ന്യൂയോര്‍ക്ക്: 2,029 കോടിയുടെ കൈക്കൂലി വാഗ്ദാന കേസില്‍ ഇന്ത്യന്‍ വ്യവസായ ഗൗതം അദാനിക്ക് മേല്‍ വന്‍ പ്രതിസന്ധിയായി മാറുന്നു. അമേരിക്കയില്‍ നിയമ നടപടിയ നേരിടുന്ന പശ്ചാത്തലത്തില്‍ അദാനിയുമായുള്ള കരാറുകളില്‍ പുനപരിശോധനക്ക് ഒരുങ്ങുകയാണ് മറ്റ് രാജ്യങ്ങള്‍. ആദ്യം കെനിയയാണ് ഒരു പദ്ധതിയില്‍ നിന്നും പിന്‍മാറിയത്. ഇതിന് പിന്നാലെയാണ് മറ്റു രാജ്യങ്ങളും സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ ചിന്ത തുടങ്ങിയത്.

ശ്രീലങ്കയിലെ തുറമുഖ വികസനത്തിനായി 50 കോടി യുഎസ് ഡോളര്‍ വായ്പ നല്‍കാമെന്നേറ്റ യുഎസ് ഇന്റര്‍നാഷനല്‍ ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍, പദ്ധതിയിലെ പ്രധാന പങ്കാളികളിലൊരാളായ അദാനി ഗ്രൂപ്പിനെതിരെ അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുമെന്ന് അറിയിച്ചു.

കൊളംബോയിലെ പോര്‍ട്ട് ടെര്‍മിനല്‍ പദ്ധതിക്കാണു സ്ഥാപനം പണം നല്‍കാമെന്നേറ്റത്. പദ്ധതിയുടെ എല്ലാ വിശദാംശങ്ങളും പഠിച്ച് മാനദണ്ഡങ്ങള്‍ പാലിച്ചെന്ന് ഉറപ്പാക്കിയശേഷമേ വായ്പ നല്‍കുകയുള്ളുവെന്ന് സ്ഥാപനം അറിയിച്ചു. ഇത് അദാനിക്ക് തിരിച്ചടിയാകുന്ന കാര്യമാണ്. ഇതിനിടെ അദാനി ഗ്രൂപ്പിനെതിരെ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് വിശാല്‍ ഝാ എന്ന അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയതും വിഷയം പ്രതിപക്ഷം ഏറ്റെടുക്കും എന്നതും വലിയ വെല്ലുവിളിയായി നില്‍ക്കുകയാണ്.

അതേസമയം അദാനി ഗ്രൂപ്പ് അടക്കം വിവിധ കമ്പനികളുമായി ഷെയ്ഖ് ഹസീന ഭരണകൂടം ഒപ്പുവച്ച ഊര്‍ജ,വൈദ്യുതി പദ്ധതികളില്‍ വിശദാന്വേഷണം നടത്താന്‍ ബംഗ്ലദേശ് ഇടക്കാല സര്‍ക്കാര്‍ നിയോഗിച്ച ഉന്നതസമിതി ശുപാര്‍ശ ചെയ്തു. ഷെയ്ഖ് ഹസീന അധികാരത്തിലിരുന്ന 2009 മുതല്‍ 2024 വരെ ഒപ്പുവച്ച ഊര്‍ജപദ്ധതികളില്‍ അഴിമതി നടന്നതായി തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണു പ്രത്യേക ഏജന്‍സിയെ വച്ച് അന്വേഷിക്കണമെന്നു ഊര്‍ജ, ധാതുവിഭവ മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ നിയോഗിക്കപ്പെട്ട ദേശീയ റിവ്യൂ കമ്മിറ്റി ശുപാര്‍ശ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണവും അദാനിക്ക് തിരിച്ചടിയാകുകയാണ്.

അദാനി പവര്‍ ലിമിറ്റഡിന്റെ ബംഗ്ലദേശ് ഇന്ത്യ ഫ്രണ്‍ഷിപ് പവര്‍ കമ്പനി ലിമിറ്റഡ് (ബിഐഎഫ്പിസിഎല്‍) 1234.4 മെഗാവാട്ട് താപവൈദ്യുതി നിലയം അടക്കം 7 വന്‍കിട ഊര്‍ജ, വൈദ്യുതി പദ്ധതികളാണു സമിതി പരിശോധിച്ചതെന്ന് ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന്റെ ഓഫിസ് അറിയിച്ചു. ആറെണ്ണത്തില്‍ ഒരെണ്ണം ചൈനീസ് കമ്പനിയുടെയും മറ്റെല്ലാം ഷെയ്ഖ് ഹസീനയോടു അടുപ്പമുള്ള ബംഗ്ലദേശ് കമ്പനികളുടേതുമാണ്.

ഊര്‍ജരംഗത്തെ ഉഭയകക്ഷി സഹകരണത്തിന്റെ ഭാഗമായാണ് അദാനി ഗ്രൂപ്പ് ബംഗ്ലദേശില്‍ നിക്ഷേപം നടത്തിയത്.പദ്ധതിയുമായി ബന്ധപ്പെട്ടു കിട്ടാനുള്ള 80 കോടി ഡോളര്‍ നല്‍കണമെന്നാവശ്യപ്പെട്ടു ഈയിടെ അദാനി ഗ്രൂപ്പ് ബംഗ്ലദേശ് സര്‍ക്കാരിനു കത്തെഴുതിയിരുന്നു. സൗരോര്‍ജ്ജ പദ്ധതിയുടെ കരാറിനുവേണ്ടി 2,029 കോടി രൂപ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി വാഗ്ദാനം ചെയ്തതിന്റെ പേരില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിക്കും മറ്റ് ഏഴ് പേര്‍ക്കുമെതിരേ യു എസ് കോടതി കുറ്റപത്രം ചുമത്തിയതിന് പിന്നാലെയാണ് അദാനിക്ക് തിരിച്ചടി തുടങ്ങിയത്.

ബംഗ്ലാദേശിന്റെ തീരുമാനത്തില്‍ കൂടുതലൊന്നും പ്രതികരിക്കാനില്ലെന്നാണ് അദാനി പവര്‍ ലിമിറ്റഡ് വക്താവ് വ്യക്തമാക്കിയത്. ''ബംഗ്ലാദേശിന്റെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ അഭിപ്രായം പറയുന്നില്ല. ഞങ്ങളുടെ പിപിഎ(പവര്‍ പര്‍ച്ചേസ് കരാര്‍) കഴിഞ്ഞ ഏഴ് വര്‍ഷമായി നിലവിലുണ്ട്, അത് തികച്ചും നിയമപരവും എല്ലാ നിയമങ്ങള്‍ക്കും പൂര്‍ണ്ണമായും അനുസൃതവുമാണ്. വൈദ്യുതി വിതരണം ചെയ്തുകൊണ്ട് ഞങ്ങള്‍ ഞങ്ങളുടെ കരാര്‍ ബാധ്യതകള്‍ നിറവേറ്റുന്നത് തുടരുന്നു'. എന്നു മാത്രമാണ് വക്താവ് ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞത്.

ബംഗ്ലാദേശ് ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം, 2017ല്‍ അദാനി ഗ്രൂപ്പുമായി ഒപ്പുവെച്ച രാജ്യത്തിന്റെ പവര്‍ പര്‍ച്ചേസ് കരാര്‍ (പിപിഎ) പുനഃപരിശോധിക്കാന്‍ പ്രൊഫ.മുഹമ്മദ് യൂനസിന്റെ കീഴിലുള്ള ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ ഊര്‍ജ രംഗത്ത് നിന്നുള്ളവരും നിയമവിദഗ്ധരും അടങ്ങുന്ന ഉന്നതതല അന്വേഷണ സമിതിക്ക് രൂപം നല്‍കിയിരുന്നു. നവംബര്‍ 19 ന്, ജസ്റ്റിസ് ഫറാ മഹ്ബൂബ്, ജസ്റ്റിസ് ദേബാസിഷ് റോയ് ചൗധരി എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച്, കമ്മിറ്റിയുടെ റിപ്പോര്‍ട്ട് രണ്ട് മാസത്തിനകം സമര്‍പ്പിക്കാനാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് ബംഗ്ലാദേശ് വാര്‍ത്താ ഏജന്‍സി യുഎന്‍ബി റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൂടാതെ, പവര്‍ ഡിവിഷനും അദാനി ഗ്രൂപ്പും തമ്മിലുള്ള 25 വര്‍ഷത്തെ ഇടപാടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഒരു മാസത്തിനുള്ളില്‍ സമര്‍പ്പിക്കാനും സര്‍ക്കാരിനോട് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. നവംബര്‍ 13 ന് സുപ്രീം കോടതി അഭിഭാഷകന്‍ എം. അബ്ദുള്‍ ഖയൂം സമര്‍പ്പിച്ച റിട്ട് ഹര്‍ജിയെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ബംഗ്ലാദേശ് പവര്‍ ഡെവലപ്‌മെന്റ് ബോര്‍ഡ് (ബിപിഡിബി) ചെയര്‍മാനും വൈദ്യുതി ഊര്‍ജ മന്ത്രാലയ സെക്രട്ടറിക്കും ഖയൂം നേരത്തെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. പിപിഎയുടെ നിബന്ധനകള്‍ പുനര്‍മൂല്യനിര്‍ണയം ചെയ്യാനോ ഇടപാടുകള്‍ റദ്ദാക്കാനോ ആവശ്യപ്പെട്ടായിരുന്നു നോട്ടീസ് എന്നാണ് യുഎന്‍ബി റിപ്പോര്‍ട്ട് ചെയ്തത്.

2017 നവംബറിലാണ് അദാനി പവര്‍ (ജാര്‍ഖണ്ഡ്) ലിമിറ്റഡ് (എപിജെഎല്‍) ബംഗ്ലാദേശ് പവര്‍ ഡെവലപ്‌മെന്റ് ബോര്‍ഡുമായി 25 വര്‍ഷത്തേക്കുള്ള 1,496 മെഗാവാട്ട് (നെറ്റ്) പവര്‍ പര്‍ച്ചേസ് കരാറില്‍ ഒപ്പുവയ്ക്കുന്നത്. കരാര്‍ പ്രകാരം എപിജെഎല്ലിന്റെ ഗോഡ്ഡ പ്ലാന്റില്‍ നിന്നുള്ള 100 ശതമാനം വൈദ്യുതിയും ബംഗ്ലാദേശ് വാങ്ങും. 100 ശതമാനം ഇറക്കുമതി ചെയ്ത കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന യൂണിറ്റിനെ 2019 മാര്‍ച്ചില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പ്രത്യേക സാമ്പത്തിക മേഖലയായി പ്രഖ്യാപിച്ചിരുന്നു. 2023 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ പൂര്‍ണതോതില്‍ വാണിജ്യപരമായി പ്രവര്‍ത്തനക്ഷമമായ ഗോഡ്ഡ പ്ലാന്റ് ബംഗ്ലാദേശിന്റെ അടിസ്ഥാന വൈദ്യുതി ആവശ്യത്തിന്റെ 7-10 ശതമാനം വരെ നല്‍കുമെന്നാണ് കരാറില്‍ പറയുന്നത്.

നേരത്തെ ഗൗതം അദാനിക്കും അനന്തരവന്‍ സാഗര്‍ അദാനിക്കും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് കമ്മീഷന്‍ നോട്ടീസയച്ചിരുന്നു. അദാനി ഗ്രൂപ്പിന്റെ സ്ഥാപകന്‍ ഗൗതം അദാനിക്കും അനന്തരവനും അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന്റെ എക്സിക്യുട്ടീവ് ഡയറക്ടറുമായ സാഗര്‍ അദാനിക്കും എസ്ഇസി ചോദ്യം ചെയ്യലിന് നോട്ടീസയച്ചതായി വാര്‍ത്താ എജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. 21 ദിവസത്തിനകം ഹാജരാകാനാവശ്യപ്പെട്ട് ഇരുവരുടെയും അഹമ്മദാബാദിലെ വസതിയിലേക്കാണ് നോട്ടീസെത്തിയത്. ആരോപണങ്ങളില്‍ 21 ദിവസത്തിനകം മറുപടി നല്‍കണം. ഇല്ലെങ്കില്‍ കേസ് തീര്‍പ്പാക്കുന്ന ഘട്ടത്തിലേക്കു നീങ്ങും. കോടതിയിലും മറുപടി നല്‍കേണ്ടി വരുമെന്നാണ് നിര്‍ദേശം.

കേസില്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ ഇരുവരും അടക്കം 8 പേര്‍ക്കെതിരെ യുഎസിലെ കോടതിയില്‍ കുറ്റപത്രം നല്‍കിയിരുന്നു. അതേസമയം മഹാരാഷ്ട്രയിലെ തോല്‍വി കാര്യമാക്കാതെ ഇന്ന് തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തിലുടനീളം കേന്ദ്രസര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് വിഷയം ആയുധമാക്കും. നിലവില്‍ രാഹുല്‍ ഗാന്ധി മാത്രാമാണ് വിഷയം സജീവമായി ഏറ്റെടുത്തിട്ടുള്ളത്. ഇന്ത്യ സഖ്യത്തിലെ മറ്റു പാര്‍ട്ടികളോടും വിഷയത്തില്‍ പിന്തുണ വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടും.Adani US indictment: Bangladesh panel for power pacts' review, including Adani group's