- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഹിന്ദു പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസ്; ബംഗ്ലാദേശി വിദ്യാർത്ഥി നേതാവ് ഡൽഹിയിൽ പിടിയിൽ; യൂറോപ്പിലേക്ക് കടക്കാൻ ശ്രമിക്കവെ പിടികൂടി നാടുകടത്തി; വിമാനത്താവളത്തിൽ നാടകീയ നീക്കങ്ങൾ; ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അഹമ്മദ് റാസ ഹസൻ മെഹ്ദി

ന്യൂഡൽഹി: ബംഗ്ലാദേശിൽ ഹിന്ദു പോലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ വിദ്യാർത്ഥി നേതാവിനെ ഡൽഹി വിമാനത്താവളത്തിൽ വെച്ച് പിടികൂടിയത് നിർണായക നീക്കത്തിലൂടെ. യൂറോപ്പിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അഹമ്മദ് റാസ ഹസൻ മെഹ്ദി എന്നയാളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. ഇയാളെ പിന്നീട് ബംഗ്ലാദേശിലേക്ക് നാടുകടത്തി. തടങ്കലിൽ വെച്ച സമയത്ത് പോലീസ് ഉദ്യോഗസ്ഥർ തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്നും ഫോൺ പരിശോധിച്ചുവെന്നും ആരോപിക്കുന്ന വീഡിയോ മെഹ്ദി വിമാനത്താവളത്തിൽ നിന്ന് പുറത്തുവിട്ടു.
തന്നെ ജയിലിലടക്കാൻ ശ്രമിച്ചുവെന്നും എംബസിയുമായി ബന്ധപ്പെടാൻ അനുവദിച്ചില്ലെന്നും ഇയാൾ ആരോപിക്കുന്നുണ്ട്. "ഞാൻ 40 മിനിറ്റോളം പോലീസ് കസ്റ്റഡിയിലായിരുന്നു. അവർ എന്നോട് വളരെ മോശമായാണ് പെരുമാറിയത്, എന്നെ ജയിലിലടയ്ക്കാനാണ് പോലീസ് ശ്രമിച്ചത്. ഞാൻ എന്തെങ്കിലും നിയമവിരുദ്ധമായ കാര്യം ചെയ്തിട്ടുണ്ടെങ്കിൽ എംബസിയുമായി സംസാരിക്കാൻ അനുവദിക്കണമെന്ന് ഞാൻ അവരോട് പറഞ്ഞു. എന്നാൽ അവർ സഹകരിച്ചില്ല. ഞാൻ ഇപ്പോൾ സുരക്ഷിതനാണ്. പോലീസ് എന്റെ ഫോൺ അൺലോക്ക് ചെയ്ത് പരിശോധിച്ചു. നാട്ടിൽ തിരിച്ചെത്തിയാലുടൻ ഞാൻ നിയമനടപടികൾ സ്വീകരിക്കും," മെഹ്ദി പറഞ്ഞു.
കൊലപാതകവും കുറ്റസമ്മതവും:
2024 ഓഗസ്റ്റ് 5-ന് ഷെയ്ഖ് ഹസീന സർക്കാർ പുറത്താക്കപ്പെട്ട ദിവസം ഹബിഗഞ്ചിലെ ബനിയാചാങ് പോലീസ് സ്റ്റേഷനിൽ വെച്ചാണ് സബ് ഇൻസ്പെക്ടർ സന്തോഷ് ചൗധരി കൊല്ലപ്പെട്ടത്. സന്തോഷ് ചൗധരിയെ വധിച്ചതിന്റെ ഉത്തരവാദിത്തം താനേറ്റെടുക്കുന്നു എന്ന് ഒരു പോലീസ് സ്റ്റേഷനിൽ ഇരുന്ന് മെഹ്ദി പറയുന്ന വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഡൽഹിയിൽ വെച്ച് ഇയാളെ പിടികൂടിയത്.
നൊമ്പരമായി സന്തോഷ് ചൗധരി:
പ്രക്ഷോഭത്തിനിടെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സന്തോഷ് ചൗധരിയുടെ മൃതദേഹം പിന്നീട് മരത്തിൽ കെട്ടിത്തൂക്കിയ നിലയിലാണ് കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് പത്ത് മാസത്തിന് ശേഷമാണ് അദ്ദേഹം കൊല്ലപ്പെട്ടത്. സന്തോഷ് മരിച്ച് മൂന്ന് മാസത്തിന് ശേഷമാണ് ഭാര്യ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. മാതാപിതാക്കളുടെ ഏക മകനായിരുന്നു സന്തോഷ്. സന്തോഷിനെ പ്രത്യേകമായി ലക്ഷ്യം വെച്ചാണ് അക്രമികൾ എത്തിയതെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
1971-ലെ വിമോചന സമരത്തിൽ പങ്കെടുത്തവരുടെ (മുക്തി ജോദ്ധാക്കൾ) പിൻഗാമികൾക്ക് സർക്കാർ ജോലികളിൽ 30 ശതമാനം സംവരണം നൽകുന്ന വിവാദമായ ക്വോട്ട സമ്പ്രദായത്തിനെതിരെ വിദ്യാർത്ഥികൾ തുടങ്ങിയ പ്രക്ഷോഭമാണ് ബംഗ്ലാദേശിൽ വലിയ കലാപമായി മാറിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പടർന്ന ഈ പ്രതിഷേധം ഒടുവിൽ അവാമി ലീഗ് സർക്കാരിന്റെ പതനത്തിലാണ് കലാശിച്ചത്.


