- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാടായി സ്‌കൂള്‍ ലീഡറില്‍ നിന്നും മേയറിലേക്ക്! പി.കെ ശ്രീമതിയെയും ടി.വി രാജേഷിനെയും വിറപ്പിച്ച പെണ്‍കരുത്ത്; സുധാകരന്റെയും കെസിയുടെയും വിശ്വസ്ത; അഡ്വ. പി. ഇന്ദിര കോണ്‍ഗ്രസിന്റെ ആദ്യ വനിതാ മേയറാകുമ്പോള്‍ കണ്ണൂരില്‍ യുഡിഎഫ് ഭരണത്തിന് പുതിയ മുഖം
അഡ്വ. പി. ഇന്ദിര കോണ്‍ഗ്രസിന്റെ ആദ്യ വനിതാ മേയറാകുമ്പോള്‍ കണ്ണൂരില്‍ യുഡിഎഫ് ഭരണത്തിന് പുതിയ മുഖം
കണ്ണൂര്‍ : കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം ഇനി അഡ്വ. പി. ഇന്ദിര നയിക്കും. സംസ്ഥാനത്ത് ആദ്യമായാണ് കോണ്‍ഗ്രസ് വനിതാ മേയറെ പ്രഖ്യാപിക്കുന്നത്. കൊച്ചിയില്‍ അനിശ്ചിതത്വം നിലനില്‍ക്കവെയാണ് കണ്ണൂരിലെ മേയര്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.
കെ.എസ്.യുവിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തകയായാണ് ഇന്ദിരയുടെ കടന്ന് വരവ്. പഴയങ്ങാടി വെങ്ങരയില്‍ പരേതനായ ബാലകൃഷ്ണന്‍ - ശാന്ത ദമ്പതികളുടെ മകളായി ജനിച്ച ഇന്ദിര ആറാം ക്‌ളാസ് മുതല്‍ പത്താം ക്‌ളാസ് വരെ മാടായി ഗേള്‍സ് ഹൈസ്‌കുളിലെ ക്‌ളാസ് ലീഡറായിരുന്നു. കെ.എസ്.യുവിന്റെ തീപ്പൊരി പ്രവര്‍ത്തകയായ പി. ഇന്ദിര അന്നേ വിദ്യാര്‍ത്ഥിരാഷ്ട്രീയത്തില്‍ വീറും വാശിയും പുലര്‍ത്തിയിരുന്നു. കണ്ണൂര്‍ പള്ളിക്കുന്നിലുള്ള ഗവ. കൃഷ്ണമേനോന്‍ കോളേജില്‍ എത്തിയതോടെയാണ് കൂടുതല്‍ ശ്രദ്ധേയയാകുന്നത്.
കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായ ഇന്ദിര എസ്.എഫ്.ഐ ക്ക് ആധിപത്യമുള്ള കോളേജില്‍ ചെയര്‍പേഴ്‌സണായി അട്ടിമറി വിജയം നേടി. കൃഷ്ണമേനോന്‍ കോളേജിലെ ആദ്യത്തെ കെ.എസ്.യു ചെയര്‍പേഴ്‌സണാണ് ഇന്ദിര. 1991 ല്‍ ജില്ലാ കൗണ്‍സിലില്‍ മുന്‍ മന്ത്രി പി.കെ ശ്രീമതിക്കെതിരെയും മത്സരിച്ചു. നിയമവൃത്തിയോടൊപ്പം സജീവരാഷ്ട്രീയവും കൂടെ കൂട്ടിയ ഇന്ദിര 2010 ല്‍ കണ്ണൂര്‍ നഗരസഭയിലെ കണ്ണോത്തും ചാല്‍ ഡിവിഷനില്‍ നിന്നും ജയിച്ചു.
2011ല്‍ കല്യാശേരി നിയമസഭാ മണ്ഡലത്തില്‍ ടി.വി രാജേഷിനെതിരെ മത്സരിച്ചുവെങ്കിലും സി.പി.എം ഉരുക്കുകോട്ടയില്‍ ജയിക്കാനായില്ല. 2015 ല്‍ വീണ്ടും കോര്‍പറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണായി പ്രവര്‍ത്തിച്ചു. 2020ല്‍ പൊതുമരാമത്ത് കാര്യ സ്റ്റാന്‍ഡിങ് ചെയര്‍പേഴ്‌സണ്‍ 2024-2025 കാലഘട്ടത്തില്‍ മുസ്ലീം ലീഗിന് മേയര്‍ സ്ഥാനം മുന്നണി ധാരണപ്രകാരം കൈമാറിയപ്പോള്‍ ഡെപ്യുട്ടി മേയറായി മാറി.
കോണ്‍ഗ്രസിന്റെ അഭിഭാഷക സംഘടനയായ ലോയേഴ്‌സ് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി, സംസ്ഥാന ഭാരവാഹി, കണ്ണൂര്‍ വിമന്‍സ് ഇംപ്രൂവ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി അദ്ധ്യക്ഷ, ഒബി.സി കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്, കിസാന്‍ സഭ വൈസ് പ്രസിഡന്റ്, വസുധ ഗ്‌ളോബല്‍ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ എന്നിങ്ങനെ പ്രവര്‍ത്തന മണ്ഡലം വളരെ നീണ്ടതാണ്. കണ്ണൂര്‍ തെക്കി ബസാറില്‍ വനിതകള്‍ക്കായി ഷീ ലോഡ്ജ് യാഥാര്‍ത്ഥ്യമാക്കുന്നതിത് ഏറെ പ്രവര്‍ത്തനങ്ങള്‍ നടത്തി. കെ.വി പ്രേമാനന്ദാണ് (സ്‌കൂള്‍ ഓഫ് മാത്തമറ്റിക്‌സ് ) ഭര്‍ത്താവ്' അക്ഷത, നീരജ് എന്നിവര്‍ മക്കളാണ്.
പാര്‍ട്ടി തന്ന ഏറ്റവും വലിയ അംഗീകാരമാണ് കണ്ണൂര്‍ കോര്‍പറേഷന്‍ പദവിയെന്ന് ഇന്ദിര പറഞ്ഞു. കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതി നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചു. ഇനിയും ഒറ്റക്കെട്ടായി വലിയവികസന പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ഇന്ദിര മാധ്യമങ്ങളോട് പറഞ്ഞു. എല്‍. ഡി. എഫ് കൊണ്ടു വന്ന അഴിമതിയാരോപണങ്ങള്‍ കളവാണെന്ന് തെളിഞ്ഞു. ജനങ്ങള്‍ യു.ഡി.എഫിനൊപ്പം നിന്നതാണ് മികച്ച വിജയം നേടാന്‍ കാരണമെന്നും ഇന്ദിര മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ഭരണസമിതി തുടങ്ങി വെച്ച കണ്ണൂര്‍ കോര്‍പറേഷന്‍ കാര്യാലയ നിര്‍മ്മാണ പൂര്‍ത്തീകരണം ജവഹര്‍സ്റ്റേഡിയം പുനര്‍നിര്‍മ്മാണം, പഴയ ബസ് സ്റ്റാന്‍ഡ് പൊളിച്ചു നീക്കി പുതിയത് നിര്‍മ്മാണം തുടങ്ങി ഒട്ടേറെ വികസന പ്രവൃത്തികളാണ് ഇന്ദിരയുടെ നേതൃത്വത്തിലുള്ള ഭരണ സമിതി ലക്ഷ്യമിടുന്നത്.
അഡ്വ.പി. ഇന്ദിരയെ കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനാര്‍ത്ഥിയായി കെ. സുധാകരന്‍ എം.പിയാണ് ഡി.സി.സി ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. വ്യാഴാഴ്ച രാവിലെ നടന്ന കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നിലവില്‍ ഡപ്യൂട്ടി മേയറായ പി. ഇന്ദിരയുടേയും മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായ ശ്രീജ മഠത്തിലിന്റെയും പേരുകളാണ് മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ പി. ഇന്ദിരയെ മേയറായി പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. കണ്ണൂര്‍ കോര്‍പറേഷനിലാണ് ആദ്യമായി കോണ്‍ഗ്രസ് മേയറെ പ്രഖ്യാപിക്കുന്നത്. കെ.സി. വേണുഗോപാല്‍, കെ. സുധാകരന്‍ എന്നിവരുടെ പിന്തുണ പി. ഇന്ദിരയ്ക്കായിരുന്നു. കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥി ഉള്‍പ്പെടെ 4 പേര്‍ മത്സരിച്ച പയ്യാമ്പലത്ത് നിന്ന് 48 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇന്ദിര ജയിച്ചത്.
കെഎസ്യുവില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് കൃഷ്ണമേനോന്‍ സ്മാരക വനിതാ കോളജില്‍ അട്ടിമറി ജയത്തിലൂടെ പി. ഇന്ദിര ചെയര്‍പഴ്‌സനായിരുന്നു. കണ്ണൂര്‍ മുനിസിപ്പാലിറ്റിയിലും കോര്‍പറേഷനിലും ഇന്ദിര കൗണ്‍സിലറായിരുന്നു. ഡപ്യൂട്ടി മേയര്‍ സ്ഥാനത്തിന് പുറമേ ആരോഗ്യം, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷയുമായിരുന്നു. 56 സീറ്റില്‍ 36 ഉം നേടിയാണ് യുഡിഎഫ് കോര്‍പറേഷന്‍ നിലനിര്‍ത്തിയത്. തിരഞ്ഞെടുപ്പില്‍ ജയിച്ചതോടെ ഇന്ദിര മേയര്‍ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചിരുന്നു. 2015ല്‍ കണ്ണൂര്‍ കോര്‍പറേഷനായതു മുതല്‍ കൗണ്‍സിലറായ ഇന്ദിര തുടര്‍ച്ചയായി മൂന്നാം തവണയായി ജയിക്കുന്നത്.
മുസ്ലിം ലീഗിലെ കെ.പി. താഹിറിനെയാണ് ഡപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ മുന്‍ എം.പി രമ്യാ ഹരിദാസ്, ഡി. സി. സി അദ്ധ്യക്ഷന്‍മാര്‍ട്ടിന്‍ ജോര്‍ജ് എന്നിവരും പങ്കെടുത്തിരുന്നു. എ.ഐ.സി.സി, കെ.പി.സി.സി, ഡി.സി.സി നേതൃത്വങ്ങളുടെ പിന്‍തുണയാണ് ഇന്ദിരയ്ക്ക് മേയര്‍ പദവിയിലെത്താന്‍ തുണയായത്. അടിമുടി കോണ്‍ഗ്രസുകാരിയായ പി. ഇന്ദിരയ്ക്ക് എഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പിന്‍തുണയുണ്ടായിരുന്നു. വീറും വാശിയും നിറഞ്ഞ ചതുഷ്‌കോണ മത്സരം നടന്ന പയ്യാമ്പലത്ത് കെ. സുധാകരന്‍ എം.പി യുടെ നേതൃത്വത്തില്‍ സംഘടനാ സംവിധാനം എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചത് നേരിയ ഭൂരിപക്ഷത്തിനെങ്കിലും ഇന്ദിരയ്ക്ക് ജയിച്ചു കയറാന്‍ സഹായകരമായി.




