മുംബൈ: എയര്‍ഇന്ത്യ പൈലറ്റിനെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്തായ ഡല്‍ഹി സ്വദേശി അറസ്റ്റില്‍. ഗോരഖ്പുര്‍ സ്വദേശിനിയായ സൃഷ്ടി തുലിയെ (25) മുംബൈയിലെ അന്ധേരിയിലെ താമസസ്ഥലത്താണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയാണ് ആണ്‍ സുഹൃത്ത് ഡല്‍ഹി സ്വദേശിയായ ആദിത്യ പണ്ഡിറ്റിനെ (27) പോലീസ് അറസ്റ്റുചെയ്തത്. യുവതിയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി കുടുംബം ആരോപിച്ചു.

ആദിത്യ കൊലപ്പെടുത്തിയതാണെന്നും മരണം ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് കുടുംബം പറയുന്നത്. ആദിത്യ പൊതുസ്ഥലത്തുവെച്ച് സൃഷ്ടിയെ അപമാനിച്ചുവെന്നും മാംസാഹാരം കഴിക്കുന്നതില്‍നിന്ന് വിലക്കിയെന്നുമാണ് കുടുംബത്തിന്റെ ആരോപണം. സമഗ്രമായ അന്വേഷണം വേണമെന്നും പോലീസിനോട് കുടുംബം ആവശ്യപ്പെട്ടു. അന്ധേരി ഈസ്റ്റിലെ മാറോല്‍ പോലീസ് കാംപിന് പിന്നിലായുള്ള വാടക ഫ്ളാറ്റിലാണ് സൃഷ്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആദിത്യയുടെ പീഡനത്തില്‍ സൃഷ്ടി മാനസികമായി തകര്‍ന്നിരുന്നുവെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു.

ആദിത്യ മുംബൈയിലെ സൃഷ്ടിയുടെ താമസസ്ഥലത്ത് വരാറുണ്ടായിരുന്നു. ഞായറാഴ്ച ജോലി കഴിഞ്ഞെത്തിയ സൃഷ്ടിയും ആദിത്യയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പിന്നാലെ ആദിത്യ ഡല്‍ഹിയിലേക്ക് തിരിച്ചു. ആദിത്യയെ ഫോണില്‍ വിളിച്ച സൃഷ്ടി, താന്‍ ആത്മഹത്യചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. പിന്നാലെ ആദിത്യ സൃഷ്ടിയുടെ താമസസ്ഥലത്തേക്ക് തിരിച്ചു. വാതില്‍ അകത്തുനിന്ന് പൂട്ടിയതായി മനസിലാക്കിയ ആദിത്യ, പകരം താക്കോല്‍ എത്തിച്ച് വാതില്‍ തുറന്നു. ചലനമറ്റുകിടക്കുന്ന സൃഷ്ടിയെ കണ്ട് പോലീസിനെ വിവരം അറിയിച്ചു. ആദിത്യ തന്നെ സൃഷ്ടിയെ സ്വകാര്യ ആശുപത്രയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിന്നാലെ ഇക്കാര്യം കുടുംബത്തേയും പോലീസിനേയും അറിയിച്ചുവെന്നുമാണ് അറസ്റ്റിലായ പ്രതി മൊഴി നല്‍കിയത്.

ആദിത്യ പണ്ഡിറ്റ് യുവതിയോട് നിരന്തരം മോശമായി പെരുമാറാറുണ്ടായിരുന്നെന്ന് പ്രഥമവിവരറിപ്പോര്‍ട്ട്. സൃഷ്ടിയെ ആദിത്യ നിയന്ത്രിക്കാന്‍ ശ്രമിക്കാറുണ്ടായിരുന്നു. ആദിത്യയുടെ സഹോദരിയുടെ വിവാഹനിശ്ചയത്തില്‍ പങ്കെടുക്കാത്തതിനെത്തുടര്‍ന്ന് പത്തുദിവസത്തോളം പിണങ്ങിയെന്നും എഫ്.ഐ.ആറിലുണ്ട്. സൃഷ്ടിയുടെ അമ്മാവനെ ഉദ്ധരിച്ചാണ് ഇക്കാര്യങ്ങള്‍ എഫ്.ഐ.ആറില്‍ പറയുന്നത്. സൃഷ്ടിയുടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമാണ് ഇക്കാര്യങ്ങള്‍ തന്നോട് വെളിപ്പെടുത്തിയതെന്നും അമ്മാവന്‍ വിവേക് കുമാര്‍ തുലി പറഞ്ഞു. ആദിത്യയുടെ മോശം പെരുമാറ്റം സൃഷ്ടിയെ മാനസികമായി തകര്‍ത്തുവെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

ഡല്‍ഹിയില്‍ കൊമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് ട്രെയിനിങ്ങിനിടെയാണ് രണ്ടു വര്‍ഷം മുമ്പ് ആദിത്യയും സൃഷ്ടിയും തമ്മില്‍ പരിചയപ്പെടുന്നത്. ഡല്‍ഹിയിലെ ദ്വാരകയിലായിരുന്നു ഇക്കാലത്ത് സൃഷ്ടി താമസിച്ചിരുന്നത്. ട്രെയിനിങ്ങിനുശേഷം കഴിഞ്ഞവര്‍ഷം ജൂണിണ്‍ എയര്‍ഇന്ത്യയില്‍ ജോലി ലഭിച്ച സൃഷ്ടി മുംബൈയിലേക്ക് താമസം മാറി. അതേസമയം, പൈലറ്റ് യോഗ്യതാപരീക്ഷയെഴുതിയ ആദിത്യ പരാജയപ്പെട്ടു.

ആദിത്യ പരസ്യമായി സൃഷ്ടിയെ ശാസിക്കുന്നത് പതിവായിരുന്നു. ഒരു പാര്‍ട്ടിയില്‍വെച്ച് മാംസാഹാരം കഴിച്ചതിന് ആദിത്യ സൃഷ്ടിയോട് കലഹിച്ചു. മേലില്‍ നോണ്‍-വെജ് ഭക്ഷണം കഴിക്കരുതെന്ന് താക്കീത് ചെയ്തു. ആദിത്യ സൃഷ്ടിയെ ഒരുപാട് ദ്രോഹിച്ചുവെന്നും എന്നിട്ടും സൃഷ്ടി ഇയാളെ സ്നേഹിച്ചുവെന്നും അമ്മാവന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഞായറാഴ്ച ജോലി കഴിഞ്ഞ് സൃഷ്ടി ഫ്ളാറ്റില്‍ എത്തിയതായി സി.സി.ടി.വിയില്‍നിന്ന് വ്യക്തമായി. ആദിത്യയുമായി വഴക്കിടുന്നതിന് മുമ്പ് അമ്മയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഈ സമയത്ത് സൃഷ്ടി ശാന്തമായാണ് സംസാരിച്ചിരുന്നതെന്നും അമ്മാവന്‍ പറഞ്ഞു.

ആദിത്യ മയക്കുമരുന്ന് നല്‍കി സൃഷ്ടിയെ കൊന്നതാവാമെന്നാണ് സംശയിക്കുന്നതെന്ന് അമ്മാവന്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. സൃഷ്ടിയുടെ അക്കൗണ്ടില്‍നിന്ന് ആദിത്യ പണം പിന്‍വലിക്കാറുണ്ടായിരുന്നു. അവന്‍ സൃഷ്ടിയെ ബ്ലാക്മെയില്‍ ചെയ്യുകയായിരുന്നുവെന്ന് സംശയമുണ്ട്. ചില സംശയാസ്പദമായ ഇടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ വിവരങ്ങള്‍ പോലീസിന് ഉടന്‍ കൈമാറുമെന്നും വിവേക് കുമാര്‍ തുലി കൂട്ടിച്ചേര്‍ത്തു.

കോടതിയില്‍ ഹാജരാക്കിയ ആദിത്യയെ നാലുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. സൃഷ്ടിയുടെ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. കുടുംബത്തിന്റേയും അടുത്ത സുഹൃത്തുക്കളുടേയും സഹപ്രവര്‍ത്തകരുടേയും കൂടെത്താമസിക്കുന്നവരുടേയും മൊഴി രേഖപ്പെടുത്തിയതായി പോലീസ് പറഞ്ഞു.

ഗോരഖ്പുരില്‍നിന്നുള്ള ആദ്യ വനിതാ പൈലറ്റാണ് സൃഷ്ടി. മുഖ്യമന്ത്രി അവളെ ആദരിച്ചിരുന്നു. ഗോരഖ്പുരില്‍ സംസ്‌കാരച്ചടങ്ങില്‍ നൂറുകണക്കിനുപേര്‍ പങ്കെടുത്തുവെന്നും വിവേക് കുമാര്‍ പറഞ്ഞു. സൈനിക കുടുംബമാണ് സൃഷ്ടിയുടേത്. മുത്തച്ഛന്‍ നരേന്ദ്രകുമാര്‍ തുലി 1971-ലെ ഇന്ത്യ- പാകിസ്താന്‍ യുദ്ധത്തില്‍ വീരമൃതുവരിച്ചിരുന്നു. അമ്മാവനും സൈന്യത്തില്‍ ജോലി ചെയ്തിരുന്നു.