അഹമ്മദാബാദ്: അമ്മദാബാദ് വിമാനാപകടം ഉണ്ടായതിന് തൊട്ടു പിന്നാലെ തന്നെ അതിന്റെ കാരണങ്ങളുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളും ഉയര്‍ന്നിരുന്നു. ഇതില്‍ ഒരു വാദം വിമാനത്തിലെ പ്രധാന പൈലറ്റായ സുമീത് സബര്‍വാളിനെ ചുറ്റിപ്പറ്റി ആയിരുന്നു. വിമാനത്തിന്റെ രണ്ട് എന്‍ജിനുകളും ഓഫായതിന് പിന്നില്‍ സബര്‍വാള്‍ ആയിരുന്നു എന്നും അദ്ദേഹം കടുത്ത മാനസിക സംഘര്‍ഷത്തിലാണ് കഴിഞ്ഞിരുന്നത് എന്നും വാര്‍ത്തകള്‍ വന്നിരുന്നു. 8200 മണിക്കൂര്‍ വിമാനം പറത്തി മുന്‍ പരിചയമുള്ള പ്രഗത്ഭനായ പൈലറ്റായിരുന്നു സബര്‍വാള്‍.

അങ്ങനെയുള്ള ഒരു വ്യക്തി ഇത്തരത്തില്‍ ഒരു കടുംകൈ ചെയ്യുമോ എന്ന് പലരും സംശയവും ഉന്നയിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന് എതിരായ എല്ലാ വാദങ്ങളേയും തള്ളിക്കളയുന്ന രീതിയിലുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സബര്‍വാള്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സബര്‍വാള്‍ വീട്ടില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് പറഞ്ഞ ഒരു കാര്യം ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. എന്റെ അച്ഛനെ നന്നായി നോക്കിക്കോളണം ഞാന്‍ ഉടനെ തിരിച്ചു വരും എന്നായിരുന്നു സുരക്ഷാ

ജീവനക്കാരനോട് സബര്‍വാള്‍ പറഞ്ഞത്.

അദ്ദേഹത്തിന്റെ 90 വയസ് പിന്നിട്ട അച്ഛന്‍ ഇവിടെയാണ് താമസിച്ചിരുന്നത്. വിമാനത്തില്‍ കയറുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് സബര്‍വാള്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള ഒരാള്‍ എങ്ങനെയാണ് വിമാനം അപകടപ്പെടുത്താന്‍ ശ്രമിക്കുക എന്നാണ് പലരും

ചോദിക്കുന്നത്. അദ്ദേഹം വളരെ സൗമ്യനായ മനുഷ്യനും പ്രതഗ്ഭനായ പൈലറ്റും ആയിരുന്നു എന്നാണ് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും പറയുന്നത്. എപ്പോഴും ചിരിച്ചു കൊണ്ട് വിനയത്തോടെയാണ് സബര്‍വാള്‍ ഇടപെടുന്നതെന്നും അവര്‍ ഓര്‍ക്കുന്നു. കര്‍ക്കശക്കാരന്‍ അല്ലെങ്കിലും ജോലിയുടെ കാര്യത്തില്‍ അദ്ദേഹം വിട്ടുവീഴ്ചക്ക് തയ്യാറല്ലായിരുന്നു എന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

മൂന്ന് വര്‍ഷം മുമ്പ് അമ്മ മരിച്ചത് സബര്‍വാളിനെ ഏറെ ദുഖിപ്പിച്ചിരുന്നു. പിന്നീട് ഭാര്യയുമായി വേര്‍പിരിഞ്ഞ അദ്ദേഹം അച്ഛനോടൊപ്പം ആയിരുന്നു താമസിച്ചിരുന്നത്. ഇതിനായി അദ്ദേഹം ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് താമസം മാറുകയായിരുന്നു. അമ്മയുടെ മരണത്തിന് ശേഷം സബര്‍വാളിന്റെ മാനസികനില മോശമായിരുന്നതായി ചിലര്‍ വെളിപ്പെടുത്തിയിരുന്നു. അച്ഛനെ പരിചരിക്കുന്നതിനാിയ ജോലിയില്‍ നിന്ന് വി.ആര്‍.എസ് എടുക്കുന്നതിനെ കുറിച്ചും അദ്ദേഹം ചിന്തിച്ചിരുന്നതായി പറയപ്പെടുന്നു.

അച്ഛനോട് അഗാധ സ്നേഹം ഉണ്ടായിരുന്ന സബര്‍വാള്‍ അദ്ദേഹത്തെ സമയം കിട്ടുമ്പോള്‍ കാണാന്‍ വരുമായിരുന്നു എന്നും നടക്കാനായി പുറത്തു കൊണ്ട് പോകുമായിരുന്നു എന്നുമാണ് ഫ്ളാററിലെ സുരക്ഷാ ജീവനക്കാരനും വെളിപ്പെടുത്തിയത്. അതേസമയം അഹമ്മദാബാദ് വിമാനദുരന്തത്തില്‍, വിമാനത്തിന്റെ സീനിയര്‍ പൈലറ്റ് സംശയ നിഴലിലാക്കിയാണ് പാശ്ചാത്യ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നത്. വാള്‍ സ്ട്രീറ്റ് ജേണലാണ് ഫ്യുവല്‍ സ്വിച്ച് കട്ട് ചെയ്തത് സീനിയര്‍ പൈലറ്റ് സുമീത് സബര്‍വാളാണെന്ന വാര്‍ത്ത റിപ്പോര്‍ടജ്ടു ചെയ്തിരുന്നത്.

രാജ്യം നടുങ്ങിയ അഹമ്മദാബാദ് വിമാനാപകടത്തില്‍ സംശയങ്ങള്‍ ബാക്കിനിര്‍ത്തിയാണ് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സാങ്കേതികവശങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിനൊപ്പം പൈലറ്റുമാരുടെ സംഭാഷണമടക്കം എടുത്തുപറഞ്ഞുള്ള റിപ്പോര്‍ട്ട് വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട് സുതാര്യമല്ലെന്നും പൈലറ്റുമാരുടെ തലയില്‍ പഴിചാരാനാണ് ശ്രമമെന്നും എയര്‍ലൈന്‍ പൈലറ്റ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രതികരിച്ചിരുന്നു. പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിഗമനങ്ങളിലേക്കെത്തരുതെന്നും അന്തിമറിപ്പോര്‍ട്ടിന് കാത്തിരിക്കാമെന്നുമാണ് വ്യോമയാന മന്ത്രി കെ. രാംമോഹന്‍ നായിഡുവിന്റെ പ്രതികരണം.അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനം ജൂണ്‍ 12-നാണ് 242 യാത്രക്കാരുമായി പറന്നുയരവേ വിമാനത്താവളത്തിനുസമീപം തകര്‍ന്നുവീണത്.