കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ സൈബര്‍ ഇടങ്ങളില്‍ അധിക്ഷേപിച്ച അഭിഭാഷക ദീപ ജോസഫിന് സുപ്രീം കോടതിയില്‍ നിന്ന് ഏറ്റ കനത്ത പ്രഹരം നിയമവൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഈ വിഷയത്തില്‍ അഡ്വ. ശ്രീജിത്ത് പെരുമന നടത്തിയ നിരീക്ഷണങ്ങള്‍, സോഷ്യല്‍ മീഡിയയില്‍ അഭിഭാഷകര്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ചും നിയമപരമായ നടപടിക്രമങ്ങളെക്കുറിച്ചും കൃത്യമായ സൂചനകള്‍ നല്‍കുന്നു.

'സ്ത്രീ എന്ന ആനുകൂല്യം വേട്ടയാടാന്‍ ഉള്ളതല്ല'

സ്ത്രീ എന്ന പരിഗണന നല്‍കണമെന്ന ദീപ ജോസഫിന്റെ വാദത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചോദ്യം ചെയ്തതിനെ ശ്രീജിത്ത് പെരുമന അടിവരയിടുന്നു. ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ ഇത്രത്തോളം ഹീനമായ ഭാഷയില്‍ അധിക്ഷേപിച്ചത് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതാണെന്ന് ചീഫ് ജസ്റ്റില് നിരീക്ഷിക്കുന്നു. 'അറസ്റ്റ് ഒഴിവാക്കാന്‍ സ്ത്രീ എന്ന പദവി ഉപയോഗിക്കുന്നവര്‍, ഇരയാക്കപ്പെട്ട സ്ത്രീയുടെ അന്തസ്സിനെക്കുറിച്ച് ചിന്തിക്കാത്തത് ഇരട്ടത്താപ്പാണ്' എന്ന നിരീക്ഷണമാണ് ഇവിടെ പ്രസക്തമാകുന്നത്.

ഹൈക്കോടതിയെ മറികടന്നുള്ള 'സൂപ്പര്‍ പവര്‍' കളി!

ഹൈക്കോടതിയെ സമീപിക്കാതെ നേരിട്ട് സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി (Interim relief) വാങ്ങാമെന്ന ദീപ ജോസഫിന്റെ കണക്കുകൂട്ടലിനെ പെരുമന വിമര്‍ശിക്കുന്നു. നിയമപരമായ ശ്രേണി (Legal Hierarchy) പാലിക്കാതെ സുപ്രീം കോടതിയെ സമീപിച്ചത് 'അഡ്വക്കസി'യിലെ പാളിച്ചയാണ്.

അതിജീവിതയുടെ ഭര്‍ത്താവ് നല്‍കിയ രഹസ്യവിവരങ്ങള്‍ പോലും പൊതുമധ്യത്തില്‍ വിളംബരം ചെയ്തത് അഭിഭാഷക വൃത്തിയുടെ അന്തസ്സിനും (Professional Ethics) വിരുദ്ധമാണ്.

'പുരുഷനായിരുന്നെങ്കില്‍ അറസ്റ്റ്'; കോടതിയുടെ താക്കീത്

ഈ കേസ് ഒരു പുരുഷനാണ് കൈകാര്യം ചെയ്തിരുന്നതെങ്കില്‍ കോടതിമുറിയില്‍ വെച്ച് തന്നെ അറസ്റ്റ് ചെയ്യുമായിരുന്നു എന്ന ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശത്തെ ശ്രീജിത്ത് പെരുമന അതീവ ഗൗരവത്തോടെയാണ് കാണുന്നത്. നിയമം അറിയാവുന്നവര്‍ തന്നെ അതിജീവിതമാരെ വേട്ടയാടാന്‍ ഇറങ്ങുന്നതിനെതിരെ രാജ്യത്തെ പരമോന്നത നീതിപീഠം നല്‍കിയ ഏറ്റവും ശക്തമായ താക്കീതാണിതെന്ന് അദ്ദേഹം വിലയിരുത്തുന്നു.

വക്കീല്‍ നിഘണ്ടുവിലെ അശ്ലീലങ്ങള്‍!

'നിങ്ങളുടെ നിഘണ്ടുവില്‍ ഒരു വാക്ക് പോലും ബാക്കിവെച്ചിട്ടില്ല' എന്ന കോടതിയുടെ വിമര്‍ശനം, സൈബര്‍ ഇടങ്ങളില്‍ അഭിഭാഷകര്‍ പുലര്‍ത്തേണ്ട മാന്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വക്കീല്‍ കോട്ടിട്ടു കഴിഞ്ഞാല്‍ ആര്‍ക്കെതിരെയും എന്തും വിളിച്ചുപറയാമെന്ന ധിക്കാരത്തിനേറ്റ തിരിച്ചടിയാണിത്. അതിജീവിതയുടെ ഭര്‍ത്താവിനെപ്പോലും അപമാനിക്കുന്ന തരത്തില്‍ ദീപ ജോസഫ് നടത്തിയ പരാമര്‍ശങ്ങള്‍ ഒരു പ്രൊഫഷണലിന് ചേര്‍ന്നതല്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

ഹര്‍ജി തള്ളിക്കൊണ്ട് കേരള ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചത് ദീപ ജോസഫിന് ലഭിച്ച മറ്റൊരു തിരിച്ചടിയാണെന്ന് ശ്രീജിത്ത് പെരുമന നിരീക്ഷിക്കുന്നു. സൈബര്‍ ഗുണ്ടായിസത്തിന് വക്കീല്‍ പദവി ഒരു കവചമല്ലെന്നും, ഇരകളുടെ അന്തസ്സ് ചോദ്യം ചെയ്യുന്നവര്‍ ആരായാലും നിയമത്തിന് മുന്നില്‍ സമാനമായ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും ഈ സംഭവത്തിലൂടെ വ്യക്തമാക്കുന്നു.

അഡ്വ.ശ്രീജിത്ത് പെരുമനയുടെ പോസ്റ്റ് പ്രസാധക എം എ ഷഹനാസും ഷെയര്‍ ചെയ്തിട്ടുണ്ട്.

ശ്രീജിത്തിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

ഹൈക്കോടതിയെ സമീപിക്കാതെ സുപ്രീംകോടതിയെ സമീപിച്ച് സൂപ്പര്‍ ഉത്തരവ് പ്രതീക്ഷിച്ച വക്കീലിന് സംഭവിച്ചത്!

'ഈ അസംബന്ധങ്ങളെല്ലാം എഴുതാന്‍ അതിജീവിതയുടെ ഭര്‍ത്താവ് നിങ്ങളെ ഏര്‍പ്പാടാക്കിയിരുന്നോ?' എന്ന് ചീഫ് ജസ്റ്റിസ് അഡ്വ ദീപ ജോസഫിനോട് ചോദിച്ചു.

'ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയെക്കുറിച്ച് ഇങ്ങനെ എഴുതാന്‍ എങ്ങനെ കഴിയും?' : ബലാത്സംഗ ഇരയ്ക്കെതിരെ പോസ്റ്റ് ചെയ്ത വനിതാ അഭിഭാഷകയ്ക്കാണ് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനമുണ്ടായത്. നിങ്ങളുടെ വാക്കുകള്‍ ഞെട്ടിച്ചുവെന്നും, ഈ അസംബന്ധം എഴുതിയത് ഒരു പുരുഷനായിരുന്നു എങ്കില്‍ ഇവിടെവെച്ചുതന്നെ അറസ്റ്റ് ചെയ്‌തേനെ എന്നും കോടതി വ്യക്തമാക്കി.

പ്രാക്ടീസ് ചെയ്യുന്ന വനിതാ അഭിഭാഷക ഇത്തരത്തില്‍ എഴുതുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് പറഞ്ഞ കോടതി. ഒരു സ്ത്രീയെ ഏറ്റവും അപമാനിക്കുന്ന രീതിയിലാണ് ആ ഭാഷയെന്ന് ശക്തമായി പറയുകയും ചെയ്തു. ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീക്കെതിരെ ഇങ്ങനെ എഴുതാന്‍ കഴിയുന്നത് അത്ഭുതപ്പെടുത്തിയെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. 'നിങ്ങളുടെ നിഘണ്ടുവില്‍ ഒരു വാക്ക് പോലും നിങ്ങള്‍ ഒഴിവാക്കിയിട്ടില്ല. എന്നിട്ടും നിങ്ങള്‍ അതില്‍ ഖേദിക്കുന്നില്ല! നിങ്ങള്‍ എഴുതിയത് ഞങ്ങള്‍ പരസ്യമായി വായിക്കണോ?' എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.

'നിങ്ങള്‍ ഒരു അഭിഭാഷകയായതിനാല്‍ അതിജീവിതയുടെ ഭര്‍ത്താവ് നിങ്ങളുടെ അടുത്ത് വന്ന് നിങ്ങളോട് വിശ്വാസത്തോടെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍, ആ രഹസ്യ വിവരങ്ങള്‍ പൊതുസമൂഹത്തിനോട് വിളിച്ചു പറയുമോ?' എന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. 'ഈ അസംബന്ധങ്ങളെല്ലാം എഴുതാന്‍ ഭര്‍ത്താവ് നിങ്ങളെ ഏര്‍പ്പാടാക്കിയിരുന്നോ?' എന്ന് ചീഫ് ജസ്റ്റിസ് വീണ്ടും ചോദിച്ചു,

'അറസ്റ്റ് സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കാനുള്ള വേദിയല്ല ഇത്,' എന്നായിരുന്നു ജസ്റ്റിസ് ബാഗ്ചിയുടെ പ്രതികരണം.

'ഒരു സ്ത്രീയാണെന്ന് കേള്‍ക്കണമെന്ന് ദീപ ജോസഫ് അഭ്യര്‍ത്ഥിച്ചപ്പോള്‍, 'ഒരു സ്ത്രീ എന്ന നിലയില്‍, മറ്റ് സ്ത്രീകളെക്കുറിച്ച് നിങ്ങള്‍ എന്ത് തരത്തിലുള്ള അഭിപ്രായങ്ങളാണ് പറഞ്ഞത്?' എന്നാണ് ജസ്റ്റിസ് ഭാഗ്ച്ചി ചോദിച്ചത് 'ഈ അസംബന്ധങ്ങളെല്ലാം എഴുതിയത് ഒരാണായിരുന്നെങ്കില്‍, ഞങ്ങള്‍ അദ്ദേഹത്തെ ഇവിടെ തന്നെ അറസ്റ്റ് ചെയ്യുമായിരുന്നു,' എന്ന് വ്യക്തമാക്കി കേരള ഹൈക്കോടതിയെ സമീപിക്കാനുള്ള അനുമതി നല്‍കികൊണ്ട് ഹര്‍ജ്ജി തള്ളി.

അഡ്വ ശ്രീജിത്ത് പെരുമന