ആലപ്പുഴ: കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടലില്‍ നിന്ന് വിട്ടമാറാതെയാണ് എല്ലാവരും. അതി ഭയാനകമായ അപകടത്തില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ഥികളുടെ ജീവനാണ് നഷ്ടമായത്. ഒട്ടും പ്രതീക്ഷിക്കാതെ പെട്ടെന്നുണ്ടായ അപകടത്തിന്റെ ഭീകരതിയിലാണ് കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍.

പെട്ടെന്ന് ഉണ്ടായ അപകടമായിരുന്നു. ഒന്നും ചെയ്യാനാകാത്ത അവസ്ഥ. ആ അപകടത്തില്‍ ഉള്ളില്‍ നിന്ന് പുറത്ത് കടക്കാനാകാതെ ഇപ്പോഴും ഞെട്ടലിലാണ് ബസ് ഡ്രൈവര്‍ രാജീവും കണ്ടക്ടര്‍ മനേഷും. ഓരോ നിമിഷവും ആ ദുരന്തത്തിന്റെ ദൃശ്യമാണ് അവരുടെ മനസ്സില്‍ മിന്നിമറയുന്നത്. ഇപ്പോഴും ആ ദുരന്തം മനസ്സില്‍ കിടക്കുകയാണെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ രാജീവന്‍ പറഞ്ഞു.

മറ്റൊരു വണ്ടിയെ ഓവര്‍ടേക്ക് ചെയ്ത് വരുന്നതാണ് കണ്ടത്. ഓവര്‍ ടേക്ക് ചെയ്ത വണ്ടി വഴിയുടെ നടുവിലാണ് ഉണ്ടായിരുന്നത്. അപ്പോ തന്നെ ബസിന്റെ ബ്രേക്ക് ചവിട്ടി. എന്നാല്‍ നടുവിലുണ്ടായിരുന്ന വണ്ടി പെട്ടെന്നാണ് തിരിഞ്ഞ് ബസിലേക്ക് ഇടിച്ച് കയറിയത്. വണ്ടിയുടെ ഇടത് ഭാഗം ബസിന്റെ ഉള്ളിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ചവിട്ടി ഒതുക്കാന്‍ പരമാവധി നോക്കി. ബസില്‍ യാത്രക്കാരുള്ളതിനാല്‍ കൂടുതല്‍ ചവിട്ടിപിടിക്കാനും കഴിയില്ല. അവരുടെ സുരക്ഷ കൂടി നോക്കണം. ഡ്രൈവര്‍ പറഞ്ഞു. അപകടം നടന്നപ്പോള്‍ ബ്രേക്ക് ചവിട്ടയതിന്റെ ആഘാതത്തില്‍ സീറ്റില്‍ നിന്ന് തെറിച്ച് സ്റ്റിയറിങ്ങില്‍ ഇടിച്ചു. ടിക്കറ്റ് എടുത്ത് കൊണ്ടിരുന്ന കണ്ടക്ടര്‍ കമ്പിയില്‍ പോയി ഇടിച്ചു. ബസിലെ യാത്രക്കാര്‍ക്ക് ചിലരില്‍ പല്ല ഉള്‍പ്പെടെ പൊട്ടി പരിക്കേറ്റിട്ടുണ്ടെന്നും നടുക്കത്തില്‍ വിട്ടുമാറാതെ രാജീവന്‍ പറഞ്ഞു.

അപകടം നടക്കുമ്പോള്‍ ടിക്കറ്റ് എടുത്തുകൊണ്ടിരിക്കുയായിരുന്നു. ബസിന്റെ നടുവിലായിരുന്നു. ആലപ്പുഴയില്‍ നിന്ന് കയറിയ ആളുകള്‍ക്ക് ടിക്കറ്റ് നല്‍കുകയായിരുന്നു. അപ്പോഴാണ് അപകടമുണ്ടായതെന്ന് കണ്ടക്ടര്‍ മനേഷ് പറഞ്ഞു. പെട്ടെന്ന് ഒരു വണ്ടി പാഞ്ഞുവരുന്നതുപോലെയാണ് തോന്നിയത്. മഴയുണ്ടായിരുന്നതിനാല്‍ തെന്നി നിയന്ത്രണം വിട്ട് വന്നതാകാമെന്നാണ് കരുതുന്നത്. കാറിന്റെ ഇടത് ഭാഗം പൂര്‍ണമായും കെഎസ്ആര്‍ടിസിയിലേക്ക് ഇടിച്ചുകയറി. നാട്ടുകാര്‍ വലിയ രീതിയിലുള്ള രക്ഷാപ്രവര്‍ത്തനമാണ് നടത്തിയത്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത അപകടമാണ് നടന്നത്. ഇപ്പോഴും അതിന്റെ ഞെട്ടലിലാണെന്നും കണ്ടക്ടര്‍ മനേഷ് പറഞ്ഞു.

അതേസമയം, കളര്‍കോട്ടെ അപകടത്തിന് കാരണമായത് കനത്ത മഴയില്‍ ഡ്രൈവറുടെ കാഴ്ച മങ്ങിയതെന്നാണ് നിഗമനം. ഓവര്‍ടേക്ക് ചെയ്യുന്ന സമയത്താണ് അപകടമുണ്ടായത്. മരിച്ച അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെയും പോസ്റ്റ് മോര്‍ട്ടം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കുകയാണിപ്പോള്‍. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ പൊതുദര്‍ശനത്തിന് ശേഷമാകും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുക. പാലക്കാട് സ്വദേശി ശ്രീദേവ് വത്സന്‍, മലപ്പുറം കോട്ടക്കല്‍ സ്വദേശി ദേവനന്ദന്‍, കണ്ണൂര്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രിയായിരുന്നു ദാരുണമായ അപകടം. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്ന വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ് ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് വിദ്യാര്‍ത്ഥികളെ പുറത്ത് എടുത്തത്. കാറില്‍ 11 പേരുണ്ടായിരുന്നു. മറ്റു ആറു പേര്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ രണ്ട്‌പേരുടെ നില ഗുരുതരമാണ്. ബസ് യാത്രക്കാരായ രണ്ട് സ്ത്രീകളും ചികിത്സയിലുണ്ട്. വാടകയ്ക്ക് എടുത്ത ടവേര കാറിലായിരുന്നു സംഘം യാത്ര ചെയ്തത്.