‍ത്ത് ആ നടി കേസ് പിന്‍വലിച്ച്, ഇത് രഹസ്യമായി വയ്ക്കാന്‍ എല്ലാവര്‍ക്കും നിര്‍ദേശം നല്‍കി. ഈ വിവരം അവര്‍ ഹേമ കമ്മറ്റിയിലും ഡബ്ല്യൂസിസിയിലും പറഞ്ഞിട്ടില്ല, ആരോടും പറഞ്ഞിട്ടില്ല. മാഡം നിങ്ങള്‍ക്കിങ്ങനെ അനുഭവമുണ്ടോയെന്ന് ഒരിക്കല്‍ മാദ്ധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ എനിക്കങ്ങനെ അനുഭവമുണ്ടായിട്ടില്ലെന്ന് അവര്‍ പറയുന്നത് ഞാന്‍ നേരിട്ട് കേട്ടതാണ്.ഞാനൊരു കാര്യം ചോദിക്കട്ടെ, ആ റൂം ബോയ്ക്ക് പകരം അവര്‍ അഭിനയിക്കുന്ന സിനിമയില്‍ വര്‍ക്ക് ചെയ്യുന്ന ഒരാളില്‍ നിന്നായിരുന്നെങ്കില്‍ അവര്‍ മറച്ചുവയ്ക്കുമായിരുന്നോ? എന്തെല്ലാം പുകിലായേനെ. അവന്‍ ഇന്ന് വെളിയില്‍ ഇറങ്ങുമായിരുന്നോ'-അദ്ദേഹം ചോദിച്ചു.

ഒരു സംഘടനയുടെ തലപ്പത്തിരിക്കുന്നവര്‍ ഉത്തരവാദിത്തമുള്ളവരായിരിക്കണം, നിര്‍ഭയരായിരിക്കണം അതല്ലെങ്കില്‍ അവര്‍ മാറി നിന്നിട്ട് അത്തരം ആള്‍ക്കാരെ ആ സംഘടനയുടെ ചുമതല ഏല്‍പ്പിക്കണം. അതുകൊണ്ട് ഡബ്ല്യുസിസി ഒന്ന് ഉടച്ചു വാര്‍ക്കുന്നതിനെ പറ്റി ആലോചിച്ചാല്‍ എന്താണ് എന്ന അഭിപ്രായം രേഖപ്പെടുത്തിക്കൊണ്ട് നിര്‍ത്തുന്നു.''ആലപ്പി അഷ്‌റഫിന്റെ വാക്കുകള്‍.