ന്യൂഡല്‍ഹി: താലിബാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത ആദ്യ വാര്‍ത്താസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്ഷണം ലഭിക്കാതെ പോയത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പ്രിയങ്ക ഗാന്ധി അടക്കമുള്ളവര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തുവന്നിരുന്നു. ഇതോടെ താലിബാനും സമ്മര്‍ദ്ദത്തിലായിരുന്നു. എന്നാല്‍ ഇന്ന് വിളിച്ചു ചേര്‍ത്ത രണ്ടാമത്തെ വാര്‍ത്താസമ്മേളനത്തില്‍ താലിബാന്‍ വിദേശകാര്യമന്ത്രി ആ ക്ഷീണം തീര്‍ത്തു.

ഇന്ന് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കും ക്ഷണമുണ്ടായിരുന്നു. ക്ഷണം സ്വീകരിച്ച് എത്തിയ വനിതാ മാധ്യമപ്രവര്‍ത്തകര്‍ മുന്‍നിരയില്‍ തന്നെ ഇരിക്കുകയും ചെയ്തു. താലിബാന്‍ മന്ത്രിയോട് അവര്‍ ചോദ്യങ്ങളും ഉയര്‍ത്തി. ഇന്ത്യന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ചകള്‍ നടത്തിയതിന് പിന്നാലെയാണ് മുത്തഖി മാധ്യമങ്ങളെ കണ്ടത്. വാര്‍ത്താസമ്മേളനത്തില്‍ പുരുഷ-വനിതാ മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.





താലിബാന്റെ പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളെ ബോധപൂര്‍വം മാറ്റിനിര്‍ത്തുന്നില്ലെന്ന് മുത്തഖി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ഹറാമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് താലിബാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി. ഞങ്ങളുടെ സ്‌കൂളുകളില്‍ 10 ദശലക്ഷം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ടെന്നും അതില്‍ 2.8 ദശലക്ഷം പെണ്‍കുട്ടികളാണെന്നും മുത്തഖി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ നിന്ന് വനിതകളെ മനഃപൂര്‍വം ഒഴിവാക്കിയിട്ടില്ലെന്നും പെട്ടെന്ന് വിളിച്ച വാര്‍ത്താസമ്മേളനമായതിനാല്‍ വന്ന സാങ്കേതിക പ്രശ്‌നം മാത്രമായിരുന്നുവെന്നും മുത്തഖി വിശദീകിച്ചു.

താലിബാന്‍ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനത്തിന് പിന്നാലെ, എംബസിയിലെ സമ്മേളന ഹാളില്‍ താലിബാന്‍ പതാകയും സ്ഥാപിച്ചു. ആദ്യമായാണ് താലിബാന്റെ പതാക എംബസിയില്‍ വെക്കുന്നത്. ഡല്‍ഹിയിലെ കൂടിക്കാഴ്ചയില്‍ ചബഹാര്‍ തുറമുഖമടക്കം സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചയായെന്ന് അമീര്‍ ഖാന്‍ മുത്തഖി പറഞ്ഞു.




അതേസമയം താലിബാന്‍ അധികാരമേറ്റതിന് ശേഷം അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം, തൊഴില്‍, പൊതുജീവിതം തുടങ്ങിയ മേഖലകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. നേരത്തെ വാര്‍ത്താസമ്മേളനം വിവാദമായതോടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ വനിത മാധ്യമ പ്രവര്‍ത്തകരെ ഒഴിവാക്കിയതില്‍ പങ്കില്ലെന്നും വാര്‍ത്താസമ്മേളനവുമായി യാതൊരു ബന്ധവുമില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

വിഷയത്തില്‍ പ്രതിഷേധവുമായി വനിതാ മാധ്യമ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. താലിബാന്റെ സ്ത്രീവിരുദ്ധ സമീപനത്തിന്റെ പ്രതിഫലനമാണിതെന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍ പ്രതികരിച്ചു. ഇന്ത്യയില്‍ ഇത്തരത്തിലുള്ള വിവേചനപരമായ നയങ്ങള്‍ക്ക് അവസരം നല്‍കിയ കേന്ദ്ര സര്‍ക്കാരിനെയും വനിതാ മാധ്യമ പ്രവര്‍ത്തകര്‍ വിമര്‍ശിച്ചിരുന്നു.




സ്ത്രീകള്‍ക്ക് വേണ്ടി നിലകൊള്ളാന്‍ പ്രധാനമന്ത്രിക്ക് കഴിയുന്നില്ലെന്ന് വ്യക്തമാകുന്നതാണ് ഈ സംഭവമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എം പി പറഞ്ഞു. എല്ലായിടത്തും തുല്യപങ്കാളിത്തത്തിന് സ്ത്രീകള്‍ക്ക് അര്‍ഹതയുണ്ട്. വിവേചനങ്ങള്‍ക്കെതിരെയുള്ള മൗനം, നാരീശക്തി മുദ്രാവാക്യങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നുവെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഇത്തരം വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് മുത്തഖിയുെട ഇന്ന്‌ത്തെ വാര്‍ത്താസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകരും പങ്കെടുത്തത്.