- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അന്ന് എനിക്ക് സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായില്ല; ഇപ്പോള്‍ സര്‍ക്കാരും മുഖ്യമന്ത്രിയും പ്രത്യേകം താത്പര്യമെടുത്താണ് അദ്ദേഹത്തെ ആദരിക്കുന്നത്'; പരിഭവവുമായി അടൂര്‍ ഗോപാലകൃഷ്ണന്; 'എന്നെ പറ്റി ആദ്യമായി നല്ലത് പറഞ്ഞ.., അല്ല മുന്‍പ് പലപ്പോഴും സംസാരിച്ചിട്ടുള്ള അടൂര്‍ സാറിനും നന്ദി'യെന്ന് മോഹന്‍ലാലിന്റെ മറുപടിയും
'അന്ന് എനിക്ക് സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായില്ല;
തിരുവനന്തപുരം: ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ ആദരിച്ചിരുന്നു. സിനിമ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്ത പരിപാടിയിലെ അടൂര്‍ ഗോപാലകൃഷ്ണന്റെ വാക്കുകളും അതിനോട് മോഹന്‍ലാല്‍ പ്രതികരിച്ച വിധവുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയം.
'എനിക്ക് മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കാന്‍ ഇനിയും അവസരം കിട്ടിയിട്ടില്ല. പക്ഷേ മോഹന്‍ലാലിന്റെ കഴിവുകളില്‍ അഭിമാനിക്കുകയും അതിന് ആദരവ് നല്‍കുകയും ചെയ്യുന്ന ഒരാളാണ് ഞാന്‍. മോഹന്‍ലാലിന് അഭിനയത്തിനുള്ള ആദ്യ ദേശീയ അവാര്‍ഡ് നല്‍കിയ ജൂറി അംഗമായിരുന്നു ഞാന്‍. അദ്ദേഹത്തിന് ദേശീയ തലത്തിലുള്ള ബഹുമതികള്‍ ആരംഭിക്കുന്നത് അവിടെ നിന്നാണ്. രണ്ട് ദശാബ്ദം മുന്‍പ് ഈ അവാര്‍ഡ് എനിക്ക് ലഭിക്കുമ്പോള്‍ ഇതുപോലെയുള്ള ആഘോഷങ്ങളോ, ജനങ്ങള്‍ മുഴുവന്‍ പങ്കെടുക്കുന്ന ആദരവ് പ്രകടിപ്പിക്കലൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ നമ്മുടെ സര്‍ക്കാരും മുഖ്യമന്ത്രിയും പ്രത്യേകം താത്പര്യമെടുത്താണ് അദ്ദേഹത്തിനെ ആദരിക്കുന്നത്,' എന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ വാക്കുകള്‍.
അടൂരിന്റെ ഈ പ്രസംഗത്തിന് പിന്നാലെ മോഹന്‍ലാല്‍ സംസാരിക്കാന്‍ എത്തി. ആദരവിന് നന്ദി അറിയിച്ച നടന്‍ വേദിയില്‍ ഇരുന്ന ഒരോരുത്തരെയായി പേരെടുത്ത് നന്ദി അറിയിച്ചു. അടൂര്‍ ഗോപാലകൃഷ്ണന് നന്ദി പറഞ്ഞ വാക്കുകള്‍ നടന്റെ പരോക്ഷ മറുപടിയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
'എന്നെ പറ്റി ആദ്യമായി നല്ലത് പറഞ്ഞ.., അല്ല മുന്‍പ് പലപ്പോഴും സംസാരിച്ചിട്ടുള്ള അടൂര്‍ സാറിനും നന്ദി', എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. എന്നെപ്പറ്റി സംസാരിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍ സാറിനോടും മറ്റെല്ലാവരോടും ഉള്ള നന്ദി ഞാന്‍ അറിയിക്കുന്നു,' എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. ആരാധകര്‍ മോഹന്‍ലാലിന്റെ വാക്കുകള്‍ക്ക് കയ്യടിക്കുമ്പോള്‍ അടൂരിനെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്.
അടൂരിന് കൃത്യമായ മറുപടി മോഹന്‍ലാല്‍ നല്‍കിയെന്നും സംവിധായകന്‍ അത് അര്‍ഹിക്കുന്നു എന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്. നിരവധി ട്രോളുകളാണ് ഈ വിഷയത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
അതേസമയം, നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകര്‍ മോഹന്‍ലാലിനെ വരവേറ്റത്. തുടര്‍ന്ന് പരിപാടിക്ക് നന്ദി അറിയിച്ച് മോഹന്‍ലാല്‍ പോസ്റ്റുമായി എത്തി. 'ഇത്തരം നിമിഷങ്ങള്‍ എന്റെ ഉള്ളില്‍ വലിയ കൃതഞ്ജതയാണ് നിറക്കുന്നത്. ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡ് ലഭിച്ചതിന് ആശംസകളുമായി നടന്ന പരിപാടിയില്‍ കേരള സര്‍ക്കാര്‍ നല്‍കിയ ഊഷ്മളമായ ആദരത്തിന് നന്ദി. മുഖ്യമന്ത്രിയോടും മന്ത്രിമാരോടും പരിപാടിയിലേക്ക് എത്തിച്ചേര്‍ന്ന എല്ലാ വിശിഷ്ട വ്യക്തിത്വങ്ങളോടും ഞാന്‍ നന്ദി പറയുന്നു. അതിനെല്ലാം ഉപരി ഈ മനോഹര നിമിഷത്തിന്റെ സന്തോഷത്തില്‍ പങ്കുചേരാനായി ഇവിടെ എത്തിച്ചേര്‍ന്ന ഓരോരുത്തരോടും പറയട്ടെ, നിങ്ങളുടെ സ്നേഹവും അനുഗ്രഹവും പിന്തുണയും അതാണ് എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പുരസ്‌കാരം,' മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
സെപ്തംബര്‍ 23നാണ് മോഹന്‍ലാല്‍ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ഏറ്റുവാങ്ങിയത്. 71ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ വെച്ചാണ് നടന്‍ ഈ പരമോന്നത ബഹുമതി ഏറ്റുവാങ്ങിയത്. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരമാണ് മോഹന്‍ലാലിന് ലഭിച്ചത്. ആദ്യമായാണ് ഒരു മലയാള നടന് ഫാല്‍ക്കെ പുരസ്‌കാരം ലഭിക്കുന്നത്. നേരത്തെ അടൂര്‍ ഗോപാലകൃഷണന്‍ മാത്രമാണ് കേരളത്തില്‍ നിന്നും ഈ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുള്ളത്.