- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഒന്നാം നിരയില്‍ സ്ത്രീകളേ ഇരുത്തില്ലേ? സ്ത്രീകളെല്ലാവരും ഒന്നാം നിരയ്ക്ക് പിന്നിലായിപ്പോയത് വെറുമൊരു ആകസ്മികതയാണോ? ടൊവിനൊയ്ക്കും ആസിഫിനും പിന്നില്‍ ജ്യോതിര്‍മയിയും ദിവ്യപ്രഭയും; സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണ വേദിയിലെ സീറ്റ് ക്രമീകരണത്തില്‍ വിമര്‍ശനവുമായി അഹാന
ഒന്നാം നിരയില്‍ സ്ത്രീകളേ ഇരുത്തില്ലേ?

തിരുവനന്തപുരം: നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണ വേദിയിലെ ഇരിപ്പിട ക്രമീകരണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി നടി അഹാന കൃഷ്ണ. സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌ക്കാര ചടങ്ങിലെ സീറ്റ് ക്രമീകണം പുരുഷ കേന്ദ്രീകൃതമായെന്ന വിമര്‍ശനം ഉയര്‍ത്തിയാണ് അഹാന രംഗത്തുവന്നത്. പുരസ്‌കാര ജേതാക്കളായ സ്ത്രീകളെ ഒന്നാം നിരയില്‍ നിന്നും ഒഴിവാക്കി പിന്നിലെ നിരകളില്‍ ഇരുത്തിയെന്നതാണ് അഹാന ഉയര്‍ത്തിയ വിമര്‍ശനം. ഇതില്‍ അസ്വാഭാവികത ഉണ്ടെന്നാണ് താരം സോഷ്യല്‍ മീഡിയയിലൂടെ ചോദ്യം ചെയ്തത്.
ചടങ്ങിന്റെ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു അഹാന തന്റെ വിയോജിപ്പും അസ്വസ്ഥതയും പരസ്യമാക്കിയത്. പുരസ്‌കാരത്തിന് അര്‍ഹരായ സ്ത്രീകളെല്ലാം ഒന്നാം നിരയ്ക്ക് പിന്നിലായിപ്പോയത് വെറുമൊരു യാദൃച്ഛികതയാണോ എന്ന് അഹാന കൃഷ്ണ ഉയര്‍ന്ന ചോദ്യം. മികച്ച നടി ഉള്‍പ്പെടെയുള്ള പുരസ്‌കാര ജേതാക്കള്‍ മുന്‍നിരയില്‍ ഇരിക്കാന്‍ പൂര്‍ണ്ണമായും അര്‍ഹരാണെന്നും, അവരെ പിന്നിലേക്ക് മാറ്റിയത് ശരിയായ നടപടിയല്ലെന്നും അഹാന സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
''എല്ലാം വളരെ ഭംഗിയായിരിക്കുന്നു, പുരസ്‌കാര ജേതാക്കളുടെ നേട്ടത്തില്‍ ഞാന്‍ അങ്ങേയറ്റം ആഹ്ലാദിക്കുന്നു. എങ്കിലും, ആ വീഡിയോ കണ്ടപ്പോള്‍ അവിടെ വിജയികളെ ഇരുത്തിയിരുന്ന രീതി മനസ്സില്‍ ചെറിയൊരു അസ്വസ്ഥത പടര്‍ത്തി. സ്ത്രീകളെല്ലാവരും ഒന്നാം നിരയ്ക്ക് പിന്നിലായിപ്പോയത് വെറുമൊരു ആകസ്മികതയാണോ? അവരില്‍ പലരും തീര്‍ച്ചയായും മുന്‍നിരയില്‍ത്തന്നെ ഇരിക്കേണ്ടവരായിരുന്നു. ഇത് ഇവിടെ പറയണമെന്ന് കരുതിയതല്ല, എങ്കിലും എന്നെ അലോസരപ്പെടുത്തിയ ആ ചിന്ത പങ്കുവയ്ക്കാതിരിക്കാന്‍ എനിക്കായില്ല,'' അഹാന കൃഷ്ണ കുറിച്ചു.
നിശാഗന്ധിയില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തിരുന്നു. മികച്ച നടി, മികച്ച ഗായിക, മികച്ച സ്വഭാവ നടി തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടിയവര്‍ക്ക് രണ്ടാം നിരയിലാണ് ഇരിപ്പിടം ഒരുക്കിയിരുന്നത്. അഹാനയുടെ പോസ്റ്റ് പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. സാംസ്‌കാരിക വേദികളിലെ ഇത്തരം ലിംഗപരമായ അസമത്വങ്ങള്‍ ഇനിയെങ്കിലും മാറേണ്ടതുണ്ടെന്ന അഭിപ്രായവുമായി നിരവധിപ്പേര്‍ താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ സി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദ മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി.


