- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്റെ ഓഫീസിനെ വിവാദത്തിലേക്ക് വലിച്ചിട്ടതില്‍ രോഷമടങ്ങാതെ മുഖ്യമന്ത്രി; അന്‍വറിനെതിരെ സിബിഐ അന്വേഷണത്തിന് വഴിതേടി എഡിജിപി അജിത് കുമാറും; സ്വര്‍ണ്ണക്കടത്തുകാര്‍ക്ക് ഓശാന പാടിയ നിലമ്പൂര്‍ എംഎല്‍എയെ കാത്തിരിക്കുന്നത് മുട്ടന്‍ പണി
നിലമ്പൂര്‍ എംഎല്‍എയെ കാത്തിരിക്കുന്നത് മുട്ടന്‍ പണി
തിരുവനന്തപുരം: പബ്ലിസിറ്റി സ്റ്റണ്ടിന് വേണ്ടി തുനിഞ്ഞിറങ്ങിയ നിലമ്പൂര്‍ എംഎല്‍എയെ കാത്തിക്കുന്നത് മുട്ടന്‍ പണി. മറുനാടന്‍ മലയാളിയെ പൂട്ടിക്കെട്ടും എന്നു വെല്ലുവിളിയുമായി രംഗത്തുവന്ന് അതിന് സാധിക്കാതെ പോയതിന്റെ ചൊരുക്കു തീര്‍ക്കലായിരുന്നു അന്‍വറിന്റെ രണ്ടാം ഘട്ടം. പോരാട്ടമെന്ന് വിശേഷിപ്പിച്ചു നീങ്ങിയ കാര്യങ്ങള്‍ യുടേണ്‍ അടിച്ചു മുഖ്യമന്ത്രിയുടെ ഓഫീസിനെ സ്വര്‍ണ്ണക്കടത്ത് ആരോപണങ്ങളിള്‍ പെടുത്തുന്നതായിരുന്നു. തന്റെ ഓഫീസിന് മേല്‍ സ്വര്‍ണ്ണക്കടത്ത് ആരോപണങ്ങള്‍ ഉയര്‍ത്തുകയും പോലീസിന്റെ ആത്മവീര്യം തകര്‍ക്കാന്‍ സ്വര്‍ണ്ണക്കടത്ത് ആരോപണങ്ങള്‍ ഉയര്‍ത്തുകയും ചെയ്തതോടെയാണ് ക്ഷമ നശിച്ച് മുഖ്യമന്ത്രി അന്‍വറിനെതിരെ രംഗത്തുവന്നത്.
അന്‍വറിനെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ തനിക്കും പറയേണ്ടി വരുമെന്ന് പിണറായി വിജയന്‍ കടുപ്പിച്ചു പറഞ്ഞതോടെയാണ് അന്‍വര്‍ ഇനി തനിക്ക് മുന്നില്‍ രക്ഷയില്ലെന്ന് വ്യക്തമായത്. മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതോടെ അന്‍വറിന് മുന്നില്‍ നിരവധി പ്രതിസന്ധികളാണ് നില്‍ക്കുന്നത്. സ്വര്‍ണംപൊട്ടിക്കല്‍ സംഘത്തെ പിടികൂടി പൊലീസ് സ്വര്‍ണം കൈക്കലാക്കുന്നുവെന്നാണ് അന്‍വര്‍ ഉന്നയിച്ച ആരോപണം. എന്നാല്‍ അന്‍വര്‍ തന്നെ വെളിപ്പെടുത്തിയത് സ്വര്‍ണ്ണക്കടത്തുകാരുമായി തനിക്ക് ബന്ധമുണ്ടെന്നാണ്. പോലീസിനെതിരെ മൊഴി നല്‍കാന്‍ ഇവരില്‍ ചിലരെ താന്‍ സമീപിച്ചതായും അന്‍വര്‍ വെളിപ്പെടുത്തി. ഇതോടെ സ്വര്‍ണ്ണക്കടത്ത് വിവാദം തികടം മറിയുകയാണ്.
പോലീസിനെതിരെ സ്വര്‍ണ്ണക്കടത്തുകാര്‍ സംഘടിച്ചത് പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്. ഇതേക്കുറിച്ച് വിശദമായി തന്നെ അന്വേഷണം നടക്കുന്നുണ്ട്. തനിക്കെതിരെ അന്‍വര്‍ ആരോപണം ഉന്നയിച്ചപ്പോള്‍ തന്നെ എഡിജിപി അജിത്കുമാര്‍ ഈ ആരോപണങ്ങള്‍ എല്ലാം തള്ളിക്കളഞ്ഞിരുന്നു. മാത്രമല്ല, ആരോപണങ്ങള്‍ അവാസ്തവമാണെന്ന് തെളിഞ്ഞാല്‍ അന്‍വറിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ അനുമതി വേണമെന്നും അദ്ദേഹം തുടക്കത്തില്‍ തന്നെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
മറുനാടനുമായി ബന്ധപ്പെട്ട അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണമായും തള്ളിയാണ് എഡിജിപി ഇക്കാര്യം മുഖ്യമന്ത്രിയെ ബോധിപ്പിച്ചത്. നിയമത്തിന്റെ പരിധിവിട്ട് പോലും മറുനാടന്‍ മലയാളിക്കെതിരെ പോലീസ് നീങ്ങിയിരുന്നു. ഇക്കാര്യം, മുഖ്യമന്ത്രിക്ക് ബോധ്യമാകുകയും ചെയ്തു. ഇതോടെയാണ് അന്‍വറിന്റെ വാദങ്ങള്‍ ഓരോന്നായി പൊളിയുന്നത്. ഇതുമായി ബന്ധപ്പെട്ട് അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ പ്രാഥമികമായി പരിശോധിച്ച ശേഷമാണ് മുഖ്യമന്ത്ര അന്‍വറിനെതിരെ തള്ളിപ്പറഞ്ഞതും.
എഡിജിപി എം.ആര്‍.അജിത്കുമാറിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്ന ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു പിന്നാലെ പി.വി.അന്‍വര്‍ എംഎല്‍എക്ക് എതിരെ അന്വേഷണത്തിനു സര്‍ക്കാര്‍ പച്ചക്കൊടി കാട്ടുമെന്നാണ് കണക്കൂകുട്ടല്‍. അന്‍വറിനെതിരെ നിയമനടപടിക്ക് അജിത്കുമാര്‍ സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. എന്നാല്‍, ഇടതു എംഎല്‍എക്കെതിരെ പോലീസ് അന്വേഷണത്തിന് പകരം സിബിഐയോ മറ്റ് കേന്ദ്ര ഏജന്‍സികളോ എത്തിയേക്കാം. കോടതി വഴി അതിന് അജിത്കുമാര്‍ വഴിതേടിയേക്കും.
അന്‍വര്‍ നയിച്ചത് പോലീസിനെ നിര്‍വീര്യമാക്കാനുള്ള സംഘടിത നീക്കമായായാണ് അജിത്കുമാര്‍ വ്യക്തമക്കിയിരിക്കുന്ന കാര്യം. സ്വര്‍ണ്ണക്കടത്ത് സംഘടിതമായ കുറ്റകൃത്യമാണ്. ഇത് രാജ്യത്ത് ഭീകരപ്രവര്‍ത്തനത്തിന് അടക്കം ഫണ്ട് കണ്ടെത്തുന്നതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അന്‍വര്‍ തന്നെ തനിക്കുള്ള ബന്ധങ്ങളെ കുറിച്ച് പരസ്യമായി പറഞ്ഞത്. ഇതെല്ലാം റിപ്പോര്‍ട്ടായി കേന്ദ്ര ഏജന്‍സികള്‍ക്ക് മുന്നിലെത്തും.
താന്‍ കുറ്റക്കാരനല്ലെന്നു തെളിഞ്ഞാല്‍ ആരോപണമുന്നയിച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തണമെന്നാണ് അജിത്കുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, സര്‍ക്കാര്‍ സ്വന്തമായി അന്വേഷിക്കുന്നതിനു പകരം അന്‍വറിനെതിരെ കോടതിയെ സമീപിക്കാന്‍ അജിത്തിന് അനുമതി നല്‍കാനാണ് ആലോചന. സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് അജിത്കുമാര്‍ ഒരുങ്ങുന്നത്.
മുഖ്യമന്ത്രിയുടെ ഇന്നലത്തെ നിലപാടോടെ ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് അന്‍വറിന്റെ ആരോപണങ്ങള്‍ തള്ളിക്കൊണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായി. അന്‍വര്‍ ആവശ്യപ്പെട്ട നിയമവിരുദ്ധ കാര്യങ്ങള്‍ ചെയ്തുകൊടുക്കാത്തതിനാലാണ് തനിക്കെതിരെ ആരോപണമെന്ന് ഡിജിപി മൊഴിയെടുത്തപ്പോള്‍ അജിത്കുമാര്‍ വ്യക്തമാക്കിയിരുന്നു.
ആഫ്രിക്കയിലെ സ്വര്‍ണ്ണഖനനവും അടക്കം നിരവധി ബിസിനസ് ബന്ധങ്ങള്‍ അന്‍വറിനുണ്ട്. ഇതുവഴിയെല്ലാം സ്വര്‍ണ്ണക്കടത്തുകാരുമായി അദ്ദേഹം ബന്ധപ്പെട്ടു കിടപ്പുണ്ട്. ഇത്തരം ഇടപാടുകളുടെ പശ്ചാത്തലത്തില്‍ ഇഡിയുടെ അടക്കം നോട്ടപ്പുള്ളിയാണ് നിലമ്പൂര്‍ എംഎല്‍എ. സാഹചര്യം മാറുന്നതോടെ ഇതേക്കുറിച്ചെല്ലാം അന്വേഷണം എത്തിയേക്കുമെന്ന് ഉറപ്പാണ്.
സ്വര്‍ണക്കടത്ത് സംഘവുമായി ചേര്‍ന്ന് പൊലീസിനെതിരെ ഗൂഢാലോചന നടന്നെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്് നിലമ്പൂര്‍ എംഎല്‍എക്ക് വന്‍ വെല്ലുവിളിയാണ്. പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ സ്വര്‍ണ്ണക്കടത്ത് സംഘവുമായി ചേര്‍ന്ന് ചിലര്‍ പോലീസിനെതിരെ ഗൂഢാലോചന നടത്തിയത്. ആരോപങ്ങള്‍ക്ക് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്നാണ് നിഗമനം.
ചില പൊലീസുകാരുടെ സഹായവും ഇതിന് ലഭിച്ചെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പോലീസുകാരുടെ പേര് ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചുകൊണ്ടാ ഇന്റലിജന്‍സ് മേധാവി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം നടന്നത്. സേനയ്‌ക്കെതിരെ നടന്ന നീക്കങ്ങളെല്ലാം കേസെടുത്തു അന്വേഷിക്കാനാണ് തീരുമാനം.
എസ്പി സുജിത് ദാസിനെതിരെയായിരുന്നു അന്‍വര്‍ ഗുരുതര ആരോപണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇതിന് പിന്നാലെ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചത്. പിവി അന്‍വറിന്റെ ആരോപണങ്ങള്‍ വന്നതിന് ശേഷമാണ് ഇന്റലിജന്‍സ് പരിശോധന ആരംഭിച്ചത്. ഇതിലാണ് ചില സ്വര്‍ണക്കടത്ത് സംഘങ്ങള്‍ പൊലീസ് സേനയ്ക്ക് എതിരെ ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തിയത്.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് രഹസ്യ അന്വേഷണം തുടരും. ആഭ്യന്തര അന്വേഷണവും നടത്തും. സ്വര്‍ണക്കടത്ത് സംഘത്തിനൊപ്പം നില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയും ഉണ്ടാകും. കഴിഞ്ഞദിവസം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തിലും സ്വര്‍ണക്കടത്ത് സംഘത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.