തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലര്‍ ആര്‍. ശ്രീലേഖയ്‌ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി. കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ അനുമതിയില്ലാതെ അതിക്രമിച്ചു കയറി ഓഫീസ് സ്ഥാപിക്കാന്‍ ശ്രമിച്ചെന്നും മുറി ഒഴിപ്പിക്കാന്‍ നീക്കം നടത്തിയെന്നുമാണ് പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്‌സിംഗാണ് ശ്രീലേഖയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുന്നത്.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കാര്യാലയം പ്രവര്‍ത്തിക്കുന്ന ശാസ്തമംഗലത്തെ കെട്ടിടത്തെ ചൊല്ലിയാണ് വിവാദം. ഈ കെട്ടിടത്തില്‍ തനിക്ക് ഓഫീസ് ഉണ്ടെന്ന് അവകാശപ്പെട്ട ശ്രീലേഖ, കോര്‍പ്പറേഷന്റെ യാതൊരുവിധ അനുമതിയുമില്ലാതെ അവിടെയുണ്ടായിരുന്ന മുറി ഒഴിപ്പിക്കാന്‍ ശ്രമം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.

പരാതിയിലെ പ്രധാന ആരോപണങ്ങള്‍:

തന്റെ ഓഫീസിന് സ്ഥലപരിമിതിയുണ്ടെന്ന് കാണിച്ച്, അതേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു ഓഫീസിനോട് അവിടം ഒഴിയാന്‍ ശ്രീലേഖ നേരിട്ടും ഫോണിലൂടെയും ആവശ്യപ്പെട്ടതായി പരാതിയില്‍ പറയുന്നു.കോര്‍പ്പറേഷന്‍ കൗണ്‍സില്‍ രേഖാമൂലം അനുമതി നല്‍കിയാല്‍ മാത്രമേ ഒരു കൗണ്‍സിലര്‍ക്ക് ഓഫീസ് തുറക്കാന്‍ നിയമപരമായി കഴിയുകയുള്ളൂ. എന്നാല്‍ ശ്രീലേഖയുടെ കാര്യത്തില്‍ അത്തരമൊരു തീരുമാനം കൗണ്‍സില്‍ എടുത്തിട്ടില്ല. തനിക്ക് അവകാശമില്ലാത്ത കെട്ടിടത്തില്‍ ഓഫീസ് ഉണ്ടെന്ന് അവകാശപ്പെട്ട് അതിക്രമിച്ചു കയറിയത് നിയമലംഘനമാണ്.

അവിടെ പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കാര്യാലയത്തിലെ മുറി ഒഴിപ്പിക്കാന്‍ ശ്രീലേഖ സ്വന്തം നിലയ്ക്ക് ശ്രമം നടത്തി. ഇത് ചട്ടവിരുദ്ധവും അധികാര ദുര്‍വിനിയോഗവുമാണ്. സംസ്ഥാനത്തെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥയായിരുന്ന, നിയമകാര്യങ്ങളില്‍ ആഴത്തില്‍ അറിവുള്ള ഒരു വ്യക്തി തന്നെ ഇത്തരത്തില്‍ ചട്ടലംഘനം നടത്തിയത് ഗൗരവകരമാണെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. കോര്‍പ്പറേഷന്‍ ഭരണസമിതിയുടെയോ കൗണ്‍സിലിന്റെയോ അനുമതിയില്ലാതെ നടത്തിയ ഈ നീക്കത്തില്‍ സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം വേണമെന്നാണ് അഡ്വ. കുളത്തൂര്‍ ജയ്‌സിംഗിന്റെ ആവശ്യം.