തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള നടിമാരുടെ വെളിപ്പെടുത്തലുകള്‍ ഷോ എന്ന് കമ്മിറ്റി അംഗമായ ശാരദ വിമര്‍ശിക്കുമ്പോള്‍, വ്യത്യസ്ത അഭിപ്രായവുമായി നടി ഷീല. നേരിട്ട അനുഭവങ്ങള്‍ നടിമാര്‍ ധൈര്യത്തോടെ തുറന്നുപറയണമെന്ന് ഷീല പറഞ്ഞു. തനിക്ക് ദുരനുഭവമുണ്ടായിട്ടില്ല. പക്ഷേ, സെറ്റില്‍ ചില സ്ത്രീകള്‍ അവര്‍ നേരിട്ട മോശം അനുഭവങ്ങളെക്കുറിച്ച് പരസ്പരം പറയുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ട്. അന്നൊന്നും അതു തുറന്ന് പറയാനുള്ള അവസരങ്ങളോ സാഹചര്യങ്ങളോ ഉണ്ടായിരുന്നില്ല. ഇത്രയും പേരുകള്‍ ഉള്ളപ്പോള്‍ എന്തിനാണ് ചില നടന്മാരുടെ പേരുകള്‍ മാത്രം പറയുന്നതെന്ന് അറിയില്ല. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം.

സ്ത്രീകള്‍ക്കുനേരെ പെട്ടെന്നുണ്ടാകുന്ന അതിക്രമങ്ങളില്‍ എങ്ങനെ തെളിവ് കാണിക്കുമെന്ന് ഷീല ചോദിച്ചു. ഒരാള്‍ ഓടിവന്ന് കെട്ടിപ്പിടിച്ച് ഉമ്മ വെച്ചാല്‍ തെളിവിന് വേണ്ടി സെല്‍ഫിയെടുക്കാനാകുമോ? സിനിമാ മേഖലയിലെ സ്ത്രീകള്‍ക്കു വേണ്ടി ഡബ്ല്യുസിസി ഒരുപാട് പ്രയത്‌നിക്കുന്നുണ്ടെന്നും അവരെക്കുറിച്ച് അഭിമാനമാണെന്നും ഷീല പറഞ്ഞു. കരിയര്‍ വരെ പോയിട്ടും അവര്‍ നീതിക്കായി പോരാടി. ഹേമ കമ്മിറ്റിയെ നിയമിക്കുകയും സ്ത്രീകള്‍ക്ക് സംസാരിക്കാന്‍ അവസരമൊരുക്കുകയും ചെയ്ത സര്‍ക്കാരിനെ അഭിനന്ദിക്കുന്നതായും ഷീല പറഞ്ഞു.

'ടിവിയില്‍ ഇതൊക്കെ കണ്ടപ്പോള്‍ എനിക്ക് ഭയങ്കര അദ്ഭുതവും സങ്കടവും തോന്നി. പരാതിയുമായി പോലീസിന്റെ അടുത്ത് പോയാലും കോടതിയില്‍ പോയാലും എന്താണ് തെളിവ് എന്നാണ് ചോദിക്കുന്നത്. ഒരാള്‍ ഓടി വന്ന് കെട്ടിപ്പിടിച്ച് ഉമ്മ വെച്ചാല്‍ നമ്മള്‍ ഉടനെ സെല്‍ഫിയെടുക്കുമോ. ഒന്നുകൂടി ഉമ്മ വെക്കൂ, തെളിവിനായി സെല്‍ഫി എടുക്കട്ടെ എന്ന് ചോദിക്കുമോ. അങ്ങനെയൊന്നും പറയില്ല. പണ്ടൊക്കെ ആരെങ്കിലും ലാന്‍ഡ് ഫോണിലൂടെ വിളിച്ച് വല്ലതും പറഞ്ഞാല്‍ റെക്കോഡ് ചെയ്ത് വെക്കാനാകുമോ. എങ്ങനെയാണ് തെളിവ് കാണിക്കുക.

ഡബ്ല്യുസിസിയോട് ഒരുപാട് ബഹുമാനമുണ്ട്. അന്ന് മുതല്‍ ഇന്ന് വരെ അവര്‍ എത്രയാണ് പോരാടുന്നത്. ഡബ്ല്യുസിസിയില്‍ ഉള്ള നടികളുടെ കരിയര്‍ തന്നെ പോയി. എന്ത് സുന്ദരികളാണ്, എന്ത് കഴിവുള്ളവരാണ്. അവരുടെ കരിയര്‍ പോയല്ലോ. ഇതിന് വേണ്ടി അവരെന്തെല്ലാം ചെയ്തു.
പവര്‍ ഗ്രൂപ്പ് എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇപ്പോള്‍ കേള്‍ക്കുമ്പോഴാണ് ഇങ്ങനെയൊക്കെ ഉണ്ടല്ലോ എന്ന് മനസ്സിലാകുന്നത്. ഒരു നടിയുടെ ജീവിതത്തില്‍ കയറി കളിക്കുക എന്നാല്‍ സാധാരണ കാര്യമാണോ. സ്ഥാനാര്‍ഥി സാറാമ്മ, കള്ളിച്ചെല്ലമ്മ തുടങ്ങി എന്റെ പേരിലുള്ള സിനിമകള്‍ വന്നിട്ടുപോലും എനിക്ക് പുരുഷന്മാരെക്കാള്‍ വേതനം കിട്ടിയിട്ടില്ല. പണം തരില്ല അവര്‍. സ്ത്രീക്ക് പ്രാധാന്യം ഉള്ള കഥാപാത്രമുള്ള സിനിമയാണെങ്കില്‍ അവര്‍ക്ക് കൂടുതല്‍ വേതനം കൊടുക്കണം', ഷീല പറഞ്ഞു.