മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ കടിച്ചു കൊന്ന കടുവയെ കണ്ടെത്തുന്നതിനിടെ വീണ്ടും വന്യ ജീവിയുടെ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ. ദൗത്യ സംഘത്തിന് നേരെയാണ് കടുവ പാഞ്ഞെടുത്തത്. സംഭവത്തിൽ ആർആർടി അംഗത്തിന് പരിക്ക് പറ്റി. ഇതോടെ നാട്ടുകാർ അടക്കം കുതറിയോടി. താറാട്ട് ഭാഗത്ത് വെച്ചാണ് ആർആർടി അംഗത്തിന് നേരെ കടുവ ആക്രമണം നടന്നത്. ആർആർടി അംഗം ജയസൂര്യക്കാണ് പരിക്ക് പറ്റിയത്. ദൗത്യ സംഘം കടുവയെ വെടിവച്ചു. ഈ വെടി കടുവയ്ക്ക് കൊണ്ടു വന്നും സൂചനകളുണ്ട്.

ഉൾക്കാട്ടിൽ വെച്ചാണ് അക്രമണം നടന്നതെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്. ഇതോടെ ഈ ഭാഗത്ത് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. പരിക്കേറ്റ ജയസൂര്യയെ ആശുപത്രിയിലെത്തിക്കാനുള്ള തീവ്ര ശ്രമങ്ങളും ഇപ്പോൾ ഉൾക്കാട്ടിൽ തുടരുകയാണ്. എട്ടുപേർ അടങ്ങുന്ന സംഘമാണ് ദൗത്യത്തിനായി ഇറങ്ങി പുറപ്പെട്ടത്. ആക്രമണം നടന്നുവെന്ന് വനം മന്ത്രി സ്ഥിരീകരിച്ചു. ജയസൂര്യയുടെ കൈയ്ക്ക് ആണ് പരിക്ക് പറ്റിയതെന്നാണ് പ്രാഥമിക നിഗമനം.

അതേ സമയം പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ ആക്രമിച്ച് കൊന്ന കടുവയെ കണ്ടെത്താൻ തീവ്ര ശ്രമം തുടരുകയാണ് കടുവ ഉണ്ടാകാൻ സാധ്യതയുള്ള ഏരിയ മാർക്ക് ചെയ്തതായും ഡിഎഫ്ഒ അറിയിച്ചു. കടുവയെ കണ്ടു പിടിക്കുകയെന്നതാണ് ഇന്നത്തെ ദൗത്യം. മാർക്ക് ചെയ്ത സ്ഥലത്ത് വനംവകുപ്പ് പരിശോധന നടത്തും. കടുവയെ കണ്ടെത്താൻ തെർമ്മൽ ക്യാമറ കൂടി ഉപയോഗിക്കും. ഇതിനായി കൊച്ചിയിൽ നിന്നും വിദഗ്ധസംഘം എത്തി. മരങ്ങളുടെ മറവിൽ കടുവയുണ്ടെങ്കിലും തെർമൽ ക്യാമറ ഉപയോഗിച്ച് കണ്ടെത്താൻ കഴിയും.

3 വെറ്റിനറി ഡോക്ടർമാരുടെ കീഴിലുളള മയക്കുവെടി സംഘമടക്കം 7 ടീമുകളാണ് തെരച്ചിലിന് ഇറങ്ങിയത്. ഡോ. അരുൺ സക്കറിയ, ഡോ.അജേഷ് മോഹൻ ദാസ്, ഡോ. ഇല്യാസ് എന്നിവർ ഡാർട്ടിങ് ടീമിനെ നയിക്കും. സുരക്ഷയൊരുക്കാനും പ്രത്യേകം അംഗങ്ങൾ സംഘത്തിലുണ്ടാകും. കടുവയുടെ കൽപ്പാട്, കടുവ കിടന്ന സ്ഥലം എന്നിവ തേടിയാണ് തെരച്ചിൽ.