കൊച്ചി: ജൂണ്‍ 12-ന് രാജ്യം നടുങ്ങിയ അഹമ്മദാബാദ് വിമാന അപകടത്തിന്റെ ചുരുളുകള്‍ ഓരോന്നായി അഴിയുന്നു. 425 അടി ഉയരത്തില്‍ നിന്ന് എയര്‍ ഇന്ത്യയുടെ ഡ്രീംലൈനര്‍ വിമാനം (VT-ANB) തകര്‍ന്നു വീഴാന്‍ കാരണം പൈലറ്റുമാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്ന നിഗമനത്തിലേക്കാണ് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ ബ്ലൂംബെര്‍ഗും അപകടാന്വേഷണ സംഘവും വിരല്‍ ചൂണ്ടുന്നത്. വിമാനത്തിന്റെ എന്‍ജിനിലേക്കുള്ള ഇന്ധനപ്രവാഹം നിയന്ത്രിക്കുന്ന സ്വിച്ചുകള്‍ പൈലറ്റുമാരില്‍ ഒരാള്‍ തന്നെ ഓഫാക്കിയതാണ് ദുരന്തത്തിന് വഴിവെച്ചതെന്ന റിപ്പോര്‍ട്ടുകളെ വിലയിരുത്തുകയാണ് വ്യോമയാന നിരീക്ഷകനായ ജേക്ക്ബ് കെ ഫിലിപ്പ്.

ബ്ലാക്ക് ബോക്‌സ് പറയുന്നത് എന്ത്?

അപകടകാരണത്തെക്കുറിച്ച് പൈലറ്റ് സംഘടനകള്‍ നല്‍കുന്ന സാങ്കേതിക ന്യായങ്ങളെ തകിടം മറിക്കുന്ന വിവരങ്ങളാണ് ഡിജിറ്റല്‍ ഫ്‌ലൈറ്റ് ഡാറ്റാ റിക്കോര്‍ഡറില്‍ (Black Box) ഉള്ളത്. വിമാനം ഉയര്‍ന്ന് വെറും മൂന്ന് സെക്കന്‍ഡിനുള്ളില്‍ രണ്ട് എന്‍ജിനുകളും ഒരേസമയം ഓഫായി. 10 സെക്കന്‍ഡിന് ശേഷം ഇടത്തെ എന്‍ജിനും, 14 സെക്കന്‍ഡിന് ശേഷം വലത്തെ എന്‍ജിനും പൈലറ്റുമാര്‍ വീണ്ടും ഓണാക്കാന്‍ ശ്രമിച്ചു.

എന്നാല്‍ എന്‍ജിനുകള്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതിന് മുന്‍പേ വിമാനം താഴേക്ക് പതിച്ചു കഴിഞ്ഞിരുന്നു.

സാങ്കേതിക തകരാറോ മനുഷ്യസഹജമായ പിഴവോ?

കംപ്യൂട്ടര്‍ തകരാര്‍ മൂലം എന്‍ജിന്‍ തനിയെ ഓഫായതാണെന്ന വാദത്തെ വിദഗ്ധര്‍ തള്ളിക്കളയുകയാണ്. കംപ്യൂട്ടറാണ് ഇന്ധനപ്രവാഹം തടഞ്ഞതെങ്കില്‍, എന്‍ജിന്‍ സ്വിച്ചുകള്‍ 'ഓണ്‍' പൊസിഷനില്‍ തന്നെ തുടരുമായിരുന്നു. എന്നാല്‍ ബ്ലാക്ക് ബോക്‌സിലെ രേഖകള്‍ പ്രകാരം സ്വിച്ചുകള്‍ 'ഓഫ്' ചെയ്യുകയും പിന്നീട് വീണ്ടും 'ഓണ്‍' ആക്കുകയും ചെയ്തിട്ടുണ്ട്. ഇത് പൈലറ്റ് തന്നെ സ്വിച്ചുകളില്‍ സ്പര്‍ശിച്ചു എന്നതിന്റെ വ്യക്തമായ തെളിവാണ്.

പൈലറ്റ് സംഘടനകളുടെ സംരക്ഷണശ്രമം

അപകടം നടന്നത് മുതല്‍ പൈലറ്റുമാരുടെ സംഘടനയായ 'അല്‍പ ഇന്ത്യ'യും ചില സന്നദ്ധ സംഘടനകളും പൈലറ്റിനെ സംരക്ഷിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്. പൈലറ്റ് സുമീത് സഭര്‍വാള്‍ ബഹുസമര്‍ത്ഥനായ പൈലറ്റായിരുന്നുവെന്നും, നല്ല മനുഷ്യനായിരുന്നും, 91 വയസ്സായ പിതാവിനെ പൊന്നുപോലെ നോക്കുന്ന നല്ലൊരു മകനായിരുന്നു എന്നുമുള്ള വൈകാരികമായ വാദങ്ങളാണ് ഇവര്‍ ഉയര്‍ത്തുന്നത്. എന്നാല്‍ വിമാനത്തിന്റെ സാങ്കേതിക വിദ്യയെയും അന്വേഷണ റിപ്പോര്‍ട്ടുകളെയും മറികടക്കാന്‍ ഇത്തരം വൈകാരിക വാദങ്ങള്‍ക്കാവില്ലെന്ന് ജേക്കബ് കെ ഫിലിപ്പ് ചൂണ്ടിക്കാട്ടുന്നു.

കോര്‍ട്ട് ഓഫ് എന്‍ക്വയറി വേണമെന്ന വാശി എന്തിന്?

ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയെ (AAIB) വിശ്വാസത്തിലെടുക്കാതെ ഒരു കോര്‍ട്ട് ഓഫ് എന്‍ക്വയറി വേണമെന്ന ആവശ്യവുമായി ചിലര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. 2010-ലെ മംഗലാപുരം വിമാനാപകടം അന്വേഷിച്ച കോര്‍ട്ട് ഓഫ് എന്‍ക്വയറിയുടെ 'പിടിപ്പുകേട്' നമുക്ക് മുന്നിലുണ്ട്. അന്വേഷണം വഴിതിരിച്ചു വിടാനും പൈലറ്റുമാരെ വെള്ളപൂശാനുമുള്ള നീക്കമാണോ ഇതിന് പിന്നിലെന്ന സംശയവും ശക്തമാണ്.

ജേക്കബ് കെ ഫിലിപ്പിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

ജൂണ്‍ 12 ന് ഉച്ചയ്ക്ക് ഒന്നര കഴിഞ്ഞ് അഹമ്മദാബാദ് വിമാനത്താവള റണ്‍വേയില്‍ നിന്നുയര്‍ന്ന് 32 സെക്കന്‍ഡിനകം 425 അടിപ്പൊക്കത്തില്‍ നിന്ന് എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനം വിടി-എഎന്‍ബി വീണു തകര്‍ന്നതിനു കാരണം, പൈലറ്റുമാരിലൊരാള്‍ (മിക്കവാറും പൈലറ്റ്-ഇന്‍-കമാന്‍ഡ്) വിമാനത്തിന്റെ എന്‍ജിനുകളിലേക്കുള്ള ഇന്ധന പ്രവാഹം നിയന്ത്രിക്കുന്ന രണ്ടു സ്വിച്ചുകളും ഓഫാക്കിയതാണ് എന്ന നിഗമനത്തിലേക്കു തന്നെയാണ് അപകടാന്വേഷണം നീങ്ങുന്നതെന്ന ബ്ലൂംബര്‍ഗ് വാര്‍ത്താ എജന്‍സിയുടെ ഇന്നലത്തെ റിപ്പോര്‍ട്ട് ഒട്ടും അപ്രതീക്ഷിതമല്ല.

അപകടകാരണം ഇതു തന്നെയാണ് എന്ന്, കാര്യങ്ങള്‍ വസ്തുതാപരമായി വിലയിരുത്തുന്ന എല്ലാവര്‍ക്കും കൃത്യമായി മനസിലാകുന്നതായിരുന്നു, അപകടമുണ്ടായി ഒരു മാസമായപ്പോള്‍, ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്സിന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പുറത്തിറക്കിയ പ്രാഥമിക റിപ്പോര്‍ട്ട്.

പൊതുജനങ്ങളെ മാറ്റി നിര്‍ത്തിയാല്‍, ഇക്കാര്യം മനസിലാകാതിരുന്നവരില്‍ പ്രധാനികള്‍, അല്ലെങ്കില്‍ മനസിലായില്ലെന്ന് സ്വയം വിശ്വസിക്കാനും മറ്റുള്ളവരെ വിശ്വസിപ്പിക്കാനും കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരുന്നവരില്‍ പ്രധാനികള്‍, പൈലറ്റുമാരുടെ സംഘടനയായ എയര്‍ലൈന്‍ പൈലറ്റ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (അല്‍പ ഇന്ത്യ) തലപ്പത്തുള്ളവരായിരുന്നു.

മരിച്ചു പോയ പൈലറ്റ് ക്യാപ്റ്റന്‍ സുമീത് സഭര്‍വാളിന്റെ പിതാവ്, 91 വയസ്സുള്ള പുഷ്‌കരാജ് സഭര്‍വാളുമായി ചേര്‍ന്ന് സുപ്രീംകോടതിയില്‍ സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ട് കേസുകൊടുത്ത, സേഫ്റ്റി മാറ്റേഴ്സ് ഫൗണ്ടേഷനായിരുന്നു അടുത്തത്. ബോയിങ്ങിന്റെ വിമാനങ്ങളുടെ തകരാറാണ് കുഴപ്പമുണ്ടാക്കിയതെന്ന് ചൂണ്ടിക്കാണിച്ച് അമേരിക്കയില്‍ എന്‍ടിഎസ്ബിക്ക് പരാതി നല്‍കിയ ഫൗണ്ടേഷന്‍ ഫോര്‍ ഏവിയേഷന്‍ സേഫ്റ്റി എന്നീ വിദേശ സംഘടനയും, വിമാനം തകര്‍ന്നതില്‍ പൈലറ്റുമാര്‍ക്ക് പങ്കൊന്നുമില്ല എന്നു തന്നെയാണ് ഉറപ്പിച്ചു പറഞ്ഞു കൊണ്ടിരുന്നത്.

പൈലറ്റുമാരുടെ സംഘടനാ ഭാരവാഹികള്‍ ആവര്‍ത്തിച്ചു നല്‍കിയിരുന്ന ഒരു സാങ്കേതിക വിശദീകരണത്തിന്റെ ചുരുക്കം ഇതായിരുന്നു-

വിമാനത്തില്‍ ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ തകരാറുകള്‍ ഉണ്ടായിരുന്നതിനാല്‍, വിമാനത്തിന്റെ കംപ്യൂട്ടറുകള്‍, സുരക്ഷാ നടപടിയെന്ന നിലയില്‍ എന്‍ജിനുകളിലേക്കുള്ള ഇന്ധന ഒഴുക്ക് സ്വമേധയാ തടഞ്ഞു- അഥവാ, എന്‍ജിനുകളുടെ പ്രവര്‍ത്തനം നിര്‍ത്തി. ഇന്ധന നിയന്ത്രണ സ്വിച്ചുകളെ മറികടന്നായിരുന്നു, ഈ ഓഫാക്കല്‍.

ഇങ്ങിനെ, സ്വന്തം തോന്നലുകളനുസരിച്ച് എന്‍ജിന്‍ ഓഫാക്കിയ ചരിത്രം ഇത്തരം വിമാനങ്ങളിലെ കംപ്യൂട്ടറുകള്‍ക്കുണ്ട്. കംപ്യൂട്ടര്‍ ഓഫാക്കിയ എന്‍ജിന്‍ പൈലറ്റുമാര്‍ വീണ്ടും ഓണ്‍ ചെയ്യുകയായിരുന്നു, യഥാര്‍ഥത്തില്‍ സംഭവിച്ചത്. പക്ഷേ, എന്‍ജിനുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചുവരാന്‍ സമയമെടുത്തതിനാല്‍, വിമാനം വീണു, തകര്‍ന്നു.ഈ വാദത്തിനു പക്ഷേ വലിയൊരു കുഴപ്പമുണ്ട്.

എന്‍ജിന്‍ ഓഫാക്കലിന്റെയും ഓണാക്കലിന്റെയും, ഡിജിറ്റല്‍ ഫൈറ്റ് ഡാറ്റാ റിക്കോര്‍ഡര്‍ എന്ന ബ്ലാക്ക് ബോക്സിലുണ്ടായിരുന്നതെന്ന് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്ന രേഖകള്‍ ഇവയായിരുന്നു-

1. വിമാനം ടേക്കോഫു ചെയ്തു കഴിഞ്ഞ് മൂന്നു സെക്കന്‍ഡു കഴിയുമ്പോള്‍, അതായത്, ഒരു മണി കഴിഞ്ഞ് 38 മിനിറ്റും 42 സെക്കന്‍ഡുമായപ്പോള്‍ രണ്ട് എന്‍ജിനുകളും ഏകദേശം ഒരുമിച്ച് ഓഫാകുന്നു.

2. ഓഫായിക്കഴിഞ്ഞ് പത്തു സെക്കന്‍ഡിനു ശേഷം ഇടത്തേ എന്‍ജിന്‍ ഓണാകുന്നു. പതിന്നാലു സെക്കന്‍ഡു കഴിഞ്ഞ് വലത്തേ എന്‍ജിനും ഓണാകുന്നു.

ഓരോ എന്‍ജിനും ഒരു ഓഫാക്കലും ഒരു ഓണാക്കലും മാത്രം.

ഇനി, കംപ്യൂട്ടര്‍ സ്വമേധയാ എന്‍ജിന്‍ ഓഫാക്കുകയായിരുന്നെങ്കിലോ? എന്‍ജിന്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് മനസ്സിലാക്കുന്ന പൈലറ്റുമാര്‍, എന്‍ജിന്‍ റീസ്റ്റാര്‍ട്ടു ചെയ്യാന്‍ ശ്രമിക്കും. എന്നാല്‍, ഇവിടെ, സ്വിച്ചില്‍ തൊടാതെ, കംപ്യൂട്ടര്‍ നേരിട്ട് ഇന്ധന പ്രവാഹം നിര്‍ത്തിയതായതിനാല്‍, സ്വിച്ചുകള്‍ ഓണ്‍ എന്ന നിലയില്‍ തന്നെയാവും. എന്‍ജിന്‍ റീ-സ്റ്റാര്‍ട്ട് ചെയ്യണമെങ്കില്‍ രണ്ടു സ്വിച്ചും ഓഫ് പൊസിഷനിലാക്കി വീണ്ടും ഓണ്‍ പൊസിഷനിലേക്കു മാറ്റേണ്ടി വരുമെന്നര്‍ഥം.

അപ്പോള്‍ ബ്ലാക്ക് ബോക്സില്‍ രേഖപ്പെടുത്തപ്പെടുന്ന കാര്യങ്ങള്‍ ഇവയാവും-

1. എന്‍ജിന്‍ രണ്ടും പ്രവര്‍ത്തിക്കാതാകുന്നു ( കംപ്യൂട്ടറിന്റെ പണി)

2. എന്‍ജിന്‍ സ്വിച്ചുകള്‍ രണ്ടും ഓണ്‍ പൊസിഷനില്‍ നിന്ന് ഓഫ് പൊസിഷനിലേക്ക് (പൈലറ്റ്)

3. എന്‍ജിന്‍ സ്വിച്ചുകള്‍ വീണ്ടും ഓഫ് പൊസിഷനില്‍ നിന്ന് ഓണ്‍ പൊസിഷനിലേക്ക്. (പൈലറ്റ്)

ഈ മൂന്നു കാര്യങ്ങളും ഫ്ളൈറ്റ് ഡാറ്റാ റിക്കോര്‍ഡറില്‍ ഇല്ലാത്തിടത്തോളം കാലം, എയര്‍ ഇന്ത്യാ വിമാനം അഹമ്മദാബാദില്‍ വീഴാന്‍ കാരണം, ഇന്ധന സ്വിച്ചുകള്‍ പൈലറ്റുമാര്‍ ഓഫാക്കിയതാവാനാണ് സാധ്യത, എന്നു മനസിലാക്കാന്‍ സാധാരണ യുക്തിയുടെ പിന്‍ബലം മാത്രം മതി- പൈലറ്റ് ട്രെയിനിങ്ങോ, പൈലറ്റ് സംഘടനയുടെ ഭാരവാഹിത്വമോ വേണ്ട.വിമാനം വീണതില്‍ പൈലറ്റുമാര്‍ക്ക് പങ്കില്ല എന്നു തെളിയിക്കാന്‍ പൈലറ്റ് സംഘനടയും മേല്‍പ്പറഞ്ഞ സന്നദ്ധ സംഘടനകളും ആവര്‍ത്തിക്കുന്ന വേറെ ന്യായങ്ങളുമുണ്ട്-

- ക്യാപ്റ്റന്‍ സുമീത് ബഹുസമര്‍ത്ഥനായ പൈലറ്റായിരുന്നു.

- ക്യാപ്റ്റന്‍ സുമീത് നല്ല മനുഷ്യനായിരുന്നു

-ക്യാപ്റ്റന്‍ സുമീത്, 91 വയസ്സായ പിതാവിനെ പൊന്നുപോലെ നോക്കുന്ന നല്ലൊരു മകനായിരുന്നു.

എന്തു പറയാന്‍!


രാജ്യാന്തര വ്യോമഗതാഗത സംഘനടയുടെ ചട്ടങ്ങളനുസരിച്ച് രൂപീകൃതമായ ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്സഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയെ മാറ്റി നിര്‍ത്തി, കോര്‍ട്ട് ഓഫ് എന്‍ക്വയറിയെ അന്വേഷണ ചുമതല ഏല്‍പ്പിക്കണമെന്ന വാദവും കോടതിയിലെത്തിയെന്നു വായിക്കുമ്പോള്‍ ഓര്‍മ്മ വരുന്നത് മംഗലാപുരം അപകടാന്വേഷണമാണ്. ഇന്ത്യയില്‍ കോര്‍ട്ട് ഓഫ് ഇന്‍ക്വയറി അന്വേഷിച്ച അവസാനത്തെ വന്‍ വിമാനാപകടമായിരുന്നു 2010 മെയിലെ എയര്‍ ഇന്ത്യാ എക്സ്പ്രസ് ദുരന്തം.- ഒരു എയര്‍ക്രാഷ് അന്വേഷണം എത്രമാത്രം പിടിപ്പുകെട്ടതും തോന്നിയതുപോലെയുള്ളതും ആകാമെന്നതിന് ഉത്തമോദാഹരണവുമായിരുന്നു ആ അന്വേഷണം.