- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വണ്‍, ടു, ത്രീ: കാപ്പ, കഞ്ചാവ്, വധശ്രമം; മലയാലപ്പുഴയില്‍ നിന്ന് ചേര്‍ന്നവരെല്ലാം ക്രിമിനല്‍ കേസ് പ്രതികള്‍; ന്യായീകരിച്ച് മടുത്ത് സിപിഎം നേതൃത്വം
പത്തനംതിട്ട: വണ്‍, ടു, ത്രീ…മലയാലപ്പുഴയില്‍ നിന്ന് സിപിഎമ്മില്‍ ചേര്‍ന്നവരെല്ലാം വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നുള്ള സത്യം ഒന്നിന് പിറകെ ഒന്നായി മറ നീക്കുന്നു. കാപ്പ കേസ് പ്രതി ശരണ്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ വന്ന 62 പേരില്‍ രണ്ടാമന് കഞ്ചാവ് കേസിലും മൂന്നാമന് വധശ്രമക്കേസിലും പ്രതിയാണ്. പോലീസ് രേഖകളില്‍ ഒളിവിലാണെന്ന് പറയുന്ന വധശ്രമക്കേസ് പ്രതിയെ ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ സിപിഎം ഏരിയാ സെക്രട്ടറി എം.വി. സഞ്ജുവാണ് പാര്‍ട്ടിയിലേക്ക് മാലയിട്ട് സ്വീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവമോര്‍ച്ച, ബിജെപി പ്രവര്‍ത്തകര്‍ എന്ന് അവകാശപ്പെടുന്ന 62 പേരെ കുമ്പഴ ലിജോ ഓഡിറ്റോറിയത്തില്‍ സിപിഎമ്മിലേക്ക് രക്തഹാരം അണിയിച്ച് സ്വീകരിച്ചത്. മന്ത്രി വീണാ ജോര്‍ജാണ് യോഗം ഉദ്ഘാടനം ചെയ്തത്. മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കാനും രക്തഹാരമിട്ട് ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കാനും മുന്നില്‍ നിന്നത് മന്ത്രിയായിരുന്നു. ഇതോടെ സിപിഎമ്മിന് ശനിദശ തുടങ്ങി. മന്ത്രി മാലയിട്ട് സ്വീകരിച്ചത് സ്ത്രീകളെ അടക്കം ആക്രമിച്ച കേസിലും കാപ്പ കേസിലും ഉള്‍പ്പെട്ട പ്രതി ശരണ്‍ ചന്ദ്രനെയാണെന്ന് ആദ്യം വാര്‍ത്ത വന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഇതിലൊരാളെ കഞ്ചാവുമായി പിടിയിലായി. മൂന്നാമന് ഒളിവിലുള്ള വധശ്രമക്കേസ് പ്രതിയാണെന്ന വിവരം ഇപ്പോഴാണ് പുറത്തു വരുന്നത്.
എസ്.എഫ്.ഐക്കാരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒളിവിലെന്ന് പോലീസ് പറയുന്ന നാലാം പ്രതി മലയാലപ്പുഴ സ്വദേശി സുധീഷിനെയാണ് മന്ത്രിയും സിപിഎം ജില്ലാ സെക്രട്ടറിയും ഏരിയാ സെക്രട്ടറിയുമൊക്കെ ചേര്‍ന്ന് മാലയിട്ട് സി.പി.എമ്മിലേക്ക് സ്വാഗതം ചെയ്തത്. ആകെ കുഴപ്പത്തിലായ ജില്ലാ സെക്രട്ടറി വീണ്ടും വിചിത്ര ന്യായവാദവുമായി വന്നിട്ടുണ്ട്. സുധീഷിന് എതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും വാദിയും പ്രതിയും ചേര്‍ന്ന് കോടതിയെ സമീപിച്ച് കേസ് പിന്‍വലിക്കുമെന്നും ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പ്രതികരിച്ചു.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് കേസിനാസ്പദമായ സംഭവം. പത്തനംതിട്ട ട്രിനിറ്റില് തീയറ്ററില്‍ സെക്കന്‍ഡ്് ഷോ സിനിമ കഴിഞ്ഞ് ഇറങ്ങിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ റിങ് റോഡില്‍ വെട്ടിപ്രം ഭാഗത്ത് സെല്‍ഫി എടുക്കുന്നതിനിടെ കാപ്പ കേസ് പ്രതി ശരണ്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ സുധീഷ് അടങ്ങുന്ന സംഘം മര്‍ദിക്കുകയും വടിവാള്‍ കൊണ്ട് വധിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി ശരണ്‍ ചന്ദ്രനെ കോടതി റിമാന്‍ഡ് ചെയ്തു. രണ്ടു മാസത്തിന് ശേഷം ഹൈക്കോടതിയില്‍ നിന്ന് ശരണിന് ജാമ്യം അനുവദിച്ചെങ്കിലും മറ്റുള്ള പ്രതികളെ അറസ്റ്റ് ചെയ്തിരുന്നില്ല. കേസില്‍ നാലാം പ്രതിയാണ് സുധീഷ്. ഇയാള്‍ ഒളിവിലാണെന്നാണ് പോലീസിന്റെ രേഖകളിലുള്ളത്. ഇയാള്‍ നാട്ടില്‍ വിലസുമ്പോഴാണ് ഒളിവിലാണെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്. ഒളിവിലുള്ള പ്രതി മന്ത്രി അടക്കമുള്ള പൊതുചടങ്ങില്‍ പങ്കെടുത്തുവെങ്കിലും പോലീസ് അനങ്ങിയില്ല.
പാര്‍ട്ടിയിലേക്ക് പുതുതായി വന്നവര്‍ക്ക് രാഷ്ട്രീയമായി ഒരു പാട് കേസുകള്‍ കാണുമെന്നും വാദിയും പ്രതിയും ചേര്‍ന്ന് കേസൊഴിവാക്കാന്‍ കോടതിയെ സമീപിച്ചിട്ടുണ്ടെന്നുമാണ് സി.പി.എം ജില്ലാ സെക്രട്ടിയുടെ ന്യായവാദം.