തിരുവനന്തപുരം: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎം തോല്‍വിക്ക് കാരണം ശബരിമല കൂടിയാണ്. സ്ത്രീ പ്രവേശന വിധിയിലെ നിലപാടുകള്‍ സിപിഎം അണികളെ പോലും പാര്‍ട്ടിയില്‍ നിന്നകത്തി. ഇതിന് സമാനമായി 2024ലും ഗൂഡാലോചന നടന്നോ? ഈ സംശയം പോലീസിലെ സ്‌പെഷ്യല്‍ ബ്രാഞ്ചിനുമുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ശബരിമല വിവാദം ആളികത്തിക്കാന്‍ ശ്രമം നടന്നുവെന്ന സൂചനകളാണ് ഈ റിപ്പോര്‍ട്ടിലുള്ളത്.

കഴിഞ്ഞ തീര്‍ഥാടനക്കാലത്ത് ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിലുണ്ടായ വീഴ്ചയ്ക്കുകാരണം എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിന്റെ കടുംപിടുത്തത്തോടെയുള്ള തീരുമാനങ്ങളെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി. എന്നനിലയില്‍ അജിത്കുമാര്‍ ശബരിമലയില്‍ അമിതാധികാരം പ്രയോഗിച്ചെന്നാണ് റിപ്പോര്‍ട്ട്. ഭക്തരെ മര്‍ദ്ദിക്കുന്നത് അടക്കം ഈ ഘട്ടത്തില്‍ ചര്‍ച്ചയായി. ഈ വിവാദ സമയത്ത് മലപ്പുറം മുന്‍ എസ് പി സുജിത് ദാസും ശബരിമലയില്‍ ഉണ്ടായിരുന്നു. പുണ്യം പൂങ്കാവനം അട്ടിമറിച്ചതും കഴിഞ്ഞ സീസണിലാണ്. ഇപ്പോള്‍ എഡിജിപി റാങ്കിലുള്ള പി വിജയനോടുള്ള പ്രതികാരമായിരുന്നു പുണ്യം പൂങ്കാവനം അട്ടിമറിക്ക് കാരണമായത്. ഇതിനെല്ലാം പിന്നില്‍ ഗൂഡാലോചനാ വാദം ഇപ്പോള്‍ ഉയരുകയാണ്.

മുന്‍കാലങ്ങളില്‍ മകരവിളക്കിനോട് അടുത്തദിവസങ്ങളില്‍ 1.12 ലക്ഷം തീര്‍ഥാടകര്‍വരെ പതിനെട്ടാംപടി കയറിയിരുന്നു. കഴിഞ്ഞതവണ ദിവസവും 60,000 പേരെ കയറ്റിയാല്‍ മതിയെന്ന് പോലീസ് നിര്‍ബദ്ധം പിടിച്ചു. പിന്നീടത് 70,000 ആക്കിയെങ്കിലും പാളിച്ചകള്‍ തുടര്‍ന്നു. കാനനപാതകളിലും തടഞ്ഞുവെച്ചതോടെ തീര്‍ഥാടകര്‍ മണിക്കൂറുകളോളം നരകിച്ചു. ദിവസവും ഒരുലക്ഷം പേരെയെങ്കിലും അനുവദിക്കണമെന്നായിരുന്നു ഭക്തജനസംഘടനകള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പോലീസ് ഇത് അംഗീകരിച്ചില്ല. ദേവസ്വവും പോലീസും തമ്മില്‍ തര്‍ക്കമായി. ഇതിനെല്ലാം പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയുണ്ടോ എന്ന സംശയമാണ് ഉയരുന്നത്.

ദേവസ്വംബോര്‍ഡിനെ കുറ്റപ്പെടുത്തിയാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ഓണ്‍ലൈന്‍യോഗത്തില്‍ എ.ഡി.ജി.പി. സംസാരിച്ചത്. ഈ ആരോപണത്തില്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റും ഉദ്യോഗസ്ഥരും അപ്പോള്‍ത്തന്നെ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. എന്നിട്ടും പോലീസിന് വീഴ്ചയുണ്ടായില്ലെന്ന നിലപാടായിരുന്നു അന്നത്തെ ദേവസ്വംമന്ത്രിക്ക്. ശബരിമലയില്‍ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത പോലീസ് ഇടപെടലായിരുന്നു കഴിഞ്ഞ തീര്‍ഥാടനക്കാലത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദേവസ്വം പ്രസിഡന്റ് പ്രശാന്തും ഇതിനെ എതിര്‍ത്തു. അങ്ങനെ ശബരിമല ചര്‍ച്ചയായി. പക്ഷേ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ പ്രതിസന്ധി കണക്കിലെടുത്ത ആരേയും പിണക്കാതെ മുഖ്യമന്ത്രി മുമ്പോട്ട് പോയി.

ശബരിമലയിലും പമ്പയിലും എ.ഡി.ജി.പിയുടെ പ്രത്യേക താത്പര്യത്തിന് ഉദ്യോഗസ്ഥരെയും പോലീസുകാരെയും നിയോഗിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. പമ്പയില്‍ ദേവസ്വംബോര്‍ഡ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഒരുക്കിയ പാര്‍ക്കിങ് സംവിധാനം എ.ഡി.ജി.പി. നിയന്ത്രണത്തിലാക്കി. സന്നിധാനം ഗസ്റ്റ് ഹൗസിലെ ഒരു മുറിയും എ.ഡി.ജി.പി. അധീനതയിലാക്കിയെന്നും ആരോപണമുയര്‍ന്നിരുന്നു. അടുത്ത തീര്‍ഥാടനത്തിന് ദിവസവും 80,000 പേരെയെങ്കിലും സന്നിധാനത്ത് പ്രവേശിപ്പിക്കണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്.

എഡിജിപി അജിത് കുമാറിന് ബിജെപി ചായ്വുണ്ടെന്ന ആരോപണങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ നേരത്തെ രംഗത്തു വന്നിരുന്നു. അജിത് കുമാര്‍ ബിജെപിയുടെ ആളാണെന്നാണ് ചിലര്‍ പറയുന്നത്. ഇത് തെറ്റാണെന്ന് ഏതൊരു മലയാളിക്കും മനസിലാകുന്ന കാര്യമാണ്. ശബരിമലയില്‍ പ്രക്ഷോഭം നടന്നപ്പോള്‍ ഭക്തരെ തല്ലിയൊതുക്കാന്‍ അജിത് കുമാര്‍ അവിടെ ഉണ്ടായിരുന്നു. ഒരു തരത്തിലും ഇതിനെ ന്യായീകരിക്കാനാകില്ല. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് ചിലര്‍ ബിജെപിയെ ഇതിലേക്ക് വലിച്ചിടുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

അജിത് കുമാറിന്റെ അധോലോക ബന്ധവും ഇടപാടുകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. 15 കോടി വില വരുന്ന വസ്തുവിലാണ് മൂന്നുനില വീട് പണിയുന്നതെന്ന് പുറത്തുവന്ന കണക്കുകളില്‍ വ്യക്തമാണ്. എവിടെ നിന്നാണ് ഇത്രയും വലിയ വരുമാനം അദ്ദേഹത്തിന് ലഭിക്കുന്നത്. അദ്ദേഹത്തിന്റെ പൈതൃക സ്വത്താണോ ഈ വരുമാനം. രാജാവ് നഗ്‌നനാണെന്ന് വിളിച്ച് പറയാന്‍ തന്റേടമുള്ള ആളുകള്‍ ഇന്നും കേരളത്തിലുണ്ട്. എല്ലാവരെയും നിശബ്?ദരാക്കാന്‍ പിണറായി വിജയന് സാധിക്കില്ല. ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആളാണ് സുരേഷ് ?ഗോപി. അഴിമതിക്കാര്‍ക്കും അധോലോക സംഘങ്ങള്‍ക്കും കള്ളക്കടത്തുകാര്‍ക്കും കൂട്ടുപിടിക്കുന്ന ആളല്ല അദ്ദേഹമെന്നും വി മുരളീധരന്‍ പറഞ്ഞു.