തിരുവനന്തപുരം : വെഞ്ഞാറമൂട്ടില്‍ 23കാരനായ മകന്റെ ക്രൂര ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രി ചികിത്സയില്‍ കഴിയുന്ന അമ്മ ഷെമി ബോധം വീണപ്പോള്‍ ആദ്യം തിരക്കിയത് ഇളയ മകന്‍ അഫ്‌സാനെ. മൂത്ത മകന്റെ കൊടും ക്രൂരതയില്‍ അഫ്‌സാന്‍ മരിച്ചത് ആ അമ്മ അറിഞ്ഞിട്ടില്ല. അഫ്‌സാനെ തന്റെ അടുത്തേക്ക് കൊണ്ടുവരണമെന്നും ഷെമി പറഞ്ഞതായാണ് വിവരം. മകന്റെ ക്രൂരതയില്‍ അഞ്ചു ജീവന്‍ പൊലിഞ്ഞതും അമ്മയെ ആരും അറിയിച്ചില്ല. ആരോഗ്യം പൂര്‍ണ്ണമായും വീണ്ടെടുത്ത ശേഷമേ സംഭവിച്ചത് എന്താണെന്ന് ഷെമിയെ അറിയിക്കൂ. അതിന് മുമ്പ് ഭര്‍ത്താവ് റഹീമിനെ സൗദിയില്‍ നിന്നും നാട്ടിലെത്തിക്കാനും ശ്രമം. സൗദിയിലെ കടമെല്ലാം തീര്‍ത്ത് സ്‌പോണ്‍സറുടെ എന്‍ഒസി കിട്ടിയാല്‍ റഹിമിന് നാട്ടിലെത്താന്‍ കഴിയും. ഇതിനുള്ള നീക്കങ്ങളിലാണ് മലയാളി അസോസിയേഷനുകള്‍.

അമ്മ ഷെമിയുടെ നിര്‍ണായക മൊഴിയും ചര്‍ച്ചകളിലുണ്ട്. കട്ടിലില്‍ നിന്ന് വീണ് തല തറയില്‍ ഇടിച്ചെന്നാണ് അമ്മ മൊഴി നല്‍കിയത് എന്നാണ് സൂചന. അമ്മയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. ഗുരുതര പരിക്കേറ്റ അമ്മ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. അതായത് കൊലപാതകമൊന്നും അറിയാതെ മകനെ രക്ഷിക്കുന്ന തരത്തിലാണ് ഷെമി മൊഴി നല്‍കിയത് എന്നാണ് സൂചനകള്‍. ആരോഗ്യം വീണ്ടെടുത്ത ശേഷം എല്ലാം ഷെമിയെ അറിയിക്കും. അതിന് ശേഷം വീണ്ടും വിശദ മൊഴി രേഖപ്പെടുത്തും. വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച് ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്.

അഫാന്‍ എന്ന 23 കാരന്‍ സ്വന്തം സഹോദരന്‍ അഫ്‌സാന്‍ (13), പിതൃസഹോദരന്‍ ലത്തീഫ്(60), ഭാര്യ സജിതാ ബീവി(55), പിതാവിന്റെ മാതാവ് സല്‍മാബീവി (95), പെണ്‍സുഹൃത്ത് ഫര്‍സാന (22) എന്നിവരെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. അഫാന്‍ തന്റെ മാതാവിനെ കൊല്ലാന്‍ ശ്രമിച്ചെങ്കിലും ഗുരുതര പരിക്കുകളോടെ അവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അഫാന് സംഭവിച്ചത് എന്തെന്ന് ആര്‍ക്കും അറിയില്ല. അമ്മയ്ക്ക് ഇതേ കുറിച്ച് അറിയാമായിരിക്കും എന്നാണ് പോലീസിന്റേയും നിഗമനം. അതുകൊണ്ട് തന്നെ അമ്മയുടെ മൊഴി നിര്‍ണ്ണായകമാണ്. വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജിലെ ഐസിയുവിലാണ് ഷെമിയുള്ളത്.

പേരുമലയില്‍ കൂട്ടക്കൊലപാതകത്തിന് ഇരയായ ഫര്‍സാനയുടെ വിയോഗത്തില്‍ വിതുമ്പി മുക്കുന്നൂര്‍ ഗ്രാമം ആകെ വേദനയിലാണ്. ഫര്‍സാന എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസും ബിരുദത്തിന് ഉന്നത വിജയവും നേടിയിരുന്നു. ഇപ്പോള്‍ പിജി കെമിസ്ട്രി വിദ്യാര്‍ഥിനിയാണ്. കൊല്ലത്ത് കോളേജിലാണ് പഠിക്കുന്നതെങ്കിലും ദിവസവും പോയി വരും. സംഭവം അറിഞ്ഞ് അച്ഛന്‍ സുനില്‍ ബോധരഹിതനായി. കഴിഞ്ഞ ദിവസം ഫര്‍സാനയുടേയും ഖബറടക്കം നടന്നിരുന്നു. അയല്‍വീട്ടിലെ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കുന്ന ഫര്‍സാനയ്ക്ക് കോളേജ് അധ്യാപികയാകാനായിരുന്നു ഇഷ്ടം. എസ്എസ്എല്‍സി പരീക്ഷയ്ക്കായി സഹോദരനും കൂട്ടുകാര്‍ക്കും സ്പെഷ്യല്‍ ക്ലാസെടുത്തിരുന്നു ഫര്‍സാന.

അഫാന്‍ അധികം ആരോടും സംസാരിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാണുമ്പോള്‍ ഒരു ചിരിമാത്രമാണ് അഫാന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുക. അഫാന് ഏറ്റവും പ്രിയം സിനിമകളായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പല സിനിമകളും ജീവിതത്തില്‍ അനുകരിക്കാനും പ്രതി ശ്രമിച്ചിട്ടുണ്ട്. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ഒരു സഹപാഠി അഫാനെ മര്‍ദിച്ചു. തുടര്‍ന്ന് ചെരിപ്പ് ഇടാതെ നടക്കുകയും അവനെ തിരിച്ച് അടിച്ചശേഷം മാത്രമേ ചെരിപ്പ് ധരിക്കുകയുള്ളുവെന്നും പ്രതി പറഞ്ഞിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. 2016ല്‍ പുറത്തിറങ്ങിയ ഫഹദ് ഫാസിലിന്റെ 'മഹേഷിന്റെ പ്രതികാരം' എന്ന സിനിമയിലെ ഇതിവൃത്തവും ഇതുതന്നെയായിരുന്നു. കേരള കൗമുദിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്.

നായകനെ വില്ലന്‍ മര്‍ദ്ദിക്കുകയും തുടര്‍ന്ന് നായകന്‍ തിരിച്ചടിക്കുവരെ ചെരിപ്പ് ഇടാതെ നടക്കുകയും ചെയ്യുന്നു. സിനിമയെ ഇത്രയും ജീവിതത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന യുവാവ് ആയതിനാല്‍ കൊലപാതകത്തിന് പിന്നിലും ഇത്തരത്തില്‍ സിനിമ ശൈലി പിന്‍തുടര്‍ന്നോ എന്നതാണ് അന്വേഷണ വിഷയം. മാര്‍ക്കോ പോലുള്ള വയലന്‍സ് സനിമകള്‍ അഫസാന്‍ കണ്ടിരുന്നോ എന്നും പരിശോധിക്കും.