തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പരാതികളുടെ ബഹളമാണ്. അനര്‍ഹമായി പെന്‍ഷന്‍ വാങ്ങുന്നുവെന്ന നിരവധി പരാതികളാണ് സര്‍ക്കാരിന് ലഭിക്കുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ അനര്‍ഹമായി പെന്‍ഷന്‍ കൈപ്പറ്റിയത് കണ്ടെത്തിയ പശ്ചാത്തലത്തില്‍ സര്‍ക്കാരും നടപടികള്‍ കടുപ്പിച്ചിരിക്കുകയാണ്. അതിനിടെ, മരിച്ചവരുടെ ആത്മാക്കളും പെന്‍ഷന്‍ വാങ്ങുന്നുവെന്ന് ധനകാര്യ റിപ്പോര്‍ട്ട് വന്നിരിക്കുകയാണ്. ആലപ്പുഴ തകഴി കൃഷി ഭവനിലാണ് സംഭവം.

തകഴി കൃഷി ഭവനില്‍, നടത്തിയ പരിശോധനയില്‍ കര്‍ഷക പെന്‍ഷന്‍ വിതരണത്തിലാണ് ഗുരുതര വീഴ്ച കണ്ടെത്തിയത്. എല്ലാ ഗുണഭോക്താക്കളും വര്‍ഷന്തോറും ബന്ധപ്പെട്ട കൃഷി ഓഫീസില്‍ മസ്റ്ററിങ്ങിനു വിധേയമാകണമെന്നാണ് ചട്ടം. മസ്റ്ററിങ്ങ് ചെയ്യാത്തവരെയും മരണപ്പെട്ടവരേയും ഒഴിവാക്കിയാണ് സാധാരണഗതിയില്‍ അടുത്ത തവണത്തെ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ പുതുക്കിയ പട്ടിക തയാറാക്കാറുള്ളത്.

എന്നാല്‍ തകഴി കൃഷി ഭവനില്‍ ,2016 ഏപ്രില്‍ മാസം 2019 മുതല്‍ ജൂലൈ രണ്ട് മാസം പെന്‍ഷന്‍ ഗുണഭോക്താക്കളുടെ മസ്റ്ററിംങ് നടത്തിയിട്ടില്ല. മുന്‍ വര്‍ഷങ്ങളിലെ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് പെന്‍ഷന്‍ നല്‍കുകയാണ് ചെയ്തത്. ഈ കാലയളവില്‍ മരണപെട്ടതിനു ശേഷവും കര്‍ഷക പെന്‍ഷന്‍ പലര്‍ക്കും വിതരണം ചെയ്തു. 13 പേരാണ് തകഴിയില്‍ പെന്‍ഷന്‍ വാങ്ങിയത്.

2,97,000 രൂപയാണ് സര്‍ക്കാരിന് നഷ്ടമായത്. ജോസഫ് വര്‍ഗീസ്- 49,600, രുഗ്മിണി അമ്മ-8,900, പുരുഷോത്തമന്‍-8,100, ഗൗരിക്കുട്ടിയമ്മ-7,800, പി.എസ്.ബേബി- 13,300, സി. പൊന്നപ്പന്‍-29,000, ഔസേഫ് വര്‍ഗീസ്-33,200, വര്‍ക്കി വര്‍ക്കി- 14,000, ത്രേസ്യാമ്മ ജോസഫ്- 30,100, വര്‍ക്കി ഗ്രിഗറി- 29,600, രാമചന്ദ്രന്‍ പിള്ള -38,200, പുരുഷോത്തമന്‍പിള്ള- 33,000, ജാനകിയമ്മ-1,200 എന്നിങ്ങനെയാണ് വാങ്ങിയ തുക.

മരണശേഷവും പെന്‍ഷന്‍ അനുവദിച്ചവരുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റുമെന്റുകള്‍ പരിശോധിച്ചതില്‍ മിക്ക അക്കൗണ്ടുകളില്‍ നിന്നും മരണപ്പെട്ടവരുടെ ആശ്രിതര്‍ എ.ടി.എം വഴി പണം പിന്‍വലിച്ചു. കൃത്യമായി മസ്റ്ററിങ് ചെയ്യാത്തവരുടെ പെന്‍ഷന്‍ നിര്‍ത്തലാക്കാതെ വീണ്ടും പെന്‍ഷന്‍ അനുവദിച്ചതിലൂടെ സര്‍ക്കാരിന് 2,97,000 രൂപ ധനനഷ്ടം ഉണ്ടായി. ഇത് ഗുണഭോക്താക്കളുടെ ആശ്രിതരില്‍നിന്നും ഈടാക്കാന്‍ കഴിയാത്തപക്ഷം ഇക്കാലയളവില്‍ പെന്‍ഷന് ശുപാര്‍ശ ചെയ്ത കൃഷി ഓഫീസര്‍മാരില്‍നിന്നും തിരികെ ഈടാക്കണമെന്നാണ് റിപ്പോര്‍ട്ടിലെ ശിപാര്‍ശ. തുക സര്‍ക്കാരിലേക്ക് ആര്‍.ഒ.പി അക്കൗണ്ട് ശീര്‍ഷകത്തില്‍ അടക്കണം.

മതിയായ പരിശോധന കൂടാതെ പെന്‍ഷന്‍ ശുപാര്‍ശ ചെയ്ത് സര്‍ക്കാരിന് ധനനഷ്ടം ഉണ്ടാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും, ധനകാര്യ പരിശോധനാ സ്‌ക്വാഡിന് മറുപടി ലഭ്യമാക്കുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും വകുപ്പ് തല നടപടി സ്വീകരിക്കുന്നതിനും ഭരണ വകുപ്പിന് നിര്‍ദേശം നല്‍കണം. ഇക്കാലയളവില്‍ എം.എസ്.സുജ, ആശ എ. നായര്‍, എസ്.റോഷ്‌ന, രേഷ്മ ഗോപി എന്നിവരായിരുന്നു തകഴി കൃഷി ഓഫീസര്‍ന്മാര്‍.

അതേസമയം, ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ സര്‍ക്കാര്‍ വകുപ്പ് തല നടപടിയിലേക്ക് കടക്കുകയാണ്. തദ്ദേശ വകുപ്പുമായി ബന്ധപ്പെട്ട നടപടികളില്‍ തീരുമാനമെടുക്കുമെന്നും അനര്‍ഹര്‍ കൈപറ്റുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ എല്ലാ സംവിധാനങ്ങളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞിരുന്നു. പെന്‍ഷന്‍ തട്ടിപ്പില്‍ കൂടുതല്‍ ക്രമക്കേട് പുറത്തുവന്ന സാഹചര്യത്തില്‍ പരിശോധനകള്‍ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ ഓഡിറ്റിങ് ഉള്‍പ്പെടെ നടത്തും എന്നും മന്ത്രി പറഞ്ഞു.

വിവിധ വകുപ്പുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധകള്‍ നടത്തുകയാണ്. വകുപ്പ് തലത്തില്‍ വിശദീകരണം തേടിയ ശേഷം അര്‍ഹത മാനദണ്ഡങ്ങള്‍ പരിശോധിക്കും. ഒരോ വകുപ്പും സ്വീകരിക്കേണ്ട നടപടികള്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതനുസരിച്ചുള്ള നടപടികളിലേക്ക് കടക്കുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

ക്രമക്കേട് കണ്ടെത്തിയ പശ്ചാത്തലത്തില്‍ സോഷ്യല്‍ ഓഡിറ്റിങ് ഉള്‍പ്പെടെ നടത്തും. ഓരോരുത്തരും തിരിച്ചടയ്‌ക്കേണ്ട പലിശ സഹിതമുള്ള തുകയുടെ വിശദാംശങ്ങളും വകുപ്പുകള്‍ക്ക് കൈമാറും. സാങ്കേതിക പിഴവ് ഒഴികെയുള്ള മറ്റ് കാരണങ്ങളില്‍ അച്ചടക്ക നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം. പട്ടികയില്‍ അനര്‍ഹര്‍ കയറി കൂടാന്‍ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കും.