- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിര്‍ത്തിയിലെ പാക്കിസ്ഥാന്‍ ഔട്ട്പോസ്റ്റുകളില്‍ നിന്ന് സൈനികരെ തുരത്തിയോടിച്ച് താലിബാന്‍; പോസ്റ്റുകളില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളും സൈനികരുടെ പാന്റുകളും നംഗ്രഹാറില്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചു; താല്‍ക്കാലിക ആശ്വാസമായി 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍; യുദ്ധത്തില്‍ അണിചേരാന്‍ തയ്യാറെന്ന് അഫ്ഗാനികളും
അതിര്‍ത്തിയിലെ പാക്കിസ്ഥാന്‍ ഔട്ട്പോസ്റ്റുകളില്‍ നിന്ന് സൈനികരെ തുരത്തിയോടിച്ച് താലിബാന്‍
കാബൂള്‍: വെറുമൊരു അഫ്ഗാന്‍-പാക്കിസ്ഥാന്‍ അതിര്‍ത്തി സംഘര്‍ഷമല്ല ഇപ്പോള്‍ നടന്നുവരുന്നത്. വലുതായി കൊണ്ടിരിക്കുന്ന യുദ്ധമാണ്. വെടിനിര്‍ത്തല്‍ ആവശ്യമായ ഒരുയുദ്ധം. ഏതായാലും താല്‍ക്കാലിക ആശ്വാസമായി പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നിരിക്കുകയാണ്. ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്.
കാബൂളിലും കാണ്ഡഹാറിലും പാക്കിസ്ഥാന്റെ വ്യോമാക്രമണങ്ങളില്‍ 15 അഫ്ഗാന്‍ പൗരന്മാര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. താലിബാന്റെ തിരിച്ചടിയില്‍ സ്പിന്‍-ബോള്‍ഡാക് അതിര്‍ത്തി പാക് പോസ്റ്റുകള്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് പാക് വ്യോമാക്രമണം ഉണ്ടായത്. താലിബാന്‍, പാക് ഔട്ട് പോസ്റ്റുകള്‍ പിടിച്ചെടുത്തതിന്റെ തെളിവായി അവിടെ സൈനികര്‍ ഉപേക്ഷിച്ചുപോയ പാന്റുകള്‍ കണ്ടെടുത്തു.
' ഡുറാന്‍ഡ് രേഖയ്ക്ക് സമീപമുള്ള പാക്കിസ്ഥാന്റെ ഉപേക്ഷിക്കപ്പെട്ട പോസ്റ്റുകളില്‍ നിന്ന് കാലിയായ ട്രൗസറുകള്‍ കണ്ടെത്തി. അഫ്ഗാനിസ്ഥാനിലെ നംഗ്രഹാര്‍ പ്രവിശ്യയില്‍ ഇവ പരസ്യമായി താലിബാന്‍ പ്രദര്‍ശിപ്പിച്ചു.' ബിബിസിക്ക് വേണ്ടി ജോലി ചെയ്യുന്ന ദൗഡ് ജുന്‍ബിഷ് എന്ന അഫ്ഗാന്‍ മാധ്യമ പ്രവര്‍ത്തകന്‍ കുറിച്ചു. പാക് അതിര്‍ത്തി പോസ്റ്റുകളില്‍ നിന്ന സൈനികരെ തുരത്തിയോടിച്ച ശേഷം അവരുടെ ട്രൗസറുകളും ആയുധങ്ങളും താലിബാന്‍ സൈനികര്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രവും അദ്ദേഹം പങ്കുവച്ചു.
ഈ സംഭവങ്ങള്‍ക്കിടയില്‍, അഫ്ഗാനിസ്ഥാന്‍ നിവാസികള്‍ പാകിസ്ഥാനെതിരെ നിലപാടെടുക്കുകയും താലിബാന്‍ ഭരണകൂടത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. 'ആവശ്യമെങ്കില്‍, ഞങ്ങള്‍ മുജാഹിദുകളോടൊപ്പം ഇസ്ലാമിക് എമിറേറ്റിന്റെ സൈന്യത്തോടൊപ്പം യുദ്ധക്കളത്തില്‍ ചേരാന്‍ തയ്യാറാണ്,' കാണ്ഡഹാര്‍ സ്വദേശി മുഹിബുല്ല ടോളോ ന്യൂസിനോട് പറഞ്ഞു. 'ഇസ്ലാമിക് എമിറേറ്റ് അവര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കി. എല്ലാ ജനങ്ങളും പാകിസ്ഥാനെതിരെ അവരോടൊപ്പം നില്‍ക്കുന്നു,' പക്തിയ സ്വദേശി ബൈത്തുള്ള കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞയാഴ്ച കാബൂളിലെ തഹ്രീക്ക്-ഇ-താലിബാന്‍ പാക്കിസ്ഥാന്‍ (TTP) ക്യാമ്പുകളില്‍ പാക്് സൈന്യം നടത്തിയ ആക്രമണങ്ങളെത്തുടര്‍ന്നാണ് നിലവിലെ സംഘര്‍ഷം ആരംഭിച്ചത്. 2021-ല്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് ശേഷം ഇരു രാജ്യങ്ങള്‍ക്കുമിടയിലുണ്ടായ ഏറ്റവും വലിയ സംഘര്‍ഷമാണിത്. താലിബാന്‍ വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്ന വേളയിലാണ് ഈ വിഷയങ്ങള്‍ കൂടുതല്‍ പ്രാധാന്യത്തോടെ ഉയര്‍ന്നിരിക്കുന്നത്.
താലിബാന്‍ വക്താവ് സബീമുള്ള മുജാഹിദ് പറയുന്നതനുസരിച്ച്, കാണ്ഡഹാറിലെ സ്പിന്‍ ബോള്‍ഡാക്ക് ജില്ലയില്‍ പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ 15 സാധാരണ പൗരന്മാര്‍ കൊല്ലപ്പെടുകയും 100-ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ 80-ല്‍ അധികം സ്ത്രീകളും കുട്ടികളുമുണ്ടെന്ന് പ്രാദേശിക ആശുപത്രി അധികൃതര്‍ അറിയിച്ചു. പാക് സൈനികര്‍ക്ക് വലിയ നഷ്ടം സംഭവിച്ചതായും തങ്ങളുടെ സൈനികര്‍ പാകിസ്ഥാന്റെ ആയുധങ്ങളും ടാങ്കുകളും പിടിച്ചെടുത്തതായും താലിബാന്‍ അവകാശപ്പെട്ടു.
പാകിസ്ഥാന്‍ സൈന്യം പറയുന്നതനുസരിച്ച്, തെക്കുപടിഞ്ഞാറന്‍, വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളിലെ രണ്ട് അതിര്‍ത്തി പോസ്റ്റുകളില്‍ താലിബാന്‍ ആക്രമണം നടത്തി. ഈ രണ്ട് ആക്രമണങ്ങളും വിജയകരമായി തടഞ്ഞതായും ഏകദേശം 30 താലിബാന്‍കാര്‍ കൊല്ലപ്പെട്ടതായും പാക് സൈന്യം സ്ഥിരീകരിച്ചു. എന്നാല്‍, ഈ ആക്രമണങ്ങളുടെ ഉത്തരവാദിത്തം പാകിസ്ഥാനാണെന്ന് അഫ്ഗാനിസ്ഥാന്‍ ആരോപിച്ചു.
ഇതിന് മുന്‍പും ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബര്‍ 7-ന് പാകിസ്ഥന്‍ സൈന്യം അഫ്ഗാനിസ്ഥനില്‍ നടത്തിയ വ്യോമാക്രമണത്തിന് പ്രതികാരമായി അഫ്ഗാന്‍ അതിര്‍ത്തിയില്‍ പാക് സൈനികര്‍ക്കുനേരെ ആക്രമണമുണ്ടായിരുന്നു. അന്ന് 58 പാക് സൈനികര്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാന്‍ പറഞ്ഞപ്പോള്‍, പാകിസ്ഥാന്‍ 23 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഈ സംഭവങ്ങള്‍ക്ക് പിന്നാലെ ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള അതിര്‍ത്തികള്‍ അടച്ചിട്ടിരുന്നു. പിന്നീട് ഖത്തറിന്റെയും സൗദി അറേബ്യയുടെയും ഇടപെടലിനെ തുടര്‍ന്ന് താല്‍ക്കാലികമായി സംഘര്‍ഷം ശമിച്ചിരുന്നു.