- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആണവോര്‍ജ മേഖലയില്‍ സ്വകാര്യ കമ്പനികളെ അനുവദിക്കുന്ന ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെ ആണവോര്‍ജ കമ്പനി ആരംഭിച്ച് അദാനി ഗ്രൂപ്പ്; ഇന്ത്യയില്‍ സ്വകാര്യ സ്ഥാപനം ആണവോര്‍ജ കമ്പനി രൂപീകരിക്കുന്നത് ഇതാദ്യം; കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷം
ആണവോര്‍ജ കമ്പനി ആരംഭിച്ച് അദാനി ഗ്രൂപ്പ്

ന്യൂഡല്‍ഹി: രാജ്യത്തെ ആണവോര്‍ജ്ജ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നയം. ഈ നയത്തിന്റെ ഭാഗമായി ആണവോര്‍ജ മേഖലയില്‍ സ്വകാര്യ കമ്പനികളെ അനുവദിക്കുന്ന ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ആണവോര്‍ജ കമ്പനി ആരംഭിച്ച് അദാനി ഗ്രൂപ്പ് രംഗത്തെത്തി. അദാനി പവറിന്റെ കീഴില്‍ അദാനി അറ്റോമിക് എനര്‍ജി ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചതായാണ് അദാനി ഗ്രൂപ്പ് സ്റ്റോക്ക് എക്ചേഞ്ചുകളെ അറിയിച്ചിരിക്കുന്നത്. ഇക്കാര്യം ദി ഹിന്ദു ദിനപത്രം റിപ്പോര്‍ട്ടു ചെയ്തു.
ആദാനി ഗ്രൂപ്പ് ആണവോര്‍ജ രംഗത്ത് നിക്ഷേപം നടത്താനുള്ള താല്‍പര്യം അറിയിച്ചതിന് പിന്നാലെയാണ് ശാന്തി ബില്‍ എന്ന് പേരിട്ടിരുക്കുന്ന ബില്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. ആണവ മേഖല സ്വകാര്യ കമ്പനികള്‍ക്ക് തുറന്നു കൊടുക്കുന്നതായിരുന്നു ബില്‍. ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് അദാനി ഗ്രൂപ്പ് ആണവോര്‍ജ മേഖലയില്‍ പുതിയ കമ്പനി രൂപീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആദ്യ സ്വകാര്യ ആണവോര്‍ജ കമ്പനിയാണ് അദാനി അറ്റോമിക് എനര്‍ജി ലിമിറ്റഡ്.
അതേസമയം കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്തുവന്നിരുന്നു. നിക്ഷേപം നടത്താന്‍ താല്‍പര്യമുണ്ടെന്ന് അദാനി അറിയിച്ചതിന് പിന്നാലെയാണ് പിന്നാലെ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത് യാദൃശ്ചികമാണോ എന്ന കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയുടെ ചോദ്യം പ്രതിഷേധത്തിന് കാരണമായിരുന്നു. ഒരു കമ്പനിയുടേയും താല്‍പര്യം സംരക്ഷിക്കാനല്ല ബില്‍ അവതരിപ്പിച്ചത് എന്നായിരുന്നു ആണവോര്‍ജ മന്ത്രി ജിതേന്ദ്ര സിംഗിന്റെ അന്നത്തെ മറുപടി.
പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ത്ത് രാജ്യത്തിന്റെ ഊര്‍ജ്ജ ഭദ്രത കോര്‍പ്പറേറ്റുകളുടെ കൈകളില്‍ ഏല്‍പ്പിക്കുന്ന കേന്ദ്ര നയമെന്നാണ് ഈ നീക്കത്തെ ഇടതുപാര്‍ട്ടികളും വിമര്‍ശിക്കുന്നത്. ആണവ സുരക്ഷയും മാലിന്യ നിര്‍മ്മാര്‍ജ്ജനവും പോലുള്ള അതീവ ഗൗരവകരമായ വിഷയങ്ങള്‍ സ്വകാര്യ ലാഭത്തിനായി വിട്ടുകൊടുക്കുന്നത് വലിയ അപകടങ്ങള്‍ക്ക് വഴിതുറക്കുമെന്ന ആശങ്കയുയും ശക്തമാണെന്നാണ് ഇടതുപക്ഷത്തിന്റെ വാദം.
എട്ടു വര്‍ഷത്തിനുള്ളില്‍ ചെറു മോഡുലാര്‍ ന്യൂക്ലിയര്‍ റിയാക്ടര്‍ (എസ്എംആര്‍) നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങള്‍ക്കായി ന്യൂക്ലിയര്‍ എനര്‍ജി മിഷന്‍ സ്ഥാപിക്കുമെന്നും നേരത്തെ കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു. ആണവോര്‍ജ മേഖലയിലെ ഇന്ത്യന്‍ സ്ഥാപനങ്ങളായ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ്, ഇന്ദിരാഗാന്ധി അറ്റോമിക് റിസര്‍ച് സെന്റര്‍, ഭാഭ അറ്റോമിക് റിസര്‍ച് സെന്റര്‍ എന്നിവയെ കരിമ്പട്ടികയില്‍നിന്ന് യുഎസ് ഒഴിവാക്കിയതിന് പിന്നാലെയാണ് ആണവോര്‍ജ രംഗത്ത് സ്വകാര്യ പങ്കാളിത്തം അനുവദിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്.
ഇന്ത്യ - യുഎസ് ആണവക്കരാര്‍ നടപ്പാക്കുന്നതില്‍ പുതിയ ഭേദഗതി കാര്യമായ പങ്കുവഹിച്ചേക്കുമെന്നും വിലയിരുത്തപ്പെടുന്നു. സിവില്‍ ലയബിലിറ്റി ഫോര്‍ ന്യൂക്ലിയര്‍ ഡാമേജ് നിയമത്തിലെ കടുത്ത നിയന്ത്രണങ്ങളാണ് ആണവക്കരാര്‍ യാഥാര്‍ഥ്യമാകുന്നതിനു തടസമായിരുന്ന പ്രധാന കാരണങ്ങളിലൊന്ന്. 2005ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും അന്നത്തെ യുഎസ് പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യ-യുഎസ് ആണവ സഹകരണത്തിനുള്ള ചര്‍ച്ച തുടങ്ങിയത്. എന്നാല്‍ നിയന്ത്രണങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളിലും തട്ടി മൂന്നുവര്‍ഷം കൊണ്ട് ചര്‍ച്ചകള്‍ വഴിമുട്ടുകയായിരുന്നു.


